കൊച്ചി
സീസണിൽ കൂടുതൽ വിനോദസഞ്ചാരികൾ എത്തുന്ന ഫോർട്ട് കൊച്ചി ബീച്ച് പ്രദേശം നവീകരിക്കാനുള്ള കെഎംആർഎല്ലിന്റെ പദ്ധതിക്ക് തുടക്കമായി. പ്രദേശവാസികൾക്കും വിനോദസഞ്ചാരികൾക്കും ആവശ്യമായ സൗകര്യങ്ങളൊരുക്കിയുള്ള നവീകരണ ജോലികളുടെ ഉദ്‌ഘാടനം മേയർ എം അനിൽകുമാർ നിർവഹിച്ചു.
നവീകരണത്തിന്റെ ഭാഗമായി ബീച്ചിലേക്കുള്ള നടപ്പാതയിൽ പുതിയ ടൈലുകൾ സ്ഥാപിക്കും. കേടായ വഴിവിളക്കുകൾ മാറ്റി പുതിയവ സ്ഥാപിക്കും. ആവശ്യമായ സ്ഥലങ്ങളിൽ പുതിയ വഴിവിളക്കുകളും സ്ഥാപിക്കും. ബീച്ചിനുസമീപം മൂന്ന് ഹൈമാസ്റ്റ് ലൈറ്റുകളും സ്ഥാപിക്കാൻ തീരുമാനിച്ചു. നടപ്പാതയിൽ സ്ഥാപിച്ചിരിക്കുന്ന ചരിത്രപ്രധാന സ്മാരകങ്ങൾ സംരക്ഷിക്കാനും പദ്ധതിയുണ്ട്. ജലമെട്രോ ടെർമിനലിനുസമീപം മീൻ വിൽക്കുന്നവർക്കായി അഞ്ച് പുതിയ ആധുനിക കിയോസ്കുകൾ നൽകും.
ഫോർട്ട് കൊച്ചിയിൽ നടപ്പാക്കുന്നത് 1.69 കോടി രൂപയുടെ പദ്ധതികളാണ്. ജലമെട്രോ ടെർമിനൽ പ്രവർത്തനം ആരംഭിക്കുന്നതിനു മുന്നോടിയായാണ് സമീപ പ്രദേശങ്ങൾ നവീകരിക്കാൻ കെഎംആർഎൽ തീരുമാനിച്ചത്. കെ ജെ മാക്സി എംഎൽഎ, കെഎംആർഎൽ എംഡി ലോക്‌നാഥ് ബെഹ്റ തുടങ്ങിയവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..