തൃക്കാക്കര
മാലിന്യനീക്കം ചർച്ചചെയ്യാൻ ചേർന്ന അടിയന്തര നഗരസഭാ കൗൺസിലിൽ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ പങ്കെടുക്കാത്തതിൽ എൽഡിഎഫ് പ്രതിഷേധം.
നഗരസഭയിൽ മാലിന്യങ്ങളും ഡെങ്കിപ്പനിയും വ്യാപിക്കുമ്പോൾ ആരോഗ്യവിഭാഗം നോക്കുകുത്തിയാകുകയാണെന്ന് പ്രതിപക്ഷം പറഞ്ഞു. 35 ലക്ഷം മുടക്കി റോഡരികിൽ സ്ഥാപിച്ച കാമറ ഇടപാടിൽ വൻകൊള്ളയാണ് നടന്നതെന്ന് പ്രതിപക്ഷ അംഗങ്ങൾ പറഞ്ഞു. എൽഡിഎഫ് കൗൺസിലർമാരായ എം കെ ചന്ദ്രബാബു, എം ജെ ഡിക്സൺ, അജുന ഹാഷിം എന്നിവർ സംസാരിച്ചു.
ആരോഗ്യവിഭാഗം കുത്തഴിഞ്ഞ അവസ്ഥയിലാണുള്ളതെന്ന് യുഡിഎഫ് കൗൺസിലറും ആരോഗ്യ സ്ഥിരംസമിതി മുൻ അധ്യക്ഷനുമായ റാഷിദ് ഉള്ളംപള്ളി പറഞ്ഞു. 24–-ാം വാർഡിൽ 90 ശതമാനം പേർക്കും ഡെങ്കിപ്പനി ബാധിച്ചിട്ടും നഗരസഭ ആരോഗ്യവിഭാഗത്തിൽനിന്ന് സഹായങ്ങൾ ലഭിച്ചില്ലെന്ന് യുഡിഎഫ് കൗൺസിലർ ഹസീന ഉമ്മർ പറഞ്ഞു.
ഒക്ടോബർ രണ്ടിന് മുഴുവൻ വാർഡുകളിലും ജനകീയ തീവ്രശുചീകരണ പരിപാടി നടത്താൻ കൗൺസിൽ തീരുമാനിച്ചു. കഴിഞ്ഞതവണ വാർഡ് ശുചീകരണത്തിന് അനുവദിച്ച 5,000 രൂപ ഇതുവരെ ലഭിച്ചില്ലെന്ന് ഭരണ– പ്രതിപക്ഷ കൗൺസിലർമാർ ആക്ഷേപിച്ചു.
കുടിവെള്ള ടാങ്ക് നിർമാണത്തിൽ അഴിമതിയെന്ന്; ലീഗ് നേതാവ് വിജിലൻസിന് പരാതി നൽകി
കുന്നേപറമ്പ് വാർഡിൽ വാഴക്കാല ഇല്ലത്തുമുകളിൽ കുടിവെള്ളവിതരണ ടാങ്ക് നിർമിക്കുന്നതുമായി ബന്ധപ്പെട്ട് ക്രമക്കേട് ആരോപിച്ച് മുസ്ലിംലീഗ് തൃക്കാക്കര മണ്ഡലം ട്രഷറർ കെ കെ അക്ബർ വിജിലൻസിന് പരാതി നൽകി. 28–--ാം വാർഡിലെ കോൺഗ്രസ് കൗൺസിലർ ഷാജി വാഴക്കാലയ്‌ക്കെതിരെയാണ് ലീഗ് നേതാവ് വിജിലൻസിനെ സമീപിച്ചത്. കുന്നേപറമ്പ് വാർഡിൽ ഇല്ലത്തുമുകൾ കിണറിനുസമീപം 8,27,000 രൂപ ചെലവഴിച്ച് ടാങ്ക് നിർമിച്ച് കുടിവെള്ളം വിതരണം ചെയ്യാനാണ് പദ്ധതിയിട്ടിരുന്നത്.
നിർമാണസ്ഥലത്തുനിന്ന് 12 മീറ്റർവരെ ദൂരപരിധിയിലുള്ള കെട്ടിടങ്ങൾ സൈറ്റ് പ്ലാനിൽ കാണിക്കണമെന്നിരിക്കേ അത് പാലിച്ചിട്ടില്ലെന്ന് പരാതിയിൽ പറയുന്നു. സാങ്കേതികാനുമതി ലഭിക്കാതെയാണ് പദ്ധതി നടപ്പാക്കാൻ ഒരുങ്ങുന്നത്. വർക്ക് ഓർഡറോ നിയമാനുസൃത പെർഫോമൻസ് ഗ്യാരന്റിയോ ഇല്ല. വർക്ക് ഓർഡറിന്റെയും സൈറ്റ് കൈമാറിയതിന്റെയും നിർമാണത്തിന്റെ നിലവിലുള്ള അവസ്ഥയെക്കുറിച്ചും രേഖകളില്ല.
സംഭവം വിവാദമായതോടെ ഈ മാസം മുപ്പതിന് ചേരുന്ന കൗൺസിൽ യോഗത്തിൽ പദ്ധതിയുടെ റിവേഴ്സ് എസ്റ്റിമേറ്റ് അംഗീകാരത്തിനായി കൊണ്ടുവന്ന് തലയൂരാനാണ് നോക്കുന്നതെന്ന് അക്ബർ ആരോപിക്കുന്നു. 35–-ാം വാർഡിലെ ലീഗ് കൗൺസിലർ സജീനയുടെ ഭർത്താവ് അക്ബറിന്റെയും സഹോദരൻ ഹബീബിന്റെയും കെട്ടിടങ്ങൾക്കിടയിലൂടെ പൊതുകിണറ്റിലേക്കുള്ള വഴിയിലാണ് കുടിവെള്ള ടാങ്ക് നിർമിക്കാൻ കോൺഗ്രസ് കൗൺസിലർ ഷാജി വാഴക്കാല നീക്കം നടത്തുന്നതെന്നാണ് ആരോപണം. ഇരു കൗൺസിലർമാരും അനുയായികളുമായെത്തി കഴിഞ്ഞ ദിവസങ്ങളിൽ തെരുവിൽ പരസ്പരം പോർവിളി നടത്തിയിരുന്നു. പൊലീസ് ഇടപ്പെട്ടാണ് ഇരുകൂട്ടരേയും അനുനയിപ്പിച്ചത്. പുറമ്പോക്കുഭൂമിയിലാണ് അക്ബർ കട നടത്തുന്നതെന്നാണ് ഷാജി വാഴക്കാലയുടെ ആരോപണം.ടാങ്ക് നിർമാണം സംബന്ധിച്ച് ചൊവ്വാഴ്ച കേസ് പരിഗണിച്ച ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് വാദം കേൾക്കാനായി മാറ്റിവച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..