19 March Tuesday

മയക്കുമരുന്ന് വ്യാപനം തടയാൻ പ്രചാരണം വേണം: മന്ത്രി എം വി ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Sunday Jun 26, 2022


തിരുവനന്തപുരം
സംസ്ഥാനത്ത് മയക്കുമരുന്ന് വ്യാപനത്തിന്റെ വേരറുക്കാൻ കുട്ടികളിലും യുവജനങ്ങളിലും അതിവിപുല പ്രചാരണം നടത്തണമെന്ന്  എക്‌സൈസ്  മന്ത്രി എം വി  ഗോവിന്ദൻ പറഞ്ഞു.  സംസ്ഥാനത്തെ സ്‌കൂൾ, കോളേജ്, പ്രൊഫഷണൽ കോളേജ് എന്നിവിടങ്ങളിലെ മുഴുവൻ വിദ്യാർഥികളിലും ബോധവൽക്കരണം എത്തണം. മയക്കുമരുന്നിന് അടിമപ്പെട്ട ഒരാൾപോലും കേരളത്തിൽ ഉണ്ടാകാൻ പാടില്ല എന്നതാകണം ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. അന്താരാഷ്ട്ര മയക്കുമരുന്നുവിരുദ്ധ ദിനാചരണം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എൻഎസ്എസ്, എൻസിസി, സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകൾ, യുവജന സംഘടനകൾ തുടങ്ങിയവരെ ബോധവൽക്കരണത്തിന്‌ ഉപയോഗപ്പെടുത്തണം. വിദ്യാർഥികളെ വിവിധ തലങ്ങളിൽ ഏകോപിപ്പിച്ച് ബോധവൽക്കരണത്തിലൂടെ മദ്യത്തിനും മയക്കുമരുന്നിനെതിരായി ഇടപെടൽ നടത്താനായാൽ ഒന്നോ രണ്ടോ വർഷംകൊണ്ട്‌ ലക്ഷ്യപ്രാപ്തി നേടാനാകുമെന്നും മന്ത്രി പറഞ്ഞു.

ഗതാഗത മന്ത്രി ആന്റണി രാജു  അധ്യക്ഷനായി. വിമുക്തി മിഷൻ അധ്യാപകർക്കായി തയ്യാറാക്കിയ കരുതൽ എന്ന കൈപ്പുസ്തകവും  വിദ്യാർഥികൾക്കായുള്ള  കവചം എന്ന കൈപ്പുസ്തകവും പ്രകാശനം ചെയ്‌തു. വിമുക്തി മിഷൻ  വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ഹ്രസ്വചിത്ര മത്സരത്തിലെ വിജയികൾക്കുള്ള പുരസ്‌കാരങ്ങളും  വിതരണം ചെയ്തു.

വ്യാജ വാർത്ത 
വേദിയിൽ തിരുത്തി മന്ത്രി
യുവജനങ്ങളിൽ മദ്യാസക്തി വർധിക്കുന്നതായുള്ള എക്‌സൈസ്‌ മന്ത്രിയുടെ പരാമർശം വളച്ചൊടിച്ച്‌   ലൈവ്‌ വാർത്ത നൽകിയ ദൃശ്യമാധ്യമങ്ങളുടെ വ്യാജപ്രചാരണം വേദിയിൽ തന്നെ തിരുത്തി മന്ത്രി. അന്താരാഷ്ട്ര മയക്കുമരുന്നുവിരുദ്ധ ദിനാചരണത്തിന്റെ സംസ്ഥാന ഉദ്‌ഘാടന ചടങ്ങിലാണ്‌ സംഭവം.    ‘യുവജന സംഘടനകളിൽ ഭൂരിഭാഗവും മദ്യപാനികളാണെ’ന്ന്‌ മന്ത്രി  എം വി ഗോവിന്ദൻ പറഞ്ഞതായി പ്രസംഗം തീരുംമുമ്പുതന്നെ മാധ്യമങ്ങൾ ഫ്‌ളാഷ്‌ ന്യൂസ്‌ നൽകി. ഇത്‌  ശ്രദ്ധയിൽപ്പെട്ടതോടെയാണ്‌ മന്ത്രി    വേദിയിൽവച്ചുതന്നെ തെറ്റായ പ്രചാരണത്തെ ശക്തമായി അപലപിച്ചത്‌.

വിദ്യാർഥികളിലും ചെറുപ്പക്കാരിലും നല്ലപോലെ മദ്യാസക്തി നിലവിലുണ്ട്‌. അത്‌ ഒഴിവാക്കാനുള്ള ബോധപൂർവമായ പ്രവർത്തനം വേണം എന്നായിരുന്നു മന്ത്രി പ്രസംഗത്തിൽ പറഞ്ഞത്‌. ഇതിനെ "യുവജനസംഘടനകളിൽ നല്ലൊരു പങ്കും കുടിയൻമാർ, സ്വയം നിയന്ത്രിക്കണം - മന്ത്രി' എന്നാണ്‌ മിക്ക മാധ്യമങ്ങളും വാർത്ത നൽകിയത്‌.   ഇത്തരം നെഗറ്റീവ്‌ വാർത്തകൾ നൽകുമ്പോൾ മാധ്യമങ്ങൾ യഥാർഥത്തിൽ മയക്കുമരുന്ന്‌ ലോബിയെ സഹായിക്കുകയാണ്‌ ചെയ്യുന്നത്‌. കൃത്യമായി കാര്യങ്ങൾ മനസ്സിലാക്കുന്നതിനു പകരം ആളുകളെ വഴിതെറ്റിക്കുന്നതിനു വേണ്ടിയുള്ള ബോധപൂർവമായ പ്രചാരവേല നടത്തുന്നത്‌ മാധ്യമധർമമല്ല. അത്‌ മാധ്യമ മുതലാളിയുടെ ധർമമാണെന്നും - മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top