11 May Saturday

ഹൃദ്‌രോഗികള്‍ക്ക് സൗജന്യ മിനിമലി ഇന്‍വേസീവ് കാര്‍ഡിയാക് സര്‍ജറി ; രാജ്യത്തിന് മാതൃകയായി 
വീണ്ടും ജനറല്‍ ആശുപത്രി

സ്വന്തം ലേഖികUpdated: Friday May 26, 2023

മിനിമലി ഇന്‍വേസീവ് കാര്‍ഡിയാക് സര്‍ജറി നടത്തുന്ന മെഡിക്കല്‍ ടീം



കൊച്ചി
എറണാകുളം ജനറൽ ആശുപത്രിയിൽ ഹൃദ്‌രോഗികൾക്ക് സൗജന്യ മിനിമലി ഇൻവേസീവ് കാർഡിയാക് സർജറി (എംഐസിഎസ്‌) പദ്ധതി ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. രാജ്യത്ത് ആദ്യമായി ജില്ലാ ആശുപത്രിയിൽ ഹൃദയശസ്ത്രക്രിയയും ഹൃദയം തുറക്കാതെ വാൽവ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും നടന്നത് എറണാകുളം ജനറൽ ആശുപത്രിയിലാണ്. ബൈപാസും വാൽവ് മാറ്റിവയ്ക്കലും ഉൾപ്പെടെ അഞ്ചു മിനിമലി ഇൻവേസീവ് കാർഡിയാക് സർജറികളാണ് ഇവിടെ വിജയകരമായി നടത്തിയത്.

ഇന്ത്യയിൽ ആറുശതമാനം ആശുപത്രികളിൽമാത്രമേ പതിവായി ഈ സർജറി നടത്തുന്നുള്ളൂ. പരമ്പരാഗത ഓപ്പൺ ഹാർട്ട് സർജറികളെ അപേക്ഷിച്ച് കുറഞ്ഞ വേദന, മെച്ചപ്പെട്ട ശ്വാസകോശപ്രവർത്തനം, വേഗത്തിലുള്ള സുഖംപ്രാപിക്കൽ എന്നിവയാണ് മിനിമലി ഇൻവേസീവ് കാർഡിയാക് സർജറിയുടെ പ്രത്യേകത.
സർജറി ചെയ്യാൻ വിപുലമായ ശസ്ത്രക്രിയാവൈദഗ്ധ്യം, പ്രത്യേക ഉപകരണങ്ങൾ, പരിശീലനം ലഭിച്ച വ്യക്തികൾ തുടങ്ങിയ എല്ലാ സൗകര്യങ്ങളും ജനറൽ ആശുപത്രിയിൽ സർക്കാർ ഒരുക്കിയിട്ടുണ്ട്. പുതിയ ശസ്ത്രക്രിയാരീതിയിൽ നെഞ്ചിൻകൂട് മുറിക്കാതെ വാരിയെല്ലുകൾക്കിടയിലൂടെ ചെറിയ മുറിവുണ്ടാക്കിയാണ്‌ വാൽവ് മാറ്റിവയ്‌ക്കലും ബൈപാസ് സർജറികളും നടത്തുന്നത്‌.

ബൈപാസ് സർജറികൾ, വാൽവ് റിപ്പയർ, വാൽവ് മാറ്റിവയ്ക്കൽ, ഹൃദയത്തിലെ സുഷിരങ്ങൾ തുടങ്ങി വിവിധ ഓപ്പറേഷനുകൾ ഈ സർജറിയിലൂടെ നടത്താനാകും. പരമ്പരാഗത ഹൃദയശസ്ത്രക്രിയയിൽ സുഖപ്രാപ്തിക്കുള്ള സമയം 12 ആഴ്ചയാണെങ്കിൽ ഇതുവഴി മൂന്ന്‌ ആഴ്ചകൾക്കകം രോഗികൾക്ക് സാധാരണജീവിതത്തിലേക്ക് മടങ്ങാം. സ്വകാര്യമേഖലയിൽ 10 മുതൽ 15 ലക്ഷം രൂപവരെ ചെലവുവരുന്ന സർജറിയാണ് സർക്കാരിന്റെ ചികിത്സാ പാക്കേജിൽ ഉൾപ്പെടുത്തി ചെയ്യുന്നത്.
ആശുപത്രി സൂപ്രണ്ട് ഡോ. ഷഹിർഷായുടെ ഏകോപനത്തിൽ ഹൃദയശസ്ത്രക്രിയാവിദഗ്ധൻ ഡോ. ജോർജ് വാളൂരാൻ, ഡോ. അഹമ്മദ് അലി, കാർഡിയാക് അനസ്തറ്റിസ്റ്റ് ഡോ. ദിവ്യ എന്നിവരുടെ നേതൃത്വത്തിലാണ് കാർഡിയോ തൊറാസിക് സർജറി വിഭാഗം പ്രവർത്തിക്കുന്നത്. ഇതുവരെ 383 മൈനർ സർജറികളും 126 മേജർ സർജറികളും ഉൾപ്പെടെ 509 ശസ്ത്രക്രിയകൾ പൂർത്തിയാക്കിയിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top