20 April Saturday
നാളെമുതൽ താൽക്കാലിക കെട്ടിടത്തിൽ

കാത്തിരിപ്പിന്‌ വിരാമം; സ്‌മാർട്ടാകും എറണാകുളം മാർക്കറ്റ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jan 26, 2022

പുതുതായി നിർമിക്കുന്ന മാർക്കറ്റ്‌ കോംപ്ലക്‌സിന്റെ ത്രിമാന ചിത്രീകരണം


കൊച്ചി
എറണാകുളം മാർക്കറ്റ്‌ അത്യാധുനിക രീതിയിൽ നവീകരിക്കുന്നതിന്റെ ഭാഗമായി കച്ചവടസ്ഥാപനങ്ങൾ വ്യാഴാഴ്‌ചയോടെ താൽക്കാലിക കെട്ടിടത്തിലേക്ക്‌ മാറ്റും. പഴയ മാർക്കറ്റിലെ നിർമാണങ്ങൾ പൊളിച്ചുനീക്കി രണ്ടുവർഷത്തിനകം ആധുനിക സൗകര്യങ്ങളോടെ മാർക്കറ്റ്‌ പൂർത്തിയാക്കും. കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡിന്റെ (സിഎസ്എംഎൽ) ഭാഗമായി മാർക്കറ്റും അനുബന്ധ സംവിധാനങ്ങളും ഒരുക്കാൻ നൂറുകോടിയോളം രൂപയാണ്‌ ചെലവഴിക്കുക. താൽക്കാലിക മാർക്കറ്റിന്റെ പ്രവർത്തനോദ്‌ഘാടനവും പുതിയ മാർക്കറ്റ്‌ കോംപ്ലക്‌സിന്റെ നിർമാണോദ്‌ഘാടനവും 29ന്‌ പകൽ മൂന്നിന്‌ തദ്ദേശഭരണമന്ത്രി എം വി ഗോവിന്ദൻ ഓൺലൈനിൽ നിർവഹിക്കും. മാർക്കറ്റ്‌ നവീകരണത്തിന്റെ ഭാഗമായി 224 കച്ചവടസ്ഥാപനങ്ങളാണ്‌ താൽക്കാലിക സംവിധാനത്തിലേക്ക്‌ മാറ്റുന്നത്‌. നിലവിലെ മാർക്കറ്റിനുസമീപമാണ്‌ താൽക്കാലിക പുനരധിവാസം ഒരുക്കിയിട്ടുള്ളത്‌. കോർപറേഷന്റെ ഉടമസ്ഥതയിലുള്ള 1.25 ഏക്കർ സ്ഥലത്താണ്‌ സ്‌റ്റീൽ സ്‌ട്രക്‌ചറിൽ താൽക്കാലിക മാർക്കറ്റ്‌ നിർമിച്ചിട്ടുള്ളത്‌. അഞ്ചുകോടി രൂപയാണ്‌ ചെലവ്‌. വൈദ്യുതി, വെള്ളം, പ്രാഥമിക സൗകര്യങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്‌. കച്ചവടക്കാരുടെ ആവശ്യത്തിനനുസരിച്ച്‌ 95 ചതുരശ്ര അടിയും 42.5 ചതുരശ്ര അടിയും വിസ്‌തീർണമുള്ള കടകളും ഷട്ടറുള്ള അറുപതോളം കടകളുമാണുള്ളത്‌.

2003 വരെ സ്‌കൂൾ പ്രവർത്തിച്ചിരുന്ന സ്ഥലമാണിത്‌. തർക്കം നിലനിന്നിരുന്ന ഭൂമി രണ്ടുവർഷത്തേക്ക് കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡിന് കൈമാറാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. തുടർന്നാണ്‌ നൂറ്റാണ്ട്‌ പഴക്കമുള്ള മാർക്കറ്റ്‌ നവീകരിക്കാനുള്ള വർഷങ്ങൾ പഴക്കമുള്ള പദ്ധതി യാഥാർഥ്യമാകാൻ വഴിതെളിഞ്ഞത്‌. സാധനങ്ങൾ കയറ്റുന്നതിനും ഇറക്കുന്നതിനും ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും താൽക്കാലിക മാർക്കറ്റിനോടനുബന്ധിച്ചുണ്ട്‌. പുനരധിവസിപ്പിക്കുന്ന കച്ചവടക്കാരുടെ യോഗം കഴിഞ്ഞദിവസം മേയർ എം അനിൽകുമാറിന്റെ സാന്നിധ്യത്തിൽ ചേർന്ന്‌ സൗകര്യങ്ങളിൽ തൃപ്‌തി അറിയിച്ചിരുന്നു. കച്ചവടക്കാർ മുഴുവൻ ഒഴിഞ്ഞശേഷം പഴയ മാർക്കറ്റിലെ നിർമാണങ്ങൾ പൊളിച്ചുനീക്കും. ഇതിന്‌ കരാർ നൽകി. രണ്ടാഴ്‌ചയ്‌ക്കകം മുഴുവൻ നിർമാണങ്ങളും നീക്കി സിഎസ്‌എംഎല്ലിന്‌ ഭൂമി കൈമാറും.

പുതിയ മാർക്കറ്റ്‌ കെട്ടിടത്തിന്‌ 19,960 ചതുരശ്രമീറ്റർ വിസ്‌തീർണമാണുണ്ടാകുക. മാർക്കറ്റ്‌ കോംപ്ലക്‌സിനും അനുബന്ധ സൗകര്യങ്ങളുടെ നിർമാണത്തിനും 62 കോടി രൂപയാണ്‌ ചെലവ്‌. മൊത്തം നാലുനിലകളുണ്ടാകും. നിലവിലുള്ള കച്ചവടക്കാരെ ആദ്യ രണ്ടുനിലകളിലായി പുനരധിവസിപ്പിക്കും. ഗ്രൗണ്ട്‌, ഒന്നാംനിലകളിലായി പച്ചക്കറി, പഴം വിൽപ്പനശാലകളും മീൻ, മാംസം മാർക്കറ്റുകളും പ്രവർത്തിക്കും. മൂന്നാംനില കോർപറേഷനുള്ളതാണ്. ഇവിടെ ഓഫീസുകൾക്കും ഗോഡൗണുകൾക്കും സൗകര്യമൊരുക്കും. വെള്ളം, വൈദ്യുതി തുടങ്ങിയ സൗകര്യങ്ങൾക്കുപുറമെ മാലിന്യസംസ്‌കരണത്തിനുള്ള സംവിധാനങ്ങളും ഒരുക്കും. മാർക്കറ്റ് കോംപ്ലക്‌സിന്റെ ബേസ്‌മെന്റിലും സമീപത്തുമായി 150 വാഹനങ്ങൾ പാർക്ക് ചെയ്യാനാകും. ബഹുനില പാർക്കിങ് സൗകര്യവുമുണ്ടാകും.

മാർക്കറ്റിലേക്കുള്ള റോഡുകളും മുഖംമിനുക്കും. ഷൺമുഖം റോഡിൽനിന്ന് മാർക്കറ്റ് കോംപ്ലക്‌സിന്റെ ഒന്നാംനിലയിലേക്ക് എത്തുന്ന വിധത്തിൽ ആകാശപാതയുടെ നിർമാണം അടുത്തഘട്ടത്തിലാകും നടപ്പാകുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top