01 December Friday

ജാർഖണ്ഡ്‌ പെൺകുട്ടിയുടെ കൊലപാതകം ; പ്രതിയുടെ ജീവപര്യന്തം ഹൈക്കോടതി ശരിവച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 27, 2023


കൊച്ചി
ജാർഖണ്ഡ്‌ സ്വദേശിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ   ബലാത്സംഗശ്രമത്തിനിടെ കൊലപ്പെടുത്തിയ പ്രതിയുടെ ജീവപര്യന്തം തടവ്‌  ഹൈക്കോടതി ശരിവച്ചു. പത്തനംതിട്ട കുമ്പനാട്‌ സഹോദരിക്കും സഹോദരീഭർത്താവിനുമൊപ്പം താമസിച്ചിരുന്ന പെൺകുട്ടിയെ കൊലപ്പെടുത്തിയ  ബിഹാർ മുസാഫർപുർ സ്വദേശി ജുൻജുൻകുമാറിന്റെ ശിക്ഷയാണ്‌ ശരിവച്ചത്‌.  പീഡനശ്രമവും കൊലപാതകക്കുറ്റവും ചുമത്തി ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയുമാണ്‌ പത്തനംതിട്ട അഡീഷണൽ ജില്ലാ സെഷൻസ്‌ കോടതി വിധിച്ചിരുന്നത്‌. പീഡനശ്രമത്തിന്‌ തെളിവില്ലെന്ന കാരണത്താൽ കുറ്റം ഒഴിവാക്കി, കൊലപാതകക്കുറ്റം നിലനിർത്തിയാണ്‌ ജസ്‌റ്റിസ്‌ പി ബി സുരേഷ്‌കുമാർ, ജസ്‌റ്റിസ്‌ പി ജി അജിത്‌കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്‌ ജീവപര്യന്തം ശരിവച്ചത്‌.

2012ൽ മാർച്ച്‌ ഒമ്പതിനായിരുന്നു സംഭവം. കുമ്പനാട്‌ വാടകയ്‌ക്ക്‌ താമസിച്ചിരുന്ന ജാർഖണ്ഡ്‌ സ്വദേശി സഞ്‌ജീവ്‌ കുമാറിന്റെ ഭാര്യാസഹോദരിയാണ്‌ കൊല്ലപ്പെട്ടത്‌. ജോലി തേടിയെത്തിയ ജുൻജുൻകുമാർ കൂലിപ്പണിക്കാരനായ സഞ്‌ജീവുമായി പരിചയത്തിലായി  ഇവരോടൊപ്പമായിരുന്നു താമസം. സഞ്‌ജീവ്‌ കുമാറും ഭാര്യയും ആശുപത്രിയിൽ പോയപ്പോൾ വീട്ടിലെത്തിയ പ്രതി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ്‌ കൊല്ലപ്പെട്ടത്‌. സഞ്‌ജീവ്‌ കുമാറും ഭാര്യയും മടങ്ങിയെത്തിയപ്പോൾ പെൺകുട്ടിയെ മരിച്ചനിലയിലും മറ്റൊരു മുറിയിൽ പ്രതിയെ അബോധാവസ്ഥയിലും കണ്ടെത്തി.  എടിഎമ്മിൽനിന്ന്‌ പണമെടുത്ത്‌ മടങ്ങുമ്പോൾ തന്നെ ചിലർ ആക്രമിച്ച്‌ ബോധംകെടുത്തി പെൺകുട്ടിയെ ഉപദ്രവിച്ചെന്നായിരുന്നു ജുൻജുൻകുമാറിന്റെ മൊഴി. ശാസ്ത്രീയപരിശോധനയിൽ പെൺകുട്ടിയുടെ നഖത്തിനിടയിൽനിന്ന്‌ ജുൻജുൻകുമാറിന്റെ തൊലി കിട്ടി. ഇതോടെയാണ്‌ ഇയാളാണ്‌ പ്രതിയെന്ന്‌ വ്യക്തമായത്‌. സർക്കാരിനുവേണ്ടി പബ്ലിക്‌ പ്രോസിക്യൂട്ടർ അഡ്വ. ഷീബ തോമസ്‌ ഹാജരായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top