27 April Saturday

റെയിൽവേ ബോർഡ്‌ പറയുന്നത്‌ കള്ളം ; വിവരങ്ങളെല്ലാം 
കെ റെയിൽ കൈമാറി

ജി രാജേഷ്‌ കുമാർUpdated: Tuesday Sep 27, 2022



തിരുവനന്തപുരം
സിൽവർ ലൈൻ പദ്ധതിയുടെ വിശദ പദ്ധതിരേഖാ വിശദാംശം കെ–- റെയിൽ ഡെവലപ്‌മെന്റ്‌ കോർപറേഷൻ കൈമാറിയില്ലെന്ന റെയിൽവേ  ബോർഡിന്റെ വാദം പച്ചക്കള്ളം. ആവശ്യമായ എല്ലാ വിവരവും ജൂലൈ 25നും ആഗസ്‌ത്‌ 28നുമിടയിൽ  തിരുവനന്തപുരം, പാലക്കാട്‌ റെയിൽവേ ഡിവിഷനുകൾക്ക്‌ കെ–- റെയിൽ കൈമാറി.
റെയിൽവേ അതിർത്തിയിൽ വരുന്ന സിൽവർലൈൻ അലൈൻമെന്റിന്റെ സ്ഥലപര പ്ലാൻ, നിലവിലെ റെയിൽവേ ട്രാക്കിനു മുകളിലും താഴെയും വരാവുന്ന സിൽവർലൈൻ റെയിൽപ്പാത (10 എണ്ണം), റെയിൽവേ സ്‌റ്റേഷനുകൾക്ക്‌ സമീപ മേഖലകളിലെ സിൽവർലൈൻ പാത സംബന്ധിച്ച വിശദാംശം തുടങ്ങിയവയാണ്‌ അസിസ്‌റ്റന്റ്‌ ഡിവിഷണൽ എൻജിനിയർമാരുടെ ഓഫീസിന്‌‌‌ കൈമാറിയത്‌.

ഇരുലൈനുകൾ തമ്മിലുള്ള അകലം 7.8 മീറ്ററിൽ കുറവായ പ്രദേശങ്ങളിലെ, സിൽവർലൈനിന്‌ ആവശ്യമായ റെയിൽവേ ഭൂമി കൃത്യമായി രേഖപ്പെടുത്തിയ സ്ഥലപര മാപ്പാണ്‌ നൽകിയത്‌. 107.80 ഹെക്ടർ റെയിൽവേ ഭൂമിയുടെ ആവശ്യകതയും വ്യക്തമാക്കി. വിശദ പദ്ധതിരേഖയിൽ  183 ഹെക്ടറിന്റെ ആവശ്യവും പറഞ്ഞു. ഇത്‌ മാറിയതെങ്ങനെയെന്നും വ്യക്തമാക്കി. റെയിൽവേയുടെ വിവിധ സ്വത്തുവകകളെ സിൽവർലൈൻ എങ്ങനെയൊക്കെ ബാധിക്കുമെന്നും വിശദീകരിച്ചു.

തുടർന്ന്‌, രേഖകൾ പരിശോധനയിലാണെന്നും അവ റെയിൽവേ ബോർഡ്‌ ആസ്ഥാനത്തേക്ക്‌‌ കൈമാറുമെന്നും ഇരു ഡിവിഷന്റെയും അധികാരികൾ കെ –-റെയിൽ അധികൃതരെ അറിയിച്ചിരുന്നു. ഈ വിവരം സെപ്‌തംബർ 13ന്‌ കെ–- റെയിൽ അധികൃതർ കത്തിലൂടെ റെയിൽവേ ബോർഡ്‌ ഗതി ശക്തി വിഭാഗം പ്രിൻസിപ്പൽ എക്‌സിക്യൂട്ടിവ്‌ ഡയറക്ടറെയും അറിയിച്ചു‌. ഇതെല്ലാം മറച്ചുവച്ചാണ്,‌  ആവശ്യപ്പെട്ട വിവരങ്ങൾ കെ–-റെയിൽ നൽകിയില്ലെന്ന്‌  റെയിൽവേ ബോർഡിന്റെ നിർദേശപ്രകാരം ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ എസ് മനു കഴിഞ്ഞദിവസം ഹൈക്കോടതിയിൽ വിശദീകരണ പത്രിക നൽകിയത്. റെയിൽവേ ഭൂമിയെ പദ്ധതി എത്രത്തോളം ബാധിക്കുമെന്നു വിലയിരുത്താനും പദ്ധതിയുടെ പ്രായോഗികത പരിശോധിക്കാനുമായി റെയിൽവേ ബോർഡ് തേടിയ വിവരങ്ങൾ കെ –-റെയിൽ ലഭ്യമാക്കിയില്ലെന്നാണ്‌ പത്രികയിൽ പറഞ്ഞത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top