27 April Saturday

കുടുംബശ്രീവഴി 2,000 കോടി; പത്തോടെ പണമെത്തും ; മൂന്ന്‌ വർഷംവരെ തിരിച്ചടവ്‌ കാലാവധി

റഷീദ‌് ആനപ്പുറംUpdated: Friday Mar 27, 2020



മുഖ്യമന്ത്രി പ്രഖ്യാപിച്ച കുടുംബശ്രീ വഴിയുള്ള 2000 കോടിയുടെ ബാങ്ക്‌ വായ്‌പ പത്തിനകം  അയൽക്കൂട്ടം അംഗങ്ങളുടെ അക്കൗണ്ടിലെത്തും. മൂന്ന്‌ വർഷംവരെ തിരിച്ചടവ്‌ കാലാവധിയിൽ ഒരാൾക്ക്‌ 20,000 രൂപ ലഭിക്കും. ഇതിന്റെ പലിശ സർക്കാർ നൽകും. തിരിച്ചടവിന്‌  നാലുമുതൽ ആറുമാസംവരെ മൊറട്ടോറിയവും ലഭിച്ചേക്കും. സ്‌റ്റേറ്റ്‌ ലെവൽ ബാങ്കേഴ്‌സ്‌ കമ്മിറ്റിയുമായി (എസ്‌എൽബിസി) വ്യാഴാഴ്‌ച നടന്ന ചർച്ചയിൽ കുടുംബശ്രീ എക്‌സിക്യൂട്ടീവ്‌ ഡയറക്ടർ എസ്‌ ഹരികിഷോർ വിശദ പദ്ധതി സമർപ്പിച്ചു. എസ്‌എൽബിസിയുടെ അന്തിമ അനുമതി കിട്ടിയാലുടൻ പദ്ധതി സർക്കാരിന്‌ സമർപ്പിക്കും. തുടർന്നാകും ഉത്തരവിറങ്ങുക. 

കോവിഡ്‌  സൃഷ്‌ടിച്ച  സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ  മുഖ്യമന്ത്രി പിണറായി വിജയൻ 20,000 കോടിയുടെ പാക്കേജ്‌ പ്രഖ്യാപിച്ചിരുന്നു. ഇതിലാണ്‌  2000 കോടിയുടെ കുടുംബശ്രീ വായ്‌പാ പദ്ധതിയും പറഞ്ഞത്‌.

പ്രളയത്തിന്റെ പശ്ചാത്തലത്തിൽ നേരത്തേ കുടുംബശ്രീ പ്രത്യേക വായ്‌പാ പദ്ധതി നടപ്പാക്കിയിരുന്നു. 1,95,000 കുടുംബങ്ങൾക്ക്‌ 1680 കോടിയാണ്‌ വായ്‌പ ലഭ്യമാക്കിയത്‌. പലിശയായി 131 കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന്‌ നൽകി. രണ്ടാംഘട്ടമായി  90 കോടി പലിശ ഇനത്തിൽ ഉടൻ നൽകും. സമാന രീതിയിലാണ്‌ കോവിഡ്‌ വായ്‌പാ പദ്ധതിയും.

സംസ്ഥാനത്ത്‌   2.9 ലക്ഷം അയൽക്കൂട്ടങ്ങളിൽ  46 ലക്ഷം അംഗങ്ങളുണ്ട്‌. അയൽക്കൂട്ടങ്ങൾക്ക്‌ ശരാശരി ആറ്‌ ലക്ഷംരൂപവരെ വായ്‌പ അനുവദിക്കും. ഈ തുക അയൽക്കൂട്ടം  അംഗങ്ങൾക്ക്‌ നൽകും.   മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വന്നശേഷം ധനസെക്രട്ടറി എസ്‌എൽബിസി അധികൃതരുമായി ചർച്ച നടത്തി. ഇതിന്റെ ഭാഗമായാണ്‌ കുടുംബശ്രീ വിശദമായ പദ്ധതി എസ്‌എൽബിസിക്ക്‌ നൽകിയത്‌.

എസ്‌എൽബിസി അധികൃതർ ബാങ്ക്‌ മേധാവികളുമായി ഓൺലൈൻ വഴി ചർച്ച നടത്തി വെള്ളിയാഴ്‌ചതന്നെ പദ്ധതിക്ക്‌ അംഗീകാരം നൽകിയേക്കും.    കോവിഡിന്റെ ഭാഗമായി ഉപജീവനം നിലച്ചവരാണ്‌  മാനദണ്ഡപ്രകാരം വായ്‌പയ്‌ക്ക്‌ അർഹർ. എന്നാൽ, അടച്ചുപൂട്ടൽ പ്രഖ്യാപിച്ചതോടെ എല്ലാ അയൽക്കൂട്ട അംഗങ്ങളും അർഹരാകുമെന്നും  ഹരികിഷോർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top