20 April Saturday

പാക്കേജ്‌ അപര്യാപ്‌തം ; ധനമന്ത്രിമാരുടെ യോഗം വിളിക്കണം: മന്ത്രി തോമസ്‌ ഐസക്‌

വെബ് ഡെസ്‌ക്‌Updated: Friday Mar 27, 2020


സ്വന്തം ലേഖകൻ
കോവിഡിന്റെ പശ്ചാത്തലത്തിൽ കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച ഉപജീവന പാക്കേജ് അപര്യാപ്‌തമണെന്ന്‌ ധനമന്ത്രി തോമസ്‌ ഐസക്‌. പ്രഖ്യാപനങ്ങളിൽ പലതും അവ്യക്തമാണെങ്കിലും കേരളം സ്വാഗതം ചെയ്യുന്നു. പാക്കേജ് ആവശ്യം ആദ്യംതന്നെ കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ ചൂണ്ടിക്കാണിച്ചതാണ്‌. ഇപ്പോഴത്തെ പ്രഖ്യാപനം ജനതയ്ക്ക് തെല്ലൊരു ആശ്വാസമേ നൽകൂ. സംസ്ഥാനങ്ങൾ ഉന്നയിച്ച ഒട്ടേറെ കാര്യങ്ങളിൽ ഇനിയും തീരുമാനമുണ്ടാകാനുണ്ട്‌.

സംസ്ഥാന ധനമന്ത്രിമാരുമായി വീഡിയോ കോൺഫറൻസ്‌ വഴിയെങ്കിലും ധനപ്രതിസന്ധി അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യണം. ജനങ്ങളുടെ കടബാധ്യതകളെക്കുറിച്ചൊന്നും കേന്ദ്രധനമന്ത്രി മിണ്ടുന്നില്ല. അടച്ചുപൂട്ടലോടെ സംസ്ഥാനങ്ങളുടെ വരുമാനമാർഗങ്ങൾ  അടഞ്ഞു. കച്ചവടമില്ലാത്തതിനാൽ ജിഎസ്‌ടിയിൽ ഒന്നും പ്രതീക്ഷിക്കേണ്ടതില്ല. ഇതര നികുതി വരുമാനങ്ങളും തുച്ഛമാകും. കേന്ദ്രത്തിന്‌ നികുതി ഇടിവ്‌ പ്രശ്‌നമാകില്ല. റിസർവ്‌ ബാങ്കിന്റെ കരുതൽ ധനത്തിൽനിന്ന്‌ എടുക്കാനാകും. ഇക്കാര്യങ്ങളിലെല്ലാം കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ ചർച്ച ആവശ്യമാണെന്നും തോമസ്‌ ഐസക്‌ പറഞ്ഞു.

●പ്രഖ്യാപനത്തിലെ  1.7 ലക്ഷം കോടിയുടെ പകുതി മാത്രമേ കേന്ദ്രസർക്കാരിന്‌ ബജറ്റിൽനിന്നുള്ള അധികച്ചെലവായി വരൂ.

● അഞ്ചുകിലോ ധാന്യവും ഒരു കിലോ പയർവർഗങ്ങളും കുടുംബത്തിനാണോ വ്യക്തിക്കാണോ എന്ന് വ്യക്തമല്ല. ധനമന്ത്രി 80 കോടി വ്യക്തികളെക്കുറിച്ചും സഹമന്ത്രി 80 ലക്ഷം ഗുണഭോക്താക്കളെക്കുറിച്ചുമാണ് പരാമർശിച്ചത്‌.

● 46 കോടി ജൻധൻ അക്കൗണ്ടിൽ മൂന്നുമാസം പ്രതിമാസം 500 രൂപ വീതം നൽകുമെന്ന പ്രഖ്യാപനം അപര്യാപ്തമാണ്. സാർവത്രിക പെൻഷനാണ്‌ ആവശ്യം. കേന്ദ്ര പെൻഷൻതുക 200-, 300 രൂപയിൽനിന്ന് 1000 രൂപയാക്കണം.

● പ്രധാൻമന്ത്രി കൃഷി യോജനയിൽ വർഷം ലഭിക്കുന്നത്‌ 6000 രൂപയാണ്. ഇതിൽനിന്ന്‌ ഏപ്രിലിൽ രണ്ടായിരം രൂപം നൽകുന്നത് അധികസഹായമല്ല.

● തൊഴിലുറപ്പു കൂലി  20 രൂപ വർധിക്കുന്നത് സ്വാഗതാർഹമാണ്. ഇത്‌ ഏപ്രിൽ മുതൽ നടപ്പാക്കാൻ തീരുമാനിച്ചിരുന്നതാണ്. കൂലി 50 രൂപയും പ്രവൃത്തി ദിനങ്ങൾ 150 ആയി ഉയർത്തിയതുമില്ല.

● ദേശീയ ആരോഗ്യമിഷന്റെ വിഹിതം ഇരട്ടിയാക്കണമെന്ന ആവശ്യം അവഗണിച്ചു. മൂന്നുമാസത്തേക്ക്‌ ആരോഗ്യ പ്രവർത്തകർക്ക്‌ പ്രഖ്യാപിച്ച ഇൻഷുറൻസും അപര്യാപ്തമാണ്.

● ഇപിഎഫ് പദ്ധതിയിൽ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ, വിവിധ നിബന്ധനകളാൽ ഭൂരിപക്ഷം തൊഴിലാളികൾക്കും നിഷേധിക്കപ്പെടും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top