23 April Tuesday

ഖരമാലിന്യ പരിപാലന പദ്ധതി : ലോകബാങ്ക് പ്രതിനിധികളുമായി 
മന്ത്രി ചർച്ച നടത്തി

വെബ് ഡെസ്‌ക്‌Updated: Sunday Jun 26, 2022


തിരുവനന്തപുരം
കേരള ഖരമാലിന്യ പരിപാലന പദ്ധതി സംബന്ധിച്ച്  ലോകബാങ്ക് പ്രതിനിധി സംഘവുമായി മന്ത്രി എം വി ഗോവിന്ദൻ കൂടിക്കാഴ്ച നടത്തി. ലോകബാങ്ക് പ്രാക്ടീസ് മാനേജർ മെസ്‌കെരം ബ്രഹനെ, സീനിയർ അർബൻ ഇക്കണോമിസ്റ്റ് ആൻഡ് ടാസ്‌ക് ടീം ലീഡർ ഷിയു ജെറി ചെൻ, അർബൻ കൺസൾട്ടന്റ് റിദിമാൻ സാഹ എന്നിവരായിരുന്നു സംഘത്തിൽ. അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ഖരമാലിന്യ സംസ്കരണ പദ്ധതി ഡയറക്ടർ മിർ മുഹമ്മദ്, ജോയിന്റ് ഡയറക്ടർ യു വി ജോസ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു. മാലിന്യപരിപാലനത്തിന്റെ ലോകമാതൃകയാക്കി പദ്ധതിയെ മാറ്റുമെന്ന് മന്ത്രി പറഞ്ഞു.

ഖരമാലിന്യ പരിപാലനത്തിനും സംസ്‌കരണത്തിനുമായി തദ്ദേശസ്ഥാപന തലങ്ങളിലും മേഖലാ തലങ്ങളിലും വിവിധ മാലിന്യസംസ്‌കരണ സംവിധാനം ഒരുക്കും.  പ്രാദേശിക സവിശേഷതകൾക്കനുസരിച്ച് ഓരോ നഗരസഭയും തയ്യാറാക്കുന്ന സമഗ്ര ഖരമാലിന്യ പരിപാലന മാസ്റ്റർ പ്ലാനിന് ആവശ്യമായ സാങ്കേതിക സഹായം നൽകും. ഇതിലൂടെ സാങ്കേതികമായും സാമ്പത്തികമായും പാരിസ്ഥിതികമായും സുസ്ഥിര ഖരമാലിന്യ സംസ്‌കരണ സംവിധാനം വികസിപ്പിക്കാനും കാര്യക്ഷമമായി കൈകാര്യം ചെയ്യുന്ന തലത്തിലേക്ക് തദ്ദേശസ്ഥാപനങ്ങളെ ശാക്തീകരിക്കാനും സാധിക്കും.

നഗരസഭകൾക്ക് നിലവിലുള്ള മാലിന്യസംസ്‌കരണ സംവിധാനം കൂടുതൽ ശക്തിപ്പെടുത്താനും നടപ്പാക്കാനുമായി ആദ്യഘട്ട ഗ്രാന്റ്‌  ലഭ്യമാക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. പരമ്പരാഗതമായി മാലിന്യം ഉപേക്ഷിക്കുന്ന സ്ഥലങ്ങളിൽ ഭൂമി വീണ്ടെടുക്കുന്ന പ്രവർത്തനങ്ങളും ആരംഭിച്ചു.

നഗരങ്ങളിലെ മാലിന്യസംസ്‌കരണം ശക്തിപ്പെടുത്തുന്നതിനും ആധുനിക ശാസ്ത്രീയ സാങ്കേതിക സംവിധാനങ്ങൾ ഒരുക്കുന്നതിനും ലോകബാങ്ക്,  ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്ക് എന്നിവയുടെ സാമ്പത്തിക സഹായത്തോടെ സംസ്ഥാന സർക്കാർ വിഭാവനംചെയ്ത പദ്ധതിയാണ് കേരള ഖരമാലിന്യ പരിപാലന പദ്ധതി. ആറുവർഷമാണ്  കാലയളവ്. 2300 കോടി രൂപയാണ് അടങ്കൽ തുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top