16 April Tuesday
തിരിച്ചടവ്‌ കാലാവധി നീട്ടൽ : കിട്ടാക്കടമല്ലാത്ത എല്ലാ വായ്‌പകൾക്കും പ്രയോജനകരം

2019നു മുമ്പുള്ള വായ്പകൾക്ക്‌ പലിശ ഇളവിന്‌ അപേക്ഷ നൽകണം ; തിരിച്ചടവ്‌ കാലാവധി നീട്ടൽ കിട്ടാക്കടമല്ലാത്ത എല്ലാ വായ്‌പകൾക്കും പ്രയോജനകരം

വെബ് ഡെസ്‌ക്‌Updated: Saturday Mar 28, 2020


റിസർവ്‌ ബാങ്കിന്റെ പലിശനിരക്ക്‌ ഇളവ്‌ വായ്‌പയ്‌ക്ക്‌ ലഭിക്കുന്നത്‌ വായ്‌പയുടെ സ്വഭാവമനുസരിച്ചാകും. പലിശനിരക്ക് കൂടുകയോ കുറയുകയോ ചെയ്തേക്കാവുന്ന ഫ്ലോട്ടിങ് നിരക്കിൽ 2019 ഒക്ടോബർ ഒന്നിനുശേഷം വായ്പകൾ എടുത്തവർക്കുമാത്രമെ സ്വാഭാവികമായി കുറഞ്ഞനിരക്കിന്റെ ആനുകൂല്യം ലഭിക്കൂ. ഈ തീയതിക്കുമുമ്പ്‌ ഫ്ലോട്ടിങ് റേറ്റ് വായ്പകൾ എടുത്തവരാണെങ്കിലും ഇളവുലഭിക്കണമെങ്കിൽ ബാങ്കിൽ പ്രത്യേകം അപേക്ഷ നൽകണം. വായ്‌പാ കാലാവധി മുഴുവൻ നിശ്ചിത നിരക്കിൽ പലിശ നൽകേണ്ട സ്ഥിര നിരക്ക്‌ വായ്പകൾക്കും ആനുകൂല്യം ലഭിക്കില്ല.

കോവിഡ്‌ പശ്ചാത്തലത്തിൽ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ്‌ റിസർവ് ബാങ്ക് പലിശ നിരക്കുകളിൽ കുറവ് വരുത്തിയത്‌. ഇതോടെ ബാങ്കുകൾ അവരുടെ ഭവന, വാഹന വായ്പകളിലും കുറവുവരുത്തും.  ഭവനവായ്പ 2019 ഒക്ടോബർ ഒന്നുമുതൽ എടുത്തിട്ടുള്ളതാണെങ്കിൽ ഫ്ലോട്ടിങ് നിരക്കിലുള്ളതും റിപോയുമായി ബന്ധിപ്പിച്ചുള്ളതുമായിരിക്കാം. അതിന് പലിശ ഇളവ് ലഭിക്കും. നിലവിലുള്ള പലിശയിൽ 0.75 ശതമാനം കുറവുലഭിക്കുമെന്നും അതിനായി ബാങ്കുകളിൽ പ്രത്യേക അപേക്ഷ നൽകേണ്ടതില്ലെന്നും ബാങ്കിങ് മേഖലയിൽ നിന്നുള്ളവർ പറയുന്നു. പുതിയ നിരക്ക് പ്രാബല്യത്തിൽ വരുന്നതുമുതൽ  ബാങ്കിന്റെ കംപ്യൂട്ടർ സംവിധാനത്തിൽ അത് ക്രമീകരിക്കപ്പെടും.

നിലവിലുള്ള മാസ ​ഗഡു (ഇഎംഐ) തുടർന്നും അടയ്ക്കുകയാണെങ്കിൽ പലിശയിൽ കുറവ് ലഭിക്കുന്ന തുക മുതലിലേക്ക് പോകും. ഭാവി പലിശയിൽ കുറവ് കിട്ടുന്നതിനും വായ്പാ കാലാവധി കുറയുന്നതിനും ഇത്‌ സഹായകമാകും. 2019 ഒക്ടോബർ ഒന്നിനുമുമ്പ്  എംസിഎൽആർ (മാർജിനൽ കോസ്റ്റ്‌ ഓഫ് ലെൻഡിങ് റേറ്റ്) അടിസ്ഥാനമാക്കിയുള്ള വായ്പകളാണ് ബാങ്കുകൾ നൽകിയിരുന്നത്. ഈ തീയതിക്കുശേഷം വ്യക്തി​ഗത വായ്പ, ഭവനവായ്പ, വസ്തു വായ്പ, വാഹന വായ്പ തുടങ്ങിയ ചെറുകിട വായ്പകൾ എംസിഎൽആർ നിരക്കിൽ നൽകാൻ ആർബിഐ അനുമതിയില്ല. വായ്പ എംസിഎൽആർ നിരക്കിൽ എടുത്തിട്ടുള്ളതാണെങ്കിൽ അത് റിപോ ബന്ധിത വായ്പയാക്കി  പലിശനിരക്കിലെ കുറവ് നേടാം. വായ്പ എടുത്തവർ ആവശ്യപ്പെട്ടാൽ ഇങ്ങനെ മാറ്റണമെന്ന് ആർബിഐ നിർദേശമുണ്ട്. വായ്പ മാറ്റുന്നതിന് ബാങ്കിന് പ്രത്യേക അപേക്ഷ നൽകണം.

തിരിച്ചടവ്‌ കാലാവധി നീട്ടൽ : കിട്ടാക്കടമല്ലാത്ത എല്ലാ വായ്‌പകൾക്കും  പ്രയോജനകരം
ബാങ്ക്‌ വായ്‌പകൾക്ക് റിസർവ് ബാങ്ക്  പ്രഖ്യാപിച്ച മൂന്നുമാസം തിരിച്ചടവ്‌ കലാവധി നീട്ടൽ പദ്ധതി കിട്ടാക്കടമല്ലാത്ത എല്ലാ വായ്പകൾക്കും പ്രയോജനപ്പെടും.  റിസർവ് ബാങ്ക്‌  നയം അനുസരിച്ച്‌ തിരിച്ചടവ്‌ തീയതി കഴിഞ്ഞ്‌ 90 ദിവസംവരെ കുടിശ്ശിക ആകുമ്പോഴാണ്‌  വായ്‌പ കിട്ടാക്കടമായി തരം താഴ്‌ത്തുന്നത്‌.  അതിനാൽ, ജനുവരിമുതലുള്ള കുടിശ്ശിക തുക നിൽക്കുന്ന വായ്പകൾ കാലാവധി നീട്ടൽ പദ്ധതിയിൽ ഉൾപ്പെടും.  ജൂൺ 30 വരെയുള്ള തിരിച്ചടവുകൾ വായ്‌പാ ഉപയോക്താവിന്  വേണമെങ്കിൽ ഒഴിവാക്കാം. ഇത്‌ അനുസരിച്ച്‌  ജൂലൈമുതലുള്ള തിരിച്ചടവ്‌ തവണയിൽ മാറ്റംവരും.   ജനുവരി ഒന്നുമുതൽ മാർച്ച്‌ 27 വരെയുള്ള കുടിശ്ശിക ഗഡുക്കളുടെ പിഴപ്പലിശയുംകൂടി ചേർത്തായിരിക്കും ഈ ക്രമീകരണം. കാലാവധി  നീട്ടൽ പ്രഖ്യാപിച്ചതിനാൽ 27 മുതൽ കുടിശ്ശിക ആകുന്ന തുകയ്‌ക്ക്‌ പിഴപ്പലിശ ഈടാക്കില്ല. 

വായ്‌പാ ഉപയോക്താക്കൾ ബാങ്കിൽനിന്ന്‌  അറിയിപ്പ് ലഭിക്കുന്ന മുറയ്‌ക്ക്‌  അപേക്ഷയും  രേഖകളും   എത്തിക്കണം. കോവിഡ്  ജാഗ്രത തുടരുന്നതിനാൽ  മൊറട്ടോറിയം സംബന്ധിച്ച സംശയങ്ങൾ  ശാഖാ മാനേജരുമായി ഫോണിൽ വിളിച്ച്‌ പരിഹരിക്കാനും സൗകര്യമുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top