25 April Thursday
വിജയ്‌ ബാബുവിനെ ചേർത്തുപിടിച്ചു

ഷമ്മി തിലകൻ ‘അമ്മ’യിൽനിന്ന്‌ പുറത്തായേക്കും ; നടപടി അച്ചടക്കലംഘനം ആരോപിച്ച്

വെബ് ഡെസ്‌ക്‌Updated: Sunday Jun 26, 2022


കൊച്ചി
അച്ചടക്കലംഘനത്തിന്റെ പേരിൽ നടൻ ഷമ്മി തിലകനെ പുറത്താക്കണമെന്ന്‌ താരസംഘടനയായ അമ്മയുടെ ജനറൽബോഡിയിൽ ആവശ്യം. ഭൂരിപക്ഷവും പുറത്താക്കലിനെ അനുകൂലിച്ചെങ്കിലും അന്തിമതീരുമാനത്തിന്‌ അമ്മ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയെ ചുമതലപ്പെടുത്തി.

ഷമ്മിയിൽനിന്ന്‌ വീണ്ടും വിശദീകരണം തേടിയശേഷം തീരുമാനമുണ്ടാകുമെന്ന്‌ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഷമ്മി തിലകന്റെ അച്ഛൻ നടൻ തിലകനെ അച്ചടക്കലംഘനത്തിന്‌ 2010ൽ അമ്മ പുറത്താക്കിയിരുന്നു. ജനറൽബോഡിയിൽ നടൻ ജഗദീഷ്‌ ഒഴികെ എല്ലാവരും ഷമ്മിയെ പുറത്താക്കണമെന്നാണ്‌ ആവശ്യപ്പെട്ടത്‌. സംഘടനയുടെ മുൻ ജനറൽബോഡി ചർച്ച ഷമ്മി തിലകൻ മൊബൈൽ കാമറയിൽ ചിത്രീകരിച്ചതാണ്‌ അച്ചടക്കലംഘനമായത്‌. സമൂഹമാധ്യമങ്ങളിലടക്കം സംഘടനയെ അവഹേളിച്ച്‌ ഷമ്മി പ്രതികരിച്ചെന്നും ഭാരവാഹികൾ പറഞ്ഞു. മൂന്നുതവണ വിശദീകരണം ചോദിച്ചിട്ടും മറുപടി നൽകിയില്ല. ആവശ്യപ്പെട്ടിട്ടും അച്ചടക്കസമിതി കമ്മിറ്റിക്കുമുന്നിൽ ഹാജരായില്ല. ജനറൽബോഡിയിൽ ഷമ്മി പങ്കെടുത്തിരുന്നില്ല. 

‘നടപടി നേരിടാൻ തയ്യാർ’
താൻ ചെയ്‌ത തെറ്റ്‌ എന്താണെന്ന്‌ താരസംഘടന ബോധ്യപ്പെടുത്തിയിട്ടില്ലെന്ന്‌ നടൻ ഷമ്മി തിലകൻ പറഞ്ഞു. കത്തിന്  മറുപടി നൽകിയെങ്കിലും പ്രതികരണം  ലഭിച്ചിട്ടില്ല. എന്നിട്ടും നടപടിയെടുക്കുകയാണെങ്കിൽ  നേരിടാൻ തയാറാണെന്നും ഷമ്മി മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു.

എന്റെ ശബ്ദം എന്തിനുവേണ്ടി എന്ന് അറിയുന്നവർ എനിക്കെതിരെ നടപടി സ്വീകരിക്കില്ല.  മാഫിയാസംഘം എന്ന്‌  ഒരിക്കലും പറഞ്ഞിട്ടില്ല. എന്റെ കൂടി കാശിനാണ് സംഘടന തുടങ്ങിയത്. ചിലർക്ക്‌ മാത്രമാണ്‌ പുറത്താക്കാൻ താൽപ്പര്യം. അത് അച്ഛനോടുള്ള കലിപ്പാണ്‌. എനിക്കെതിരെയുള്ള നടപടി  വ്യക്തിപരവും ചില ഭാരവാഹികളുടെ കലിപ്പുകൊണ്ടുമാണ്. ഞായറാഴ്‌ചത്തെ ജനറൽബോഡി അറിയിച്ചിട്ടില്ലെന്നും ഷമ്മി തിലകൻ പറഞ്ഞു.

വിജയ്‌ ബാബുവിനെ ചേർത്തുപിടിച്ചു
ബലാത്സംഗ കേസിൽ പ്രതിയായ നടൻ വിജയ്‌ ബാബുവിനെതിരെ നടപടി വേണ്ടെന്ന്‌ അമ്മ ജനറൽബോഡി. കേസ്‌ കോടതി പരിഗണിക്കുന്നതിനാൽ ഇപ്പോൾ നടപടി ആവശ്യമില്ലെന്നും എക്സിക്യൂട്ടീവ്‌ കമ്മിറ്റിയിൽനിന്ന്‌ വിജയ്‌ ബാബു സ്വയം ഒഴിഞ്ഞതാണെന്നും ജനറൽ സെക്രട്ടറി ഇടവേള ബാബു വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

കേസിൽ  മറ്റു ചർച്ച നടത്തുന്നില്ല. ഈ വിഷയത്തിൽ അമ്മയുടെ പരാതിപരിഹാര സെല്ലിൽനിന്നുള്ള മൂന്നുപേരുടെ രാജി അംഗീകരിച്ചു. അമ്മയ്ക്കുമാത്രമായി ഇനി ആഭ്യന്തര പരാതിപരിഹാര സമിതി (ഐസിസി) ഇല്ല. സിനിമാമേഖലയ്ക്ക്‌ മൊത്തമായി ഫിലിം ചേംബറിനു കീഴിൽ ഒരു ഐസിസി രൂപീകരിക്കും. സമിതിയിൽ അമ്മ പ്രതിനിധി ഉണ്ടാകുമെന്നും ഇടവേള ബാബു പറഞ്ഞു.

എക്സിക്യൂട്ടീവ്‌ കമ്മിറ്റിയുടെ വാർത്താക്കുറിപ്പിൽ ഐസിസി എന്ന്‌ ചേർക്കാത്തതുകൊണ്ടും അമ്മയിൽ ഐസിസിയുടെ ആവശ്യം ഇല്ലാത്തതിനാലുമാണ്‌ അധ്യക്ഷ സ്ഥാനത്തുനിന്ന്‌ രാജിവച്ചതെന്ന്‌ ശ്വേത മേനോൻ പറഞ്ഞു. വിജയ്‌ ബാബു സംഭവവുമായി തന്റെ രാജിക്ക്‌ ബന്ധമില്ലെന്നും ശ്വേത അറിയിച്ചു.

സംഘടനയിലെ മുതിർന്ന അംഗങ്ങൾക്കായി ചികിത്സാകേന്ദ്രം ആരംഭിക്കാൻ ധനസമാഹരണത്തിന്‌ സ്റ്റേജ്‌ ഷോ സംഘടിപ്പിക്കും. അംഗത്വഫീസ്‌ ഒരുലക്ഷം രൂപയിൽനിന്ന്‌ 2.55 ലക്ഷം രൂപയായി ഉയർത്താനും ജനറൽബോഡി തീരുമാനിച്ചു. വാർത്താസമ്മേളനത്തിൽ മോഹൻലാൽ, സിദ്ദിഖ്‌, മണിയൻപിള്ള രാജു, ജയസൂര്യ തുടങ്ങിയവരും പങ്കെടുത്തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top