25 April Thursday

മൊഫിയയുടെ ആത്‌മഹത്യ: പ്രതിക്കൊപ്പം നിന്നതിന്‌ ഉത്തരമില്ലാതെ കോൺഗ്രസ്‌

വെബ് ഡെസ്‌ക്‌Updated: Saturday Nov 27, 2021


കൊച്ചി>  നിയമവിദ്യാർഥിനി മൊഫിയയുടെ മരണവുമായി ബന്ധപ്പെട്ട സമരം അവസാനിപ്പിച്ച്‌ എംഎൽഎയും കൂട്ടരും മടങ്ങിയെങ്കിലും പ്രതി സുഹൈലിനൊപ്പമായിരുന്നു കോൺഗ്രസ്‌ എന്ന സത്യം അവരെ വേട്ടയാടുന്നു. മുഹമ്മദ്‌ സുഹൈലിനു ശുപാർശയുമായി പൊലീസ്‌ സ്‌റ്റേഷനിൽ പോയത്‌ കോൺഗ്രസ്‌ നേതാക്കളാണെന്ന വാർത്ത സമൂഹമാധ്യമങ്ങളിലടക്കം ചർച്ചയായി.  ഇരയ്‌ക്കൊപ്പമാണോ പ്രതിക്കൊപ്പമാണോ കോൺഗ്രസ്‌ എന്ന ചോദ്യം ശക്തമായി.

സുഹൈലിനൊപ്പം പോയതിൽ തെറ്റില്ലെന്നും അത്‌ പ്രാദേശിക വിഷയമായി കണ്ടാൽമതിയെന്നുമാണ്‌ അൻവർസാദത്ത്‌ എംഎൽഎയുടെ വിശദീകരണം. മൊഫിയയുടെ ഉമ്മയുടെ ബന്ധുകൂടിയായ എംഎൽഎയെ പരാതിയുമായി കുടുംബം കണ്ടിരുന്നെങ്കിലും ഇടപെട്ടില്ലെന്നതിനും മറുപടിയില്ല.

സംഭവം പുറത്തുവന്ന്‌ രണ്ടു ദിവസമായിട്ടും സുഹൈലിനു ശുപാർശയുമായി  സ്‌റ്റേഷനിൽ പോയ കളമശേരി ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിയും കടുങ്ങല്ലൂർ പഞ്ചായത്ത് മുൻ അംഗവുമായ ടി കെ ജയൻ, കടുങ്ങല്ലൂർ 68–--ാംനമ്പർ ബൂത്ത് പ്രസിഡന്റ്‌ അഫ്സൽ എന്നിവരോട്‌ വിശദീകരണം പോലും കോൺഗ്രസ്‌ ചോദിച്ചിട്ടില്ല. അഫ്‌സൽ ആവശ്യപ്പെട്ടതനുസരിച്ചാണ്‌ സ്‌റ്റേഷനിൽ പോയതെന്നും അവിടെ മറ്റു പാർടിക്കാരാരും ഉണ്ടായിരുന്നില്ലെന്നും ജയൻ പറഞ്ഞു. അഫ്സലിന്റെ അടുത്തബന്ധുവാണ് പ്രതി സുഹൈൽ. 

മൊഫിയയുടെ ആത്മഹത്യാക്കുറിപ്പിൽ പരാമർശമുള്ള സിഐയെ സ്‌റ്റേഷൻ ഡ്യൂട്ടിയിൽനിന്ന്‌ ഒഴിവാക്കി അന്വേഷണറിപ്പോർട്ട്‌  ഡിജിപി ആവശ്യപ്പെട്ടതിനിടയിൽ എംഎൽഎയുടെ നേതൃത്വത്തിൽ സമരം തുടങ്ങിയത്‌ രാഷ്‌ട്രീയ ലക്ഷ്യത്തോടെയാണ്‌. എസ്‌പിയുടെ റിപ്പോർട്ട്‌ ഡിജിപിക്ക്‌ ലഭിച്ചാൽ സസ്‌പെൻഷൻ ഉറപ്പാണെന്നറിഞ്ഞിട്ടും അക്രമസമരം നടത്തിയത്‌ പ്രതിയെ സഹായിച്ചതിന്റെ നാണക്കേടിൽനിന്നു തലയൂരാനാണ്‌. 

മൊഫിയയുടെ ബാപ്പയെ തെറ്റിദ്ധരിപ്പിച്ച്‌ ‘കുട്ടി സഖാവാണ്‌’ സുഹൈലിനു കൂട്ടുപോയതെന്ന്‌ പറയിപ്പിച്ചും ചില മാധ്യമങ്ങൾ വാർത്തയാക്കി. പ്രതിക്കുവേണ്ടി ശുപാർശയുമായി എത്തിയത്‌ കോൺഗ്രസ്‌ നേതാക്കളാണെന്ന വാർത്ത  പുറത്തുവന്നതോടെ അതും പൊളിഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top