28 March Thursday
പുരസ്കാരനിറവിൽ മുളന്തുരുത്തി പബ്ലിക് ലൈബ്രറി

ഈ അംഗീകാരം മണ്ണിനെയും 
മനുഷ്യനെയും അറിഞ്ഞതിന്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jan 26, 2022


മുളന്തുരുത്തി
വായനയ്‌ക്കൊപ്പം, മണ്ണിനും മനുഷ്യനും ഒപ്പം ചേർന്നുനിൽക്കുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്ന മുളന്തുരുത്തി പബ്ലിക് ലൈബ്രറിക്ക് ലൈബ്രറി കൗൺസിൽ പുരസ്കാരം. 50 വർഷം പിന്നിട്ട മികച്ച ഗ്രന്ഥശാലയ്‌ക്കുള്ള 2020ലെ ഇ എം എസ് പുരസ്കാരമാണ് നവതിയിലെത്തിയ പബ്ലിക് ലൈബ്രറിക്ക് ലഭിച്ചത്.
പ്രദേശത്തെ പുരോഗമനചിന്താഗതിക്കാരായ ഒരുപറ്റം യുവാക്കളുടെ നേതൃത്വത്തിൽ 1932ലാണ് ലൈബ്രറി സ്ഥാപിച്ചത്. പ്രവർത്തനമികവിന്റെ 90–-ാംവർഷത്തിൽ മൂവായിരത്തഞ്ഞൂറിലേറെ അംഗങ്ങളും കാൽലക്ഷത്തോളം പുസ്തകങ്ങളുമുള്ള എ ഗ്രേഡ് ലൈബ്രറിയായി. പൂർണമായും കംപ്യൂട്ടർവൽക്കരിച്ച ഇവിടെ മുഴുവൻ പുസ്തകങ്ങളും കാറ്റലോഗും ബൈൻഡ്‌ ചെയ്താണ് നൽകുന്നത്.

കേരള നവോത്ഥാന നേതാക്കളുടെ സന്ദർശനംകൊണ്ടും ധന്യമാണ് ലൈബ്രറി. സാംസ്കാരികനായകർ വായനശാല സന്ദർശിച്ചപ്പോൾ രേഖപ്പെടുത്തിയ അഭിപ്രായങ്ങളടങ്ങുന്ന സന്ദർശക ഡയറിയും സാംസ്‌കാരികനായകരുടെ ഛായാചിത്രങ്ങളുള്ള ചിത്രശാലയും സവിശേഷതയാണ്.

കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തി പുസ്തകരൂപത്തിൽ ലൈബ്രറി പുറത്തിറക്കുന്ന ‘മാരിവിൽ’, വനിതാവേദിയുടെ നേതൃത്വത്തിൽ തയ്യാറാക്കുന്ന സോപ്പുകൾ, വനിതാവേദി പ്രവർത്തകരുടെ തുണിസഞ്ചിനിർമാണ യൂണിറ്റ് എന്നിവയെല്ലാം വേറിട്ട പ്രവർത്തനങ്ങളാണ്. തുണിസഞ്ചിനിർമാണം, സോപ്പുനിർമാണം എന്നിവയിൽ പരിശീലനവുമുണ്ട്‌.

അഞ്ചുവർഷമായി പഞ്ചായത്തിലെ ചെങ്ങോലപ്പാടത്ത് നെൽക്കൃഷിയും ജൈവ പയർക്കൃഷിയും ലൈബ്രറിയുടെ നേതൃത്വത്തിലുണ്ട്. ഇവിടെനിന്നുള്ള കുത്തരി ചെങ്ങോലപ്പാടം കുത്തരി എന്ന പേരിൽ വിപണിയിൽ ലഭ്യമാണ്. അഞ്ചുവർഷമായി നടത്തുന്ന കാർഷികപ്രവർത്തനങ്ങൾ ‘കൃഷിപാഠം’ എന്ന പേരിൽ പുസ്തകമാക്കിയിട്ടുണ്ട്. ഗാന്ധി റഫറൻസ് ലൈബ്രറി, കരിയർ ഗൈഡൻസ് ലൈബ്രറി, മെഡിക്കൽ ലൈബ്രറി എന്നിവയും പ്രവർത്തിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top