കടയ്ക്കൽ
സൈനികനെ ഒരുസംഘം ആളുകൾ തടഞ്ഞുനിർത്തി മർദിച്ച് പുറത്ത് ‘പിഎഫ്‌ഐ’ എന്നെഴുതിയെന്ന പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി. രാജസ്ഥാനിലെ സൈനിക ആസ്ഥാനത്തുനിന്ന് അവധിക്ക് നാട്ടിലെത്തിയ ഇട്ടിവ തുടയന്നൂർ ചാണപ്പാറ ബിഎസ് ഭവനിൽ ഷൈൻ (35)ആണ് പരാതിനൽകിയത്. അവധികഴിഞ്ഞ് തിങ്കളാഴ്ച ജോലി സ്ഥലത്തേക്ക് തിരിച്ചുപോകാനിരിക്കെ ഞായർ രാത്രി സംഭവം നടന്നെന്നാണ് പരാതി. ഫോറൻസിക് വിദഗ്‌ധരും മിലിട്ടറി ഇന്റലിജൻസും പരിശോധന നടത്തി.
കൈകൾ ബന്ധിച്ച് വായ മൂടിയശേഷം മർദിക്കുകയും പുറത്ത് പെയിന്റ് ഉപയോഗിച്ച് പിഎഫ്ഐ (പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ) എന്ന് എഴുതിയെന്നും കഴിഞ്ഞ ദിവസമാണ് ഷൈൻ കടയ്‌ക്കൽ പൊലീസിൽ പരാതി നൽകിയത്. പരാതിയിൽ പറയുന്നത്: ‘സുഹൃത്തിൽനിന്നും കടം വാങ്ങിയ പണം തിരികെ നൽകാനായി പോകവേ ചാണപ്പാറ മുക്കട റോഡിൽ വിജനമായ സ്ഥലത്ത് നാലുപേർ നിൽക്കുന്നതുകണ്ട് എന്താണെന്ന് അന്വേഷിച്ചു. സമീപത്തെ റബർ തോട്ടത്തിൽ ഒരാൾ വീണു കിടക്കുന്നെന്നും അയാളെ പരിചയമുണ്ടോ എന്ന് നോക്കാനും പറഞ്ഞു. അതനുസരിച്ച് തോട്ടത്തിലേക്കിറങ്ങിയപ്പോൾ സംഘത്തിലൊരാൾ ചവിട്ടി നിലത്തിട്ടു. തുടർന്ന് മറ്റുള്ളവർ ചേർന്ന് മർദിച്ചു. സെല്ലോ ടേപ്പുപയോഗിച്ച് വായ മൂടിയശേഷം കൈകൾ കൂട്ടിക്കെട്ടി. തുടർന്ന് ബ്ലെയ്ഡ് ഉപയോഗിച്ച് ടീഷർട്ടിന്റെ പിൻവശം കീറി മുതുകിൽ പിഎഫ്‌ഐ എന്നെഴുതി’. ഷൈൻ രാത്രി 12ഓടെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
കടയ്ക്കൽ പൊലീസ് കേസെടുത്തു. നിരോധിത സംഘടനയായ പിഎഫ്ഐയുമായോ മറ്റേതെങ്കിലും രാഷ്ട്രീയ പാർടികളുമായോ ബന്ധപ്പെട്ടോ ഷൈനുമായി ബന്ധപ്പെട്ടോ സംഘർഷങ്ങളൊന്നും പ്രദേശത്തില്ലെന്ന് നാട്ടുകാർ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..