19 April Friday

കൈയും കെട്ടി നീന്തിക്കയറി ആരിഫയും ധന്യയും ഭരതും

എം പി നിത്യൻUpdated: Monday Jun 27, 2022


ആലുവ
ഇരുകൈയും പുറകിൽ കെട്ടി 70 വയസ്സുകാരി ആരിഫയും മുപ്പത്തെട്ടുകാരി ധന്യയും പതിനൊന്നുകാരൻ ഭരതും ആലുവയില്‍ പെരിയാർ നീന്തിക്കടന്നു. ഞായർ രാവിലെ എട്ടിന് മൂവരും ആലുവ മണപ്പുറത്തെ ഗോപുരംകടവിൽനിന്ന്‌ മറുകരയിലേക്ക് നീന്തൽ ആരംഭിച്ചു.

മറുകരയുടെ സമീപത്തുനിന്ന്‌ വീണ്ടും നീന്തി മണപ്പുറം ദേശംകടവിൽ കയറി. 45 മിനിറ്റുകൊണ്ട് തുടർച്ചയായി 780 മീറ്ററാണ് ഇരുകൈയും പിന്നിൽ കെട്ടി മൂവരും നീന്തിയത്. എല്ലാവിധ സുരക്ഷാസംവിധാനവും ഒരുക്കി ഇവരെ സഹായിക്കാൻ പരിശീലകൻ സജി വാളാശേരിയും ഒപ്പമുണ്ടായി. ഒരുമാസംകൊണ്ടാണ് മൂവരും സജി വാളാശേരിയുടെ ശിക്ഷണത്തിൽ നീന്തൽ പഠിച്ചത്. 2018ലെ മഹാപ്രളയത്തെ തുടർന്നാണ് ആലുവ തായിക്കാട്ടുകര മനക്കപ്പറമ്പിൽ ആരിഫ നീന്തൽ പഠിക്കാന്‍ തീരുമാനിച്ചത്. പ്രളയത്തിൽ ഇവരുടെ വീടും പരിസരവും മുങ്ങിയപ്പോള്‍ രക്ഷാപ്രവർത്തകരാണ് ഇവരെ പുറത്തെത്തിച്ചത്. തായിക്കാട്ടുകരയിൽ കച്ചവടക്കാരനായ മുഹമ്മദുകുഞ്ഞാണ് ആരിഫയുടെ ഭർത്താവ്.

അമ്മയുടെ മുന്നിൽ മകൻ വെള്ളത്തിൽ മുങ്ങിമരിക്കുന്ന വീഡിയോദൃശ്യം കണ്ടപ്പോഴാണ് ധന്യക്ക് നീന്തൽ പഠിക്കണമെന്ന ചിന്ത ഉണ്ടായത്. ചൂർണിക്കര പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ഓഫീസിൽ അക്കൗണ്ടന്റാണ്. അശോകപുരം ചേലക്കാട്ടുപറമ്പിൽ സതീഷാണ് ഭർത്താവ്.

ദേശം കുന്നുംപുറം റൊഗേഷ്നിസ്റ്റ് അക്കാദമി സ്കൂളിലെ ആറാംക്ലാസ് വിദ്യാർഥിയാണ് ഭരത്. വിനോദമായാണ് ഭരത് നീന്തൽ പഠിക്കാനിറങ്ങിയത്. കുന്നുംപുറം ലക്ഷ്യ വീട്ടിൽ മഹേഷ് കുമാർ–-ശ്രീകല ദമ്പതികളുടെ മകനാണ്. സാഹസിക നീന്തലിനുശേഷം കടവിലെത്തിയ മൂവരെയും ജനപ്രതിനിധികളും സുഹൃത്തുക്കളും കുടുംബാംഗങ്ങളും സ്വീകരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top