04 June Sunday

ചുരം കയറാൻ നേതാക്കൾക്ക്‌ മോഹം ; അയോഗ്യതയല്ല , ഉപതെരഞ്ഞെടുപ്പ് 
സ്ഥാനാർഥിത്വമാണ് കോൺഗ്രസിൽ മുഖ്യം

സുജിത്‌ ബേബിUpdated: Monday Mar 27, 2023


തിരുവനന്തപുരം
കോടതിവിധിയുടെ മറവിൽ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ സംഘപരിവാർ രാഷ്ട്രീയത്തിതിരെ രാജ്യമാകെ പ്രതിഷേധമുയരുമ്പോഴും വയനാട്ടിലെ ഉപതെരഞ്ഞെടുപ്പാണ് കേരളത്തിലെ കോൺഗ്രസിനുള്ളിൽ ചർച്ച. മുഹമ്മദ്‌ ഫൈസലിനെ അയോഗ്യനാക്കിയതിന്‌ പിന്നാലെ ലക്ഷദ്വീപില്‍ ഉപതെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചപോലെ വയനാട്ടിലുണ്ടായാല്‍ ആരാകും സ്ഥാനാർഥിയെന്നാണ് കോൺഗ്രസിലെ ചർച്ച. 

കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനടക്കമുള്ള നേതാക്കൾ ഉപതെരഞ്ഞെടുപ്പിനെക്കുറിച്ചാണ്‌ ആലോചിക്കുന്നതും പറയുന്നതും. രാഹുൽ ഗാന്ധിക്കെതിരായ സംഘപരിവാർ നടപടിയെ ശക്തമായി എതിർത്ത ഇടതുപക്ഷം തെരഞ്ഞെടുപ്പിൽ തങ്ങളെ പിന്തുണയ്‌ക്കുമോയെന്ന ചോദ്യവുമായി ചർച്ചയ്‌ക്ക്‌ തുടക്കമിട്ടുതും സുധാകരനാണ്‌. ‘‘തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കട്ടെ, നേരിടാൻ ഞങ്ങൾ തയ്യാറാണ്‌’’ എന്നായിരുന്നു സുധാകരൻ കഴിഞ്ഞ ദിവസം പറഞ്ഞത്‌. 

ആരാകണം സ്ഥാനാർഥി എന്നതടക്കമുള്ള കാര്യത്തിൽ നേതാക്കളും അണികളും ചർച്ച ആരംഭിച്ചുകഴിഞ്ഞു. സ്ഥാനാർഥിത്വമുറപ്പിക്കാനുള്ള നീക്കങ്ങളും ഒരുവിഭാഗം ശക്തമാക്കി. രാഹുൽ ഗാന്ധിയുടെ വിശ്വസ്തനായ കെ സി വേണുഗോപാലടക്കമുള്ളവർ സീറ്റിൽ കണ്ണുവയ്ക്കുന്നു. രാഹുലിന്‌ പകരക്കാരനായി വേണുഗോപാലിന്‌ അവസരം ലഭിക്കുമെന്നാണ്‌ അദ്ദേഹത്തിന്റെ അടുത്ത കേന്ദ്രങ്ങളുടെ പ്രതീക്ഷ. കൽപ്പറ്റ എംഎൽഎ ടി സിദ്ദിഖടക്കമുള്ള രണ്ടാംനിര നേതാക്കൾക്കും സീറ്റിൽ മോഹമുണ്ട്‌. 2019ൽ സിദ്ദിഖിനെ പ്രഖ്യാപിച്ച ശേഷമാണ്‌ രാഹുൽഗാന്ധിയെ വയനാട്ടിലെത്തിച്ചത്‌. രാഹുലിനായി വഴിമാറിയ തനിക്ക്‌ സ്വാഭാവികമായും അവസരം ലഭിക്കുമെന്നാണ്‌ സിദ്ദിഖിന്റെ പ്രതീക്ഷ.

വി ടി ബൽറാം, ഷാനിമോൾ ഉസ്‌മാൻ തുടങ്ങി ഒരുപിടി നേതാക്കളും ചുരം കയറാൻ ആഗ്രഹിക്കുന്നുണ്ട്. രാഹുലിന്‌ പകരം പ്രിയങ്ക ഗാന്ധിയെത്തന്നെ രംഗത്തിറക്കണമെന്ന ചർച്ചയും കോൺഗ്രസിലുണ്ട്‌. ഉപതെരഞ്ഞെടുപ്പുണ്ടായാൽ മത്സരിക്കാൻ തയ്യാറാണെന്ന പ്രഖ്യാപനവുമായി എൻഡിഎ ഘടകകക്ഷിയായ ബിഡിജെഎസും രംഗത്തെത്തി. ഇക്കാര്യത്തിൽ കേന്ദ്രനേതൃത്വവുമായി ചർച്ച നടത്തുമെന്ന്‌ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top