24 April Wednesday

പി ആൻഡ്‌ ടി കോളനിവാസികളുടെ 
ഭവനസമുച്ചയം 4 മാസത്തിനകം

വെബ് ഡെസ്‌ക്‌Updated: Saturday Nov 27, 2021


കൊച്ചി
ഗാന്ധിനഗർ പി ആൻഡ്‌ ടി കോളനിവാസികൾക്കായി മുണ്ടംവേലിയിലെ ജിസിഡിഎയുടെ സ്ഥലത്ത്‌ നിർമിക്കുന്ന ഭവനസമുച്ചയം നാലുമാസത്തിനുള്ളിൽ പൂർത്തിയാകും. ലൈഫ്‌ മിഷൻ ഭവനപദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണമാരംഭിച്ച അപ്പാർട്ട്‌മെന്റുകൾ 2022 മാർച്ചോടെ പി ആൻഡ്‌ ടി കോളനിവാസികൾക്ക്‌ കൈമാറാനാകുമെന്ന്‌ ജിസിഡിഎ സെക്രട്ടറി കെ വി  അബ്‌ദുൾ മാലിക്‌ പറഞ്ഞു. കോവിഡ്‌ വ്യാപനവും പ്രതികൂല കാലാവസ്ഥയും കാരണം നിർമാണപ്രവർത്തനങ്ങളിൽ അൽപ്പം കാലതാമസമുണ്ടായി. അതിനെയെല്ലാം അതിജീവിച്ച്‌ ഫ്ലാറ്റുകളുടെ നിർമാണം അതിവേഗം പുരോഗമിക്കുകയാണെന്നും ജിസിഡിഎ സെക്രട്ടറി പറഞ്ഞു.

കൊച്ചി കോർപറേഷൻ പ്രദേശത്ത്‌ എറ്റവും ദുരിതജീവിതം നയിക്കുന്ന ഗാന്ധിനഗർ കോളനിയിലെ 88 കുടുംബങ്ങൾക്കുവേണ്ടിയുള്ളതാണ്‌ പദ്ധതി.
കഴിഞ്ഞ 10 വർഷവും കോർപറേഷൻ ഭരിച്ച യുഡിഎഫ്‌, കോളനിവാസികൾക്കായി ഒരു പദ്ധതിയും ആവിഷ്‌കരിക്കാതിരുന്ന സാഹചര്യത്തിൽ എൽഡിഎഫ്‌ സർക്കാരാണ്‌ പുനരധിവാസത്തിന്‌ പദ്ധതി പ്രഖ്യാപിച്ചത്‌. ജിസിഡിഎ സൗജന്യമായി നൽകിയ 72 സെന്റ്‌ സ്ഥലത്ത്‌ 14.61 കോടി രൂപയ്‌ക്കാണ്‌ ഫ്ലാറ്റുകൾ നിർമിക്കുന്നത്‌. കഴിഞ്ഞവർഷമാണ്‌ നിർമാണമാരംഭിച്ചത്‌. തൃശൂർ ലേബർ കോൺട്രാക്‌ട്‌ സെസൈറ്റിക്കാണ്‌ നിർമാണ കരാർ. കോവിഡ്‌ വ്യാപനം കുറഞ്ഞതോടെ നിർമാണം  പുരോഗമിക്കുകയാണെന്ന്‌ തൃശൂർ ലേബർ കോൺട്രാക്‌ട്‌ സൊസൈറ്റി പ്രസിഡന്റ്‌ ടി ജി സജീവൻ പറഞ്ഞു. നിലവിൽ ഫ്ലാറ്റുകൾക്കുള്ള പൈലിങ് മുഴുവൻ പൂർത്തിയായി. ഫൗണ്ടേഷൻ കോൺക്രീറ്റിങ് നടക്കുന്നു. പ്രീ എൻജിനിയറിങ് സാങ്കേതികവിദ്യയിലാണ്‌ നിർമാണമെന്നതിനാൽ ഫ്ലാറ്റുകൾ അതിവേഗം പൂർത്തിയാകും. ജിപ്‌സം–-ഫൈബർ എന്നിവ ഉപയോഗിച്ചുള്ള ജിഎഫ്‌ആർജി നിർമാണവിദ്യയാണ്‌ ഉപയോഗിക്കുന്നത്‌. മൂന്നുനിലകളിലാണ്‌ ഭവനസമുച്ചയം ഉയരുക. 37,000 ചതുരശ്രയടിയാണ്‌ മൊത്തം വിസ‌്തീർണം. 350 ചതുരശ്രയടി വിസ്‌തീർണമുള്ള അപ്പാർട്ട്‌മെന്റുകളിൽ കിടപ്പുമുറികളും സ്വീകരണമുറിയും അടുക്കളയും ശുചിമുറികളും ഉണ്ടാകും.

കോവിഡ്‌ വ്യാപനം ഉൾപ്പെടെയുള്ളവ നിർമാണതടസ്സമുണ്ടാക്കിയെങ്കിലും നിശ്‌ചിത കാലാവധിക്കുള്ളിൽ ഫ്ലാറ്റുകൾ കൈമാറാനാകുമെന്ന്‌ ജിസിഡിഎ സെക്രട്ടറി അബ്‌ദുൾ മാലിക് പറഞ്ഞു. പണം അനുവദിച്ചതിലെ സാങ്കേതികപ്രശ്‌നമാണ്‌ ഇടയ്‌ക്ക്‌ നിർമാണവേഗം കുറച്ചത്‌. രണ്ടരക്കോടി രൂപ അനുവദിച്ച്‌ വന്ന ഉത്തരവിൽ ഉണ്ടായ പിശക്‌ തിരുത്തേണ്ടിവന്നു. കരാറുകാർക്ക്‌ മൂന്നുകോടി രൂപ മൊബിലൈസേഷൻ അഡ്വാൻസ്‌ ഉൾപ്പെടെ നൽകിയാണ്‌ നിർമാണത്തിന്‌ തുടക്കമിട്ടതെന്നും ജിസിഡിഎ സെക്രട്ടറി പറഞ്ഞു.

പദ്ധതി മുടക്കാൻ കുപ്രചാരണം; 
മുതലെടുപ്പിന്‌ മുതലക്കണ്ണീർ
പി ആൻഡ്‌ ടി കോളനിയിൽ ദുരിതജീവിതം നയിക്കുന്നവർക്കുള്ള പുനരധിവാസ ഭവനപദ്ധതി പൂർത്തീകരണത്തിലേക്ക്‌ മുന്നേറുമ്പോൾ വിറളിപൂണ്ട്‌ യുഡിഎഫ്‌. 10 വർഷം കോർപറേഷൻ ഭരിച്ചിട്ടും കോളനിവാസികളുടെ ദുരിതജീവിതത്തിന്‌ പരിഹാരമുണ്ടാക്കാനുള്ള പദ്ധതികളൊന്നും ആവിഷ്‌കരിക്കാൻ യുഡിഎഫിനായില്ല. മുൻ എൽഡിഎഫ്‌ സർക്കാർ ലൈഫ്‌ മിഷനിൽ ഭവനപദ്ധതി പ്രഖ്യാപിച്ചതുമുതൽ കോളനിവാസികളെ തെറ്റിദ്ധരിപ്പിച്ച്‌ മുതലെടുക്കാനാണ്‌ ശ്രമം.

പദ്ധതി നിർമാണം ആരംഭിച്ച ഘട്ടത്തിലാണ്‌ കോവിഡ്‌ വ്യാപനം രൂക്ഷമായത്‌. സംസ്ഥാനം വലിയ സാമ്പത്തിക പ്രയാസത്തിലായിട്ടും ലൈഫ്‌ പദ്ധതിക്കുള്ള പണം മുടക്കിയില്ല. എന്നാൽ തൊഴിലാളികളുടെയും സാധനസാമഗ്രികളുടെയും ലഭ്യതക്കുറവ്‌ മറ്റു പ്രവർത്തനങ്ങളെ ബാധിച്ചതുപോലെ മുണ്ടംവേലിയിലെ ഭവനനിർമാണത്തെയും ബാധിച്ചു. പദ്ധതി അതിവേഗം പൂർത്തിയാക്കണമെന്നാണ്‌ സർക്കാർ ഉദ്ദേശിച്ചത്‌. അതിനായി കരാർ നടപടികൾ അതിവേഗം പൂർത്തിയാക്കി.  കരാറുകാരുടെ സാമ്പത്തികബുദ്ധിമുട്ട്‌ പരിഗണിച്ച്‌ മൊബിലൈസേഷൻ അഡ്വാൻസായി 2.48 കോടി രൂപ ഉടൻ അനുവദിച്ചു. സർക്കാർ നിർമാണ പദ്ധതികളിലൊന്നും പതിവില്ലാത്തതാണിത്‌. എന്നാൽ കഴിഞ്ഞവർഷം ആദ്യം നിർമാണമാരംഭിച്ചപ്പോൾ പ്രതികൂലാവസ്ഥകൾ വീണ്ടും തടസ്സമായി. ഇക്കാലത്തുണ്ടായ നിർമാണസാമഗ്രികളുടെ വിലക്കയറ്റവും തൊഴിൽലഭ്യതക്കുറവുമൊന്നും പ്രവർത്തനങ്ങളെ ബാധിച്ചില്ലെന്നതും എടുത്തുപറയേണ്ടതാണ്‌.
സി എൻ മോഹനൻ ചെയർമാനായിരിക്കെ ജിസിഡിഎ പ്രകടിപ്പിച്ച പ്രത്യേക താൽപ്പര്യമാണ്‌ കോളനിവാസികളുടെ പുനധിവാസ പദ്ധതി യാഥാർഥ്യമാക്കിയത്‌.

ജിസിഡിഎയുടെ 2018–-19ലെ ബജറ്റിൽ നഗരചേരിനിർമാജന പദ്ധതിയുടെ ഭാഗമായി ഇത്‌ പ്രഖ്യാപിച്ചു. മുണ്ടംവേലിയിൽ ജിസിഡിഎയുടെ 72 സെന്റ്‌ സൗജന്യമായി വിട്ടുനൽകി. ഉദ്ദേശം ഏഴുകോടിയിലേറെ വിലമതിക്കുന്ന ഭൂമിയാണിത്‌.  മുഖ്യമന്ത്രി പിണറായി വിജയനാണ്‌ നിർമാണത്തിന്‌ ശിലയിട്ടത്‌.
എൽഡിഎഫ്‌ സർക്കാർ പദ്ധതി പ്രഖ്യാപിച്ചതിനുപിന്നാലെതന്നെ യുഡിഎഫിന്റെ മുതലെടുപ്പുനീക്കങ്ങളും തുടങ്ങി. 10 വർഷം കൊച്ചി കോർപറേഷൻ ഭരിച്ചിട്ടും പേരണ്ടൂർ കനാൽ പുറമ്പോക്കിൽ താമസിക്കുന്നവർക്കായി പേരിനുപോലും പദ്ധതി ആവിഷ്‌കരിക്കാൻ യുഡിഎഫിന്‌ കഴിഞ്ഞില്ല. തുടർച്ചയായി എറണാകുളം നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്‌ കോൺഗ്രസ്‌ ആണ്‌. എന്നിട്ടും പി ആൻഡ്‌ ടി കോളനിവാസികൾക്കായി ചെറുവിരലനക്കിയില്ല. കോവിഡും മറ്റു പ്രതികൂലാവസ്ഥകളും കാരണം അൽപ്പകാലം നിർമാണം നിലച്ചപ്പോൾ കോൺഗ്രസ്‌ എംഎൽഎ കോളനിവാസികൾക്കായി കണ്ണീർപൊഴിച്ച്‌ രംഗത്തിറങ്ങി. ഗാന്ധിനഗർ ഉപതെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചപ്പോൾ സമരപ്രഹസനങ്ങളും തുടങ്ങി. കോളനിവാസികളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങളും അഴിച്ചുവിടുന്നു. എന്നാൽ ആറുമാസത്തിനകം പദ്ധതി പൂർത്തീകരിച്ച്‌ വീടുകൾ ഗുണഭോക്താക്കൾക്ക്‌ കൈമാറുമെന്ന പ്രഖ്യാപനത്തോടെ എല്ലാ കുപ്രചാരണങ്ങളുടെയും മുനയൊടിഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top