26 April Friday

ആർദ്രകേരളം
 പുരസ്‌കാരനിറവിൽ ജില്ല

വെബ് ഡെസ്‌ക്‌Updated: Monday Mar 27, 2023

മണീട്‌ ഗവ. ആശുപത്രി


കൊച്ചി
ആരോഗ്യമേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്ക്‌ തദ്ദേശസ്ഥാപനങ്ങൾക്കുള്ള ആർദ്രകേരളം പുരസ്‌കാരങ്ങളിൽ ജില്ലയ്‌ക്ക്‌ രണ്ട്‌ ഒന്നാംസ്ഥാനം. സംസ്ഥാനത്തെ ഏറ്റവും മികച്ച നഗരസഭയായി പിറവത്തെയും മികച്ച ബ്ലോക്ക്‌ പഞ്ചായത്തായി മുളന്തുരുത്തിയെയും തെരഞ്ഞെടുത്തു. ഇരുസ്ഥാപനങ്ങൾക്കും 10 ലക്ഷം രൂപ സമ്മാനത്തുകയായി ലഭിക്കും. ജില്ലയിലെ മികച്ച പഞ്ചായത്തുകളായി മണീട്‌, പൈങ്ങോട്ടൂർ, കുമ്പളം എന്നിവ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

പിറവം നഗരസഭയ്ക്ക് തുടർച്ചയായി രണ്ടാംതവണയാണ് പുരസ്കാരം ലഭിക്കുന്നത്. ജീവിതശൈലീരോഗ പ്രതിരോധം, കുട്ടികളുടെ പ്രതിരോധ കുത്തിവയ്‌പുകൾ, പകർച്ചവ്യാധി നിയന്ത്രണ പരിപാടികൾ, കോവിഡ് പ്രതിരോധം, സാന്ത്വന പരിചരണപരിപാടികൾ, ഡയാലിസിസ് യൂണിറ്റ്, ഹരിതകർമസേന, വാതക ശ്‌മശാനം എന്നിവ മികച്ച രീതിയിൽ നടപ്പാക്കിയതിനാണ്‌ പിറവം നഗരസഭയ്‌ക്ക്‌ അവാർഡ്‌ ലഭിച്ചത്‌. 93 കിടക്കകളുള്ള താലൂക്കാശുപത്രിയിൽ ഇഎൻടി, ഓർത്തോ, പീഡിയാട്രിക് തുടങ്ങി അഞ്ച് വിഭാഗങ്ങളിലായി 13 ഡോക്ടർമാരും 61 ജീവനക്കാരുമുണ്ട്. ആധുനികസംവിധാനങ്ങളുള്ള പിറവം പാലച്ചുവട് ഗവ. ആയുർവേദ ആശുപത്രിയും മികവിൽ മുന്നിലാണ്. ആരോഗ്യമേഖലയിൽ ചെലവഴിച്ച തുക, സാന്ത്വനപരിചരണ പരിപാടികൾ, കായകൽപ്പ, മറ്റ് ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ചാണ്‌ മുളന്തുരുത്തി ബ്ലോക്കിന്‌ പുരസ്‌കാരം ലഭിച്ചത്‌. 

സാധാരണക്കാരുടെ ആരോഗ്യകേന്ദ്രമായി ഗവ. ആശുപത്രികളെ മാറ്റിയ ജീവനക്കാർക്കുള്ള അംഗീകാരമായാണ് തുടർച്ചയായി രണ്ടാംതവണയും ജില്ലാ ആർദ്രകേരളം പുരസ്കാരം മണീടിനെ തേടി എത്തിയത്. കഴിഞ്ഞവർഷം മുഖ്യമന്ത്രിയുടെ സ്പെഷ്യൽ ഇന്നൊവേഷൻസ് അവാർഡ്‌ മണീട് കുടുംബാരോഗ്യകേന്ദ്രത്തിന്‌ ലഭിച്ചിരുന്നു. ആയുർവേദം, ഹോമിയോ വിഭാഗം ആശുപത്രികളും മികച്ച നിലവാരം പുലർത്തുന്നു.

പ്രതിരോധ കുത്തിവയ്‌പ്‌, വാർഡുതല പ്രവർത്തനങ്ങൾ, പൊതുസ്ഥലങ്ങളിലെ മാലിന്യനിർമാർജനം തുടങ്ങിയവയാണ്‌ പൈങ്ങോട്ടൂരിന്‌ നേട്ടമായത്‌. മൂന്നുലക്ഷം രൂപയാണ്‌ സമ്മാനത്തുക. മൂന്നാംസ്ഥാനം ലഭിച്ച കുമ്പളം പഞ്ചായത്തിന്‌ രണ്ടുലക്ഷം രൂപയാണ് സമ്മാനമായി ലഭിക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top