28 March Thursday

ജനമനസ്സിൽ വിജയകിരീടം ചൂടി ഡോ. ജോ

അമൽ ഷൈജുUpdated: Thursday May 26, 2022

‘യൂത്ത് ഫോർ ജോ’ എന്ന മുദ്രാവാക്യവുമായി ഇടതു യുവജനസംഘടനകൾ ചളിക്കവട്ടത്ത് സംഘടിപ്പിച്ച സെെക്കിൾ റാലിയിൽ ഡോ. ജോ ജോസഫ് അണിചേർന്നപ്പോൾ. ഡിവെെഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എം റഹീം എംപി, സംസ്ഥാന പ്രസിഡന്റ് വി വസീഫ്, വി ശിവദാസൻ എംപി, ഡിവെെഎഫ്ഐ സംസ്ഥാന സെക്രട്ടറി വി എസ് സനോജ് എന്നിവർ ഒപ്പം


കൊച്ചി
തൃക്കാക്കരയുടെ ജനമനസ്സുകളിൽ വിജയകിരീടംചൂടി ഡോ. ജോ ജോസഫിന്റെ പൊതുപര്യടനം എട്ടാംദിനത്തിലും ആവേശത്തോടെ മുന്നോട്ട്‌. മത്താപ്പും പൂത്തിരികളും മുത്തുക്കുടകളുമായി സ്വീകരണകേന്ദ്രങ്ങൾ വർണമനോഹരമായി. തുറന്നവാഹനത്തിൽ എത്തുന്ന സ്ഥാനാർഥിയെ മുദ്രാവാക്യം വിളികളോടെ സ്വീകരണകേന്ദ്രങ്ങളിൽ എൽഡിഎഫ്‌ പ്രവർത്തകർ വരവേറ്റു. സ്വീകരണകേന്ദ്രങ്ങളിൽ ഓടിനടന്ന് പിന്തുണതേടുന്ന ഡോ. ജോ ജോസഫ്, തങ്ങളുടെ പ്രിയ ഡോക്ടറെ അടുത്ത കേന്ദ്രത്തിലെത്തിക്കാൻ ആവേശത്തോടെ യുവാക്കൾ,

ജോലിക്കുപോകാതെ സ്ഥാനാർഥിയെ കാണാൻ കാത്തുനിന്നവർ. ഹൃദയനിർഭരമായ കാഴ്ചകൾ സമ്മാനിച്ചാണ്‌ ഡോ. ജോ ജോസഫ്‌ തൃക്കാക്കര ജനതയുടെ മനസ്സിൽ ഇടംനേടിയത്‌. പുലർച്ചെ ആറരയോടെ തൃക്കാക്കരയുടെ ഹൃദയത്തിലേക്ക് "യൂത്ത് വാക്കു'മായാണ് ഡോ. ജോ നടന്നുകയറിയത്. ഇടതുയുവജന സംഘടനകളുടെ നേതൃത്വത്തിൽ കോരു ആശാൻ സ്‌ക്വയറിൽനിന്ന്‌ ആരംഭിച്ച യൂത്ത് വാക്ക് തൈക്കൂടം ബണ്ട് റോഡിൽ സമാപിച്ചു. തൊട്ടുപിന്നാലെ സൈക്കിളിലേക്ക്‌ യാത്ര മാറ്റി. ചളിക്കവട്ടത്തുനിന്ന്‌ ആരംഭിച്ച് ഒബ്‌റോൺ മാളിനുമുന്നിൽ സമാപിച്ച "യൂത്ത് ഫോർ ജോ' സൈക്കിൾയാത്രയിൽ യുവാക്കൾക്കൊപ്പം എംപിമാരായ എ എ റഹീം, വി ശിവദാസൻ എന്നിവരും എത്തി. കതൃക്കടവ്‌ കെടിഎച്ചിനുമുന്നിൽനിന്ന്‌ ആരംഭിച്ച പൊതുപര്യടനം ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം ഡോ. ഷിജുഖാൻ ഉദ്‌ഘാടനം ചെയ്തു. തമ്മനം കളത്തുങ്കൽ ബാവ റോഡിൽ എത്തിയ സ്ഥാനാർഥിയെ ഹൃദയം നൽകി വോട്ടർമാർ വരവേറ്റു. ഹൃദയത്തിന്റെ മാതൃക കൈമാറിയവർ തൃക്കാക്കരയുടെ ഹൃദയം ഡോക്ടറുടെ കൈകളിൽ സുരക്ഷിതമാണെന്ന്‌ പ്രഖ്യാപിച്ചാണ്‌ അദ്ദേഹത്തെ യാത്രയാക്കിയത്. ഖാദർ റോഡ് ജങ്‌ഷൻ, ലേബർ നഗർ കോളനി, റൂബി ലൈൻ, എ കെ ജി നഗർ, അഞ്ചുമുറി കപ്പപ്പള്ളി എന്നിവിടങ്ങളിൽ സഞ്ചരിച്ച് ഉച്ചയോടെ ലേബർനഗറിൽ സമാപിച്ചു. വൈകിട്ട്‌ നാലിന്‌ തൃക്കാക്കര ജുമാ മസ്ജിദിനുസമീപത്തുനിന്ന്‌ ആരംഭിച്ച പര്യടനം എൽഡിഎഫ്‌ ജില്ലാ കൺവീനർ ജോർജ്‌ ഇടപ്പരത്തി ഉദ്‌ഘാടനം ചെയ്തു. കുടിലിമുക്ക് തൈക്കാവ്, കരിമക്കാട്, തോപ്പിൽ ജങ്‌ഷൻ, ഇഞ്ചിപ്പറമ്പ്, വൈലോപ്പിള്ളി ലെയിൻ, കൊയ്ക്കാര്യം പാടം, ചാത്തൻവേലി പാടം,  കണ്ണംകുളം തുടങ്ങിയ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച പര്യടനം അമ്പാടിമൂലയിൽ സമാപിച്ചു. "കഴിഞ്ഞ നിയമസഭാ പരീക്ഷയിൽ തോറ്റുപോയ തൃക്കാക്കരയ്ക്ക് സെഞ്ചുറിയടിച്ച് വിജയിച്ചുകയറാൻ ലഭിച്ച ഒരവസരമാണിത്', ഡോ. ജോ ജോസഫിന്റെ വാക്കുകളെ നിറഞ്ഞ കൈയടികളോടെ തൃക്കാക്കര ജനത ഏറ്റെടുക്കുന്ന കാഴ്ചയാണ്‌ പര്യടനത്തിലുടനീളം കണ്ടത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top