26 April Friday

കൈക്കൂലി അറസ്റ്റ്‌ ; മിന്നൽ പരിശോധനയുമായി റവന്യുവകുപ്പ്‌

വെബ് ഡെസ്‌ക്‌Updated: Friday May 26, 2023


തിരുവനന്തപുരം
കൈക്കൂലിയുമായി വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്‌  അറസ്റ്റിലായ പശ്ചാത്തലത്തിൽ മിന്നൽ പരിശോധനയുമായി റവന്യുവകുപ്പ്‌. വ്യാഴാഴ്‌ച സംസ്ഥാനത്തെ വിവിധ വില്ലേജ് ഓഫീസുകളിലാണ്‌ പരിശോധന നടത്തിയത്‌. സെക്രട്ടറിയറ്റിലെ ഉന്നത ഉദ്യോഗസ്ഥരും ലാൻഡ്‌ റവന്യു കമീഷണറേറ്റിലെ പരിശോധനാ സംഘവും 11 ഡെപ്യൂട്ടി കലക്ടർമാരും മൂന്ന്‌ സീനിയർ സൂപ്രണ്ടുമാരും പരിശോധനയ്‌ക്ക്‌ നേതൃത്വം നൽകി.

മന്ത്രി കെ രാജന്റെ അധ്യക്ഷതയിൽ ചേർന്ന റവന്യു സെക്രട്ടറിയറ്റിന്റെ നിർദേശപ്രകാരമാണ്‌ പരിശോധന. സർട്ടിഫിക്കറ്റും സേവനവും നൽകാതിരുന്നാൽ കർശന നടപടി സ്വീകരിക്കാൻ ലാൻഡ്‌ റവന്യു കമീഷണറെ ചുമതലപ്പെടുത്തി. മൂന്നു മേഖലാ റവന്യു വിജിലൻസ് ഓഫീസുകളുടെ പ്രവർത്തനം ശക്തമാക്കാനും കമീഷണറേറ്റിലെയും കലക്ടറേറ്റുകളിലെയും പരിശോധന വിഭാഗങ്ങൾ ശക്തമാക്കാനും നടപടി സ്വീകരിച്ചു. ഇതിനായി കൂടുതൽ ജീവനക്കാരെ ചുമതലപ്പെടുത്തും.
ഓൺലൈൻ സേവനം പരമാവധി പ്രയോജനപ്പെടുത്തുന്നതോടെ അഴിമതി ഗണ്യമായി കുറയ്‌ക്കാനാകുമെന്നാണ് പ്രതീക്ഷ. റവന്യു ഇ–-- സാക്ഷരതാ പദ്ധതി കാര്യക്ഷമമാക്കും. ഇ–- -സേവനങ്ങൾ നൽകുന്നതിലെ പുരോഗതി പരിശോധിക്കാൻ റവന്യുമന്ത്രിയുടെ ഓഫീസിലും ലാൻഡ്‌ റവന്യു കമീഷണറേറ്റിലും പ്രത്യേക സംവിധാനം ഏർപ്പെടുത്തും.

അഴിമതിക്കേസിലെ നടപടി സമയബന്ധിതമായി പൂർത്തിയാക്കി കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. പൊതുജനങ്ങളിൽനിന്ന് പരാതി സ്വീകരിക്കാൻ ലാൻഡ്‌ റവന്യു കമീഷണറേറ്റിൽ പ്രത്യേക സംവിധാനം ഏർപ്പെടുത്തും. സർവീസ് സംഘടനകളുടെ യോഗം വിളിക്കാനും തീരുമാനിച്ചിട്ടുണ്ട്‌.

റോഡ് പൂർത്തിയാകാതെ ബില്ല്‌ മാറാൻ സഹായിച്ചു,  ഉദ്യോഗസ്ഥർക്ക്‌ സസ്‌പെൻഷൻ
ളാക്കൂർ–പ്രമാടം റോഡിന്റെ നിർമാണം പൂർത്തിയാകും മുമ്പ്‌ കൈക്കൂലിവാങ്ങി കരാറുകാരന്‌ ബിൽ ഒപ്പിട്ട്‌ നൽകിയ പിഡബ്ല്യുഡി ഉദ്യോഗസ്ഥർക്ക്‌ സസ്‌പെൻഷൻ.  പത്തനംതിട്ട ഡിവിഷൻ അസിസ്റ്റന്റ്‌ എക്‌സിക്യൂട്ടീവ്‌ എൻജിനിയർ ബി ബിനുവിനെ സർക്കാരും അസിസ്റ്റന്റ്‌ എൻജിനിയർ അഞ്‌ജു സലീമിനെ ചീഫ്‌ എൻജിനിയറുമാണ്‌ സസ്‌പെൻഡ്‌ ചെയ്‌തത്‌. ആറുമാസംമുമ്പ്‌ വിജിലൻസ്‌ എടുത്ത കേസിൽ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയതായി തെളിഞ്ഞിരുന്നു. കേസിൽ മറ്റൊരു ഉദ്യോഗസ്ഥകൂടി ഉൾപ്പെട്ടിട്ടുണ്ടെന്നാണ്‌ വിവരം.

2020ൽ ബില്ല്‌ മാറിയ പ്രവൃത്തിയിലാണ്‌ നടപടി. റോഡ്‌ നിർമാണത്തിൽ ക്രാഷ്‌ റെയിൽ പൂർണമായി സ്ഥാപിക്കാതെ ബില്ല്‌ മാറാൻ ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയതായാണ്‌ വിജിലൻസ്‌ നിഗമനം. ഡ്രെയിൻ നിർമാണത്തിലും ക്രമക്കേട്‌ കണ്ടെത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top