25 April Thursday

വികസനം 
അതിവേ​ഗം

വെബ് ഡെസ്‌ക്‌Updated: Saturday Nov 27, 2021


കൊച്ചി
ജില്ലയിലെ വികസന പദ്ധതികൾ അതിവേ​ഗം പുരോഗമിക്കുന്നതായി ജില്ലാ അവലോകനയോ​ഗം വിലയിരുത്തി. സാങ്കേതികതടസ്സങ്ങൾ നേരിടുന്ന പദ്ധതികളിൽ പ്രത്യേക ഇടപെടലും ശ്രദ്ധയും ചെലുത്തണമെന്ന് മന്ത്രി പി രാജീവ് ഉദ്യോ​ഗസ്ഥർക്ക് നിർദേശം നൽകി. കൊച്ചി മെട്രോ ഇൻഫോപാർക്ക് പാതയുടെ നിർമാണ നടപടികൾ പുരോ​ഗമിക്കുന്നു. ജവാഹർലാൽ നെഹ്റു സ്റ്റേഡിയംമുതൽ ഇൻഫോപാർക്കുവരെ റോഡ് വീതികൂട്ടാനായി  ആറ് ഏക്കർ 40 സെന്റ്‌ ഭൂമിയാണ് ഏറ്റെടുക്കുന്നത്. പാലാരിവട്ടംമുതൽ ഇൻഫോപാർക്കുവരെ ഭൂമി വിട്ടുനൽകിയവർക്ക് ഫണ്ട് ലഭിക്കുന്നമുറയ്ക്ക് തുക കൈമാറും. സ്റ്റേഡിയംമുതൽ പാലാരിവട്ടംവരെയുള്ള സ്ഥലം ഏറ്റെടുക്കൽ നടപടികൾ പുരോ​ഗമിക്കുന്നു. അടുത്തമാസം മുപ്പത്തൊന്നിനുള്ളിൽ ഭൂമി ഏറ്റെടുത്ത് കൈമാറും.

സംയോജിത നഗര പുനരുജ്ജീവന ജലഗതാഗത സംവിധാന പദ്ധതിയുടെ ഭാഗമായി ഇടപ്പള്ളി കനാലിന്റെ വീതികൂട്ടൽ നടപടി പുരോഗമിക്കുകയാണ്. തോടിന്റെ 11 കിലോമീറ്റർ ഇരുഭാ​ഗത്തും രണ്ട് മീറ്ററിലധികം വീതി വർധിപ്പിക്കും. രണ്ടു കിലോമീറ്ററിൽ അതിർത്തിക്കല്ലുകൾ സ്ഥാപിച്ചു. ഇടപ്പള്ളി നോർത്ത്, ഇടപ്പള്ളി സൗത്ത്, തൃക്കാക്കര, വാഴക്കാല, നടമ എന്നീ വില്ലേജുകളിലെ സ്ഥലങ്ങളാണ് നവീകരണത്തിനായി ഏറ്റെടുക്കുന്നത്.

കെ റെയിൽ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിനായി ഉദ്യോഗസ്ഥരുടെ നിയമനം പൂർത്തിയായി. ഗിഫ്റ്റ് സിറ്റി പദ്ധതിയുടെ ഫീൽഡ് സർവേ നടപടി പൂർത്തിയായി. ജനുവരി അവസാനത്തോടെ ഭൂമി ഏറ്റെടുക്കൽ നടപടി ആരംഭിക്കും. സിറ്റി ഗ്യാസ് പദ്ധതിയിൽ ജില്ലയിൽ ഡിസംബറോടെ 10,000 കണക്‌ഷനുകളും. 2022 മാർച്ചോടെ 26,000 കണക്‌ഷനുകളും പൂർത്തിയാകും.

ടേക് എ ബ്രേക് പദ്ധതിയിൽ 215 ടോയ്‌ലറ്റ് കോംപ്ലക്സുകൾ നിർമിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. ഇതിൽ 27 എണ്ണം പൂർത്തിയായി. 88 എണ്ണത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്. വാതിൽപ്പടി സേവനം പദ്ധതിയുടെ ആദ്യഘട്ടം മഞ്ഞപ്ര പഞ്ചായത്ത്, പിറവം, അങ്കമാലി മുനിസിപ്പാലിറ്റികൾ എന്നിവിടങ്ങളിൽ അടുത്തമാസത്തിനുള്ളിൽ നടപ്പാക്കും. മൂന്ന് തദ്ദേശസ്ഥാപനങ്ങളിൽ സന്നദ്ധസേനയെ തെരഞ്ഞെടുക്കലും തിരിച്ചറിയൽ കാർഡ് വിതരണവും ഗുണഭോക്താക്കളുടെ തെരഞ്ഞെടുപ്പും പൂർത്തിയായി.  കലക്ടർ ജാഫർ മാലിക്, ജില്ലാ വികസന കമീഷണർ ഷിബു കെ അബ്ദുൾ മജീദ് തുടങ്ങിയവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top