26 April Friday

റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ സ്ത്രീശക്തി: ഫ്ളോട്ടിന് അഭിനന്ദന പ്രവാഹം

വെബ് ഡെസ്‌ക്‌Updated: Friday Jan 27, 2023

ന്യൂഡൽഹി> റിപ്പബ്ലിക് ദിന പരേഡില്‍ കേരളവും കേരളത്തിന്റെ സ്ത്രീശക്തിയും  ഹൃദയം കവര്‍ന്നു. സ്ത്രീ ശാക്തികരണത്തിന്റെ ഫോക് പാരമ്പര്യം പ്രമേയമാക്കി അവതരിപ്പിച്ച ഫ്‌ലോട്ടിനെ നിറഞ്ഞ കയ്യടികളോടെയാണ് രാഷ്ട്രപതി ദൗപതി മൂർമുവും വിശിഷ്ഠ വ്യക്തികളും  അനുമോദിച്ചത്. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 24 സ്ത്രീകളാണ് കേരള ഫ്‌ലോട്ടില്‍ അണിനിരന്നത്.

96-ാം വയസ്സില്‍ സംസ്ഥാന സാക്ഷരതാ മിഷന്റെ അക്ഷരലക്ഷം പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ കാര്‍ത്ത്യായനിയമ്മയുടെ പ്രതിമ കേരളത്തിന്റെ ടാബ്ലോയെ കൂടുതല്‍ ഹൃദ്യമാക്കി.ഒപ്പം ദേശീയ പതാകയും കയ്യിലേന്തി നില്‍ക്കുന്ന നഞ്ചിയമ്മയുടെ പ്രതിമയും ബേപ്പൂര്‍ ഉരുവിന്റെ മാതൃകയിലെത്തിയ ടാബ്ലോയില്‍ നിറഞ്ഞുനിന്നു.

പെണ്‍കരുത്തും താളവും ചന്തവും നിറഞ്ഞുനിന്ന വനിതകളുടെ ശിങ്കാരിമേളവും, ഗോത്രനൃത്തവും, കളരിപ്പയറ്റും വേറിട്ട അനുഭവമായി. കണ്ണൂര്‍ ജില്ലയിലെ മാങ്ങാട്ടിടം, പാപ്പിനിശ്ശേരി എന്നിവിടങ്ങളില്‍ നിന്നുള്ള കുടുംബശ്രീ അംഗങ്ങളാണ് ശിങ്കാരിമേളം അവതരിപ്പിച്ചത്.

കളരിപ്പയറ്റുമായി കളം നിറഞ്ഞത് തിരുവനന്തപുരം സ്വദേശികളായ അമ്മയും മകളുമാണ്. ഇരുളാ വിഭാഗത്തില്‍ നിന്നുള്ള എട്ട് സ്ത്രീകള്‍ ഗോത്ര പാരമ്പര്യം ഉയര്‍ത്തി ചൂട് വച്ച് രാജ്യത്തിന്റെ ശ്രദ്ധ നേടി. ആദ്യമായാണ് ഗോത്ര നൃത്തം കേരള ടാബ്ലോയുടെ ഭാഗമാകുന്നത്.  പോരാട്ടത്തിന്റെയും കൃഷിയുടെയും കലയുടെയും വിദ്യാഭ്യാസത്തിന്റെയും പാതയിലൂടെ സ്ത്രീ ശാക്തീകരണം എന്ന ആശയം നടപ്പിലാക്കാന്‍ സാധിക്കുമെന്ന വലിയ സന്ദേശമാണ് കേരളം രാജ്യത്തിന് നല്‍കിയത്.

അട്ടപ്പാടി കേന്ദ്രമാക്കി നഞ്ചിയമ്മയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ​ഗോത്രകലാമണ്ഡലത്തിൽനിന്നുള്ള എട്ട് കലാകാരികളാണ്  ടാബ്ലോയ്ക്ക് നൃത്തം പകരുന്നത്. വിവിധ ഊരുകളിൽനിന്നുള്ള ബി ശോഭ, യു കെ ശകുന്തള, ബി റാണി, കെ പുഷ്പ, സരോജിനി, എൽ രേഖ, വിജയ, എൽ ​ഗൗരി എന്നിവരാണ് ഗോത്ര​നൃത്തം അവതരിപ്പിക്കുന്നത്. ഇരുള നൃത്തത്തിന്റെ​ കൊറിയോ​ഗ്രഫി നിർവഹിച്ചത് എസ് പഴനിസ്വാമിയാണ്. തനത് വേഷവിധാനത്തിലാണ് നൃത്താവതരണം. ബേപ്പൂർ റാണി എന്ന് പേരിട്ട് ഉരുമാതൃകയിൽ തയ്യാറാക്കിയ ടാബ്ലോയുടെ ഇരുവശത്തുമായാണ് നൃത്തം അവതരിപ്പിക്കുന്നത്. ടാബ്ലോയിൽ ഗോത്രനൃത്തത്തിനൊപ്പം ശിങ്കാരിമേളവും കളരിപ്പയറ്റും അവതരിപ്പിക്കും.
 
സ്ത്രീകൾ മാത്രമുള്ള ടാബ്ലോയുടെ ആശയം തയ്യാറാക്കിയതും പ്രതിരോധമന്ത്രാലയത്തിൽ അവതരിപ്പിച്ചതും നോഡൽ ഓഫീസർ സിനി കെ തോമസാണ്. ഡിസൈനർ റോയ് ജോസഫിന്റെ നേതൃത്വത്തിൽ ബിഭൂതി ഇവന്റ്സ് ആൻഡ്‌ അസോസിയേറ്റ്സ് പ്രൈവറ്റ് ലിമിറ്റഡാണ്‌ ഫ്ലോട്ടൊരുക്കുന്നത്. പാലക്കാട് സ്വദേശി ജിതിനാണ് സൗണ്ട് എ‍ൻജിനിയർ. കണ്ണൂർ സ്വദേശി കലാമണ്ഡലം അഭിഷേകാണ് കർത്തവ്യപഥിന് യോജിച്ച വിധം ശിങ്കാരിമേളം ചിട്ടപ്പെടുത്തിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top