08 December Friday

എറണാകുളത്തപ്പൻ ക്ഷേത്രം ; സസ്‌പെൻഡ്‌ ചെയ്‌തവരെ തിരിച്ചെടുത്തതിൽ സത്യവാങ്മൂലം നൽകണം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 26, 2023


കൊച്ചി
മദ്യപിച്ച്‌ ജോലിക്കെത്തിയതിന് സസ്പെൻഡ് ചെയ്ത ജീവനക്കാരെ മതിയായ ശിക്ഷ ഉറപ്പാക്കാതെ തിരിച്ചെടുത്തത്‌ സംബന്ധിച്ച്‌ 10 ദിവസത്തിനകം കൊച്ചിൻ ദേവസ്വം ബോർഡും ദേവസ്വം ചീഫ് വിജിലൻസ് ഓഫീസറും സത്യവാങ്മൂലം നൽകണമെന്ന് ഹൈക്കോടതി. ദേവസ്വം ബോർഡിന്റെ നടപടിയിൽ ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് അതൃപ്തി രേഖപ്പെടുത്തി.

എറണാകുളത്തപ്പൻ ക്ഷേത്രത്തിലെ ഊട്ടുപുരയിൽ ജീവനക്കാരൻ മദ്യപിച്ച്‌ ബഹളമുണ്ടാക്കിയതിനെത്തുടർന്ന് സ്വമേധയാ എടുത്ത ഹർജിയിലാണ് ഉത്തരവ്. അതേസമയം, ക്ഷേത്രത്തിന്റെപേരിൽ ക്ഷേത്ര ക്ഷേമസമിതി വെബ്സൈറ്റ് ഉണ്ടാക്കിയതും സംഭാവന പിരിക്കുന്നതും ബോർഡിന്റെ മുൻകൂർ അനുമതിയില്ലാതെയാണെന്ന് ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു. ക്ഷേത്രത്തിലെ വഴിപാടുകൾക്കുവേണ്ടിയല്ല പണപ്പിരിവ്‌ നടത്തിയതെന്നും ഉത്സവ നടത്തിപ്പിനുള്ള സംഭാവനയായാണ് പണം വാങ്ങിയതെന്നും ക്ഷേത്ര ക്ഷേമസമിതി മറുപടി നൽകി. ഇങ്ങനെ പിരിക്കണമെങ്കിലും ബോർഡിന്റെ സീൽഡ് കൂപ്പൺ ഉപയോഗിക്കണമെന്ന് കോടതി ചൂണ്ടിക്കാട്ടി.

2018–-19 മുതൽ ക്ഷേത്ര ക്ഷേമസമിതി 39 ലക്ഷം രൂപ നൽകാനുണ്ടെന്നും പിഴപ്പലിശസഹിതം തുക ലഭിക്കണമെന്നും ബോർഡ് വ്യക്തമാക്കി. ഇക്കാര്യം ആവശ്യപ്പെട്ട് ദേവസ്വം ബോർഡ് ക്ഷേത്ര ക്ഷേമസമിതിക്ക് നോട്ടീസ് നൽകിയിട്ടുണ്ടോയെന്ന് അറിയിക്കാൻ കോടതി നിർദേശിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
-----
-----
 Top