26 April Friday

വിശന്നിരിക്കേണ്ട ; സ്‌നേഹ‌‘ക്കലവറ’കൾ വിരുന്നൂട്ടും

വെബ് ഡെസ്‌ക്‌Updated: Friday Mar 27, 2020


കൊച്ചി
കോവിഡ് കാലത്ത് ആരും പട്ടിണി കിടക്കരുതെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ യാഥാർഥ്യമാക്കാൻ ഊർജിത നടപടിയായി. ജില്ലയിലെ 82 പഞ്ചായത്തുകളിലായി 100 കമ്യൂണിറ്റി കിച്ചണുകൾ പ്രവർത്തനസജ്ജമായി.  കുടുംബശ്രീയുടെ നേതൃത്വത്തിൽ 150 കിച്ചൺകൂടി ഉടന്‍ ആരംഭിക്കും. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ഇവയുടെ പ്രവർത്തനം. കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നവർക്കും ലോക്ക്‌ഡൗൺമൂലം പെട്ടുപോയവർക്കും ഇനി ഭക്ഷണക്കാര്യത്തിൽ ആശങ്ക വേണ്ട.  സ്കൂളുകളുടെ അടുക്കളകൾ, ഓഡിറ്റോറിയങ്ങൾ, ഹോസ്റ്റലുകൾ, ആരാധനാലയങ്ങളോട് ചേർന്ന കെട്ടിടങ്ങൾ,  ഹോട്ടലുകൾ തുടങ്ങിയവകൂടി കമ്യൂണിറ്റി കിച്ചണുകളുടെ പ്രവർത്തനത്തിനായി ഏറ്റെടുത്തിട്ടുണ്ട്.

തിരുവാണിയൂർ പഞ്ചായത്തിന്റെ കീഴിൽ വണ്ടിപ്പേട്ട വാർഡിൽ ഇതിനായി സ്ഥലവും ഉപകരണങ്ങളും പഞ്ചായത്തുതന്നെ ഒരുക്കി. 152 പേരാണ് പഞ്ചായത്തിനുകീഴിലെ വിവിധ വാർഡുകളിൽ കോവിഡ്–-19 നിരീക്ഷണത്തിലുള്ളത്. നിരവധി കമ്പനികളിൽ ലോക്ക്‌ഡൗൺമൂലം നാട്ടിലേക്ക്‌ പോകാൻ കഴിയാതെ വന്ന തൊഴിലാളികളുമുണ്ട്‌. ആവശ്യക്കാർക്ക് ബന്ധപ്പെടാൻ മൂന്ന് ഫോൺ നമ്പരുകൾ നൽകിയിട്ടുണ്ട്. നവമാധ്യമങ്ങൾവഴിയും വാർഡ് അംഗങ്ങൾവഴിയും ഫോൺ നമ്പരുകൾ പ്രചരിപ്പിക്കും.

കുടുംബശ്രീ പ്രവർത്തകർക്കാണ് പാചകച്ചുമതല. പഞ്ചായത്തിനുകീഴിലെ നാലു കുടുംബശ്രീ പ്രവർത്തകരെ ഇതിന്‌ ചുമതലപ്പെടുത്തി. പച്ചക്കറി ഉൾപ്പെടെയുള്ള സാധനങ്ങളും പഞ്ചായത്തുതന്നെ നൽകും. ആവശ്യക്കാർക്ക് പഞ്ചായത്തിന്റെ വാഹനത്തിൽ അതത് സ്ഥലത്ത്‌ ഭക്ഷണമെത്തി ക്കും. ഓരോ വാർഡിലും സന്നദ്ധപ്രവർത്തനത്തിനായി സേന രൂപീകരിച്ച്‌ പത്തംഗങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

എത്തിക്കുന്ന ഭക്ഷണം സേനാംഗങ്ങൾ ആവശ്യക്കാരുടെ വീടുകളിലെത്തിക്കും. കർശന സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചാണ് ഓരോ വീട്ടിലേക്കും പ്രവർത്തകർ എത്തുക. ആവശ്യക്കാരുടെ എണ്ണത്തിനനുസരിച്ച് ഭക്ഷണം പാചകം ചെയ്യാനുള്ള സൗകര്യങ്ങൾ പഞ്ചായത്ത് ഒരുക്കിയിട്ടുണ്ട്. ഭക്ഷണം ആവശ്യമുള്ളവർ 9446127630 എന്ന നമ്പരിൽ ബന്ധപ്പെടണം.

കുന്നത്തുനാട് പഞ്ചായത്തിലും കമ്യൂണിറ്റി കിച്ചൺ പ്രവർത്തനമാരംഭിച്ചു. ഭക്ഷണം ആവശ്യമുള്ളവർ 9497734677 എന്ന നമ്പരിൽ വിളിക്കണം. അങ്കമാലി നഗരസഭയുടെ നേതൃത്വത്തിൽ ആരംഭിച്ച കിച്ചണിൽ 150  ഭക്ഷണപ്പൊതിയും കുടിവെള്ളവും വിതരണം ചെയ്യുന്നു. തൃപ്പൂണിത്തുറ നഗരസഭയിൽ കമ്മ്യൂണിറ്റി കിച്ചൻ ആരംഭിച്ചു. ആറ് കേന്ദ്രങ്ങളിൽ ആയി മൂന്നു നേരം ഭക്ഷണം എത്തിയ്ക്കുന്നു. ഓരോ വാർഡിൽ നിന്നും   വാളന്റിയേഴ്സ് ലിസ്റ്റിലുള്ളവർക്കും ആയൂർവ്വേദം പുതിയകാവ്, താലൂക്ക് ആശുപത്രി പൊലീസ് സ്റ്റേഷൻ, ഹെൽത്ത് ജീവനക്കാർ വഴിയോര താമസക്കാർ അതിഥി തൊഴിലാളികൾ  എന്നിവർക്കും ഭക്ഷണം എത്തിക്കുമെന്ന് ചെയർപേഴ്സൻ ചന്ദ്രികാാ ദേവി അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top