കൊച്ചി
കോർപറേഷൻ മുണ്ടംവേലിയിൽ നിർമിച്ച ഫ്ലാറ്റിൽ താമസിക്കാനായി പി ആൻഡ് ടി കോളനിയിലെ 75 പേരുടെ പട്ടികയ്ക്ക് കൗൺസിൽ അംഗീകാരം നൽകി. ഫീൽഡ് പരിശോധനയ്‌ക്കുശേഷം 74 പേർക്കുപുറമെ സ്‌പൈനൽ മസ്കുലർ അട്രോഫി (എസ്‌എംഎ) ബാധിതനായ അനന്തുവെന്ന കുട്ടിയെയും പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പട്ടിക അംഗീകരിച്ചത്. കോളനിയിലെ താമസക്കാരനാണ് ഈ കുട്ടി. പരമാവധി വേഗത്തിൽ മുണ്ടംവേലിയിലെ ഫ്ലാറ്റിലേക്ക് ഗുണഭോക്താക്കളെ മാറ്റുമെന്ന് മേയർ എം അനിൽകുമാർ പറഞ്ഞു.
പി ആൻഡ് ടി കോളനിയിലെ 82 പേരെയാണ് ഫ്ലാറ്റിലേക്ക് മാറ്റുന്നത്. ശേഷിക്കുന്ന ഏഴ് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാൻ ക്ഷേമ സ്ഥിരംസമിതിയെ ചുമതലപ്പെടുത്തി. സമിതി കണ്ടെത്തിയവരുടെ പട്ടിക അടുത്ത കൗൺസിലിൽ സമർപ്പിക്കാനും മേയർ നിർദേശിച്ചു. ആകെ 83 ഫ്ലാറ്റാണ് മുണ്ടംവേലിയിലുള്ളത്. ഇതിലൊന്ന് മാർച്ച് രണ്ടിലെ സർക്കാർ ഉത്തരവുപ്രകാരം ലിജേഷ് എന്ന വ്യക്തിക്ക് കൈമാറും. ഫ്ലാറ്റ് ആവശ്യപ്പെട്ട് നിരവധിപേരാണ് രംഗത്തെത്തിയത്. കോളനിയിലെ വീട് വാടകയ്‌ക്ക് കൊടുത്ത് മറ്റുസ്ഥലങ്ങളിലേക്ക് പോയവരുൾപ്പെടെ അവകാശവാദവുമായെത്തി.
ഈ സാഹചര്യത്തിലാണ് ശേഷിക്കുന്ന ഏഴെണ്ണത്തിന് അർഹരെ കണ്ടെത്താൻ ക്ഷേമ സ്ഥിരംസമിതിക്ക് ചുമതല നൽകിയത്. മുണ്ടംവേലിക്കുസമീപമുള്ള നിർധന കുടുംബത്തിന് ഫ്ലാറ്റ് നൽകണമെന്ന കൗൺസിലർ കലിസ്റ്റ പ്രകാശന്റെ ആവശ്യം പരിശോധിക്കും. ഫ്ലാറ്റിലേക്ക് മാറ്റുന്നതോടെ കോളനിയിലെ വീട് പൊളിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..