04 June Sunday
യുഎഇ മേഖലയിൽനിന്ന്‌ കേരളത്തിലേക്കുള്ള 
14 സർവീസ് എയർ ഇന്ത്യ നിർത്തി

വിമാനക്കൊള്ള ; ഗൾഫ്‌ കേരള വിമാനനിരക്കിൽ നാലിരട്ടി വർധന

ബഷീർ അമ്പാട്ട്‌Updated: Sunday Mar 26, 2023


കരിപ്പൂർ
വേനലവധിയും റംസാൻ, വിഷു ആഘോഷങ്ങളും കണക്കിലെടുത്ത്‌ മലയാളികളെ കൊള്ളയടിക്കാൻ ലക്ഷ്യമിട്ട്‌ വിമാനക്കമ്പനികൾ യാത്രാനിരക്ക്‌ നാലിരട്ടിയോളം കൂട്ടി. കേരളത്തിൽനിന്ന്‌ ഗൾഫ് നാടുകളിലേക്കും തിരിച്ചുമുള്ള വിമാനനിരക്കിലാണ്‌ വർധന. നിരക്ക്‌ ഞായറാഴ്‌ച നിലവിൽവന്നു. എയർ ഇന്ത്യയാണ്‌ ആദ്യം വർധിപ്പിച്ചതെങ്കിലും മറ്റു വിമാനക്കമ്പനികളും ഇതുപിന്തുടരും. വിമാന ഇന്ധനത്തിന്റെ വില ഈയിടെ കുറച്ചിരുന്നു, എന്നിട്ടും യാത്രാക്കൂലി കുറയ്ക്കാൻ തയ്യാറാകാതിരുന്ന വിമാനക്കമ്പനികളാണ്‌ തിരക്ക്‌ മുതലെടുത്ത്‌ യാത്രക്കാരെ കൊള്ളയടിക്കുന്നത്‌.

ഖത്തറിലേക്കാണ് ഏറ്റവും വലിയ വർധന, 10,000 മുതൽ 15,000 വരെയുണ്ടായിരുന്ന യാത്രാനിരക്ക്‌ 38,000 –-40,000 ആക്കി. നെടുമ്പാശേരി–- ദുബായ്‌ യാത്രയ്‌ക്ക്‌ 9000 മുതൽ 12,000 രൂപവരെയായിരുന്നത്‌  30,000 രൂപയാക്കി. കരിപ്പൂർ–- ദുബായ്‌ നിരക്ക് 31,000 രൂപയും തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിൽനിന്ന്‌  ദുബായ്‌ നിരക്ക് 30,500 രൂപയുമാണ്. കുവൈത്തിലേക്കുമാത്രമാണ് മാറ്റമില്ലാത്തത്. നേരത്തെയുള്ള 25,000 നിലനിർത്തി. സൗദി മേഖലയിലും വർധനയുണ്ട്‌. 15,000 മുതൽ 19,000 രൂപവരെയായിരുന്നത്‌ 20,000 മുതൽ 23,000 രൂപവരെയാക്കി. വേനലവധി കഴിയുംവരെ തുകയിൽ കാര്യമായ കുറവുവരാനിടയില്ല.

ചെറിയ പെരുന്നാളും വിഷുവും ആഘോഷിക്കാൻ വരുന്നവർക്കും ഗൾഫിൽ കുടുംബത്തിനൊപ്പം ചേരാൻ ആഗ്രഹിക്കുന്നവർക്കും വർധന വലിയ പ്രയാസമുണ്ടാക്കും. മലബാർ മേഖയിൽനിന്ന്‌ ലക്ഷക്കണക്കിന്‌ പേരാണ്‌ ഗൾഫ്‌ മേഖലയിലേക്ക്‌ ഇത്തരത്തിൽ യാത്രചെയ്യുന്നത്‌.

ഗൾഫ്‌ മേഖലയിലേക്കുള്ള വിമാനസർവീസ്‌ എയർ ഇന്ത്യ വെട്ടിക്കുറച്ചതോടെ സീറ്റുകൾ കുറയുന്നതും ടിക്കറ്റ്‌ നിരക്ക്‌ കൂട്ടാൻ കാരണമായിട്ടുണ്ട്‌. പ്രവാസികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുന്നത് മുന്നിൽക്കണ്ട് ഏപ്രിലിൽ നിരക്ക് ഇനിയും ഉയർത്തിയേക്കാനുമിടയുണ്ട്‌. 

ജെറ്റ് ഇന്ധനത്തിന്റെ വിലയിൽ മാർച്ച്‌ ഒന്നിന്‌ നാലായിരത്തോളം രൂപ കുറഞ്ഞിരുന്നു. അന്താരാഷ്ട്ര എണ്ണവിലയിലെ ഇടിവിനെ തുടർന്ന് കഴിഞ്ഞവർഷം നാലുതവണയായി വിമാന ഇന്ധന വില കുറഞ്ഞു. അതിന്റെയൊന്നും ആനുകൂല്യം യാത്രക്കാർക്ക്‌ നൽകിയിരുന്നില്ല.  രണ്ടാഴ്ചയിലെ അന്താരാഷ്ട്ര എണ്ണവിലയുടെ നിരക്കിനെ അടിസ്ഥാനമാക്കി എല്ലാ മാസത്തിലെയും 1, 16 തീയതികളിൽ ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന്റെ വില പരിഷ്കരിക്കാറുണ്ട്.

ഗൾഫിലേക്കില്ല, 
എയർ ഇന്ത്യ !
യുഎഇ മേഖലയിൽനിന്ന്‌ കേരളത്തിലേക്കുള്ള 14 സർവീസുകൾ അവസാനിപ്പിച്ച്‌ എയർ ഇന്ത്യ. ഞായറാഴ്‌ച രാത്രി എട്ടിന്‌ കരിപ്പൂരിൽനിന്ന്‌ പുറപ്പെട്ട ഷാർജ സർവീസാണ്‌ അവസാനമായി എയർ ഇന്ത്യയുടെതായി ഗൾഫ്‌ മേഖലയിലേക്ക്‌ പുറപ്പെട്ടത്‌. കരിപ്പൂരിൽനിന്നുള്ള മൂന്നു പതിറ്റാണ്ടുപിന്നിട്ട സർവീസും ഇതിലുൾപ്പെടും. തിങ്കളാഴ്‌ചമുതൽ എയർ ഇന്ത്യക്ക് കരിപ്പൂരിൽനിന്ന്‌ നാല് മുംബൈ സർവീസ് മാത്രമാണുണ്ടാകുക. സ്വകാര്യവൽക്കരണത്തെ തുടർന്ന് എയർ ഇന്ത്യയിൽ വരുത്തുന്ന മാറ്റങ്ങളുടെ ഭാഗമായാണ്‌ സർവീസ്‌ വെട്ടിക്കുറയ്‌ക്കൽ. 

സാധാരണക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ദുബായ്‌–- കരിപ്പൂർ, ഷാർജ–- കരിപ്പൂർ സർവീസുകൾ പൂർണമായും നിർത്തി.  ഈ മേഖലയിൽ ഇനി എയർ ഇന്ത്യ എക്സ്പ്രസിന്റെ രണ്ട് സർവീസുകളാണുണ്ടാവുക. താരതമ്യേന ചെലവ്‌ കുറഞ്ഞ ബിസിനസ്‌ ക്ലാസ് യാത്രയും ഇല്ലാതാകും.18 ബിസിനസ്‌ ക്ലാസ് ഉൾപ്പെടെ 256 പേർക്ക് യാത്രചെയ്യാവുന്ന വലിയ എയർ ഇന്ത്യ വിമാനങ്ങളാണ് പിൻവലിച്ചത്. 170 പേർക്ക് യാത്രചെയ്യാവുന്ന ചെറിയ എയർക്രാഫ്റ്റുകൾമാത്രമേ ഇനി സർവീസിന് ഉപയോഗിക്കൂ.

1992 ഫെബ്രുവരി 15നാണ് കരിപ്പൂരിൽനിന്നുള്ള ആദ്യ അന്താരാഷ്ട്ര സർവീസ് ആരംഭിച്ചത്. 31 വർഷംമുമ്പ്‌ ഇന്ത്യൻ എയർലൈൻസ്‌ ആരംഭിച്ച ഷാർജ സർവീസ് പിന്നീട് എയർ ഇന്ത്യ ഏറ്റെടുക്കുകയായിരുന്നു.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top