25 April Thursday

ബാഗേജ്‌ എത്തിയ ദിവസങ്ങളിൽ കോൺസുലേറ്റിൽ സ്വപ്‌നയും ; കോൺസുലേറ്റ്‌ ജീവനക്കാരെ വീണ്ടും ചോദ്യം ചെയ്യും

വെബ് ഡെസ്‌ക്‌Updated: Sunday Jul 26, 2020


സ്വന്തം ലേഖകൻ
യുഎഇ കോൺസുലേറ്റിലെ ജീവനക്കാരെ വിശദമായി ചോദ്യം ചെയ്യും. കള്ളക്കടത്തിൽ അറ്റാഷെയ്‌ക്ക്‌ പങ്കുണ്ടെന്ന്‌  സ്വപ്‌ന സുരേഷ്‌ മൊഴി നൽകിയതിനു പിന്നാലെയാണ്‌ നീക്കം.

നേരത്തേ കസ്റ്റംസ്‌, എൻഐഎ സംഘങ്ങൾ ജീവനക്കാരെ ചോദ്യം ചെയ്‌തിരുന്നു. സ്വർണക്കടത്തിനെക്കുറിച്ച്‌ അറിയില്ലെന്നും അറ്റാഷെയുടെ ആവശ്യപ്രകാരമാണ് സരിത്തും സ്വപ്‌നയും കോൺസുലേറ്റിൽ വന്നിരുന്നതെന്നും ജീവനക്കാർ മൊഴി നൽകിയിരുന്നു. അറ്റാഷെയുടെ നിർദേശ പ്രകാരം  ബാഗേജ്‌ എടുക്കാൻ വിമാനത്താവളത്തിൽ പോയിട്ടുണ്ടെന്നും ചിലർ വെളിപ്പെടുത്തി. 

സരിത്തിനെ ബാഗേജ്‌ എടുക്കാൻ വിട്ട ദിവസങ്ങളിൽ എല്ലാം കോൺസുലേറ്റിൽ സ്വപ്‌നയുടെ സാന്നിധ്യമുണ്ടായിരുന്നതായും വിവരമുണ്ട്‌‌.   ഒളിവിൽ പോകുംമുമ്പ്‌ സ്വപ്‌നയും അറ്റാഷെയും തമ്മിൽ കണ്ടതായും എൻഐഎയ്‌ക്ക്‌ വിവരം ലഭിച്ചിട്ടുണ്ട്‌. അറ്റാഷെയുടെ ഫ്ലാറ്റിലായിരുന്നു കൂടിക്കാഴ്‌ച.

സ്വപ്നയുടേത് വ്യാജ സർട്ടിഫിക്കറ്റ്
സ്പെയ്സ് പാർക്കിൽ ജോലിക്കായി സ്വപ്ന സുരേഷ് ഹാജരാക്കിയത് വ്യാജ ബിരുദ സർട്ടിഫിക്കറ്റുതന്നെയെന്ന് സർവകലാശാല. അന്വേഷണ ഉദ്യോഗസ്ഥനായ കന്റോൺമെന്റ് അസി. കമീഷണർ സുനീഷ് ബാബുവിനെ മഹാരാഷ്ട്രയിലെ ഡോ. ബാബാ സാഹെബ് അംബേദ്കർ ടെക്നോളജി സർവകലാശാല രജിസ്ട്രാറാണ്‌ ഇക്കാര്യം അറിയിച്ചത്. ഈ സർവകലാശാലയുടെ പേരിലാണ്‌ സ്വപ്ന വ്യാജ ബികോം സർട്ടിഫിക്കറ്റ് നിർമിച്ചത്. കേരള ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ പരാതിയിലാണ്‌ അന്വേഷണം. കൺസൾട്ടൻസി കരാറുള്ള പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സും ഇടനില കമ്പനി വിഷൻ ടെക്നോളജിയും രണ്ടും മൂന്നും പ്രതികളാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top