06 July Sunday
പ്രചാരണവും കിടിലൻ

കേരളം കുതിക്കുന്നു ; മൂന്നുമാസത്തിൽ 38 ലക്ഷം ആഭ്യന്തര സഞ്ചാരികൾ

വെബ് ഡെസ്‌ക്‌Updated: Thursday May 26, 2022


തിരുവനന്തപുരം
സംസ്ഥാനത്തെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഈ വർഷം ആദ്യമൂന്നുമാസം എത്തിയത്‌ 38 ലക്ഷം ആഭ്യന്തരവിനോദസഞ്ചാരികൾ. കഴിഞ്ഞവർഷം ഇതേ കാലയളവിൽ 22 ലക്ഷം പേരാണെത്തിയത്‌. ഈ വർഷം 72.48 ശതമാനം വളർച്ച. കോവിഡിൽനിന്ന്‌ കേരള ടൂറിസം കരകയറിയതിന്റെ സൂചനയാണിതെന്ന്‌ ടൂറിസം മന്ത്രി മുഹമ്മദ്‌ റിയാസ്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തിയത്‌ എറണാകുളം ജില്ലയിലാണ്‌–- 8,11,426. തിരുവനന്തപുരം രണ്ടാമത്–- 6,00,933. ഇടുക്കി (5,11,947), തൃശൂർ (3,58,052), വയനാട് (3,10,322) ജില്ലകൾ തൊട്ടുപിന്നിൽ. ആദ്യമൂന്നുമാസം 43,547 വിദേശ വിനോദസഞ്ചാരികളെത്തി. കഴിഞ്ഞവർഷം ഇതേ കാലയളവിൽ 14,489 പേർ എത്തിയിരുന്നു. 201 ശതമാനം വളർച്ച. എറണാകുളവും തിരുവനന്തപുരവുമാണ് മുന്നിൽ. കഴിഞ്ഞ ഒക്ടോബർ, ഡിസംബർ മാസങ്ങളിൽ നടത്തിയ ‘360 ഡിഗ്രി പ്രചാരണ’ത്തിന്റെ പ്രതിഫലനമാണ് സഞ്ചാരികളുടെ എണ്ണത്തിലുണ്ടായ വർധനയെന്നും മന്ത്രി പറഞ്ഞു. ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി കെ എസ്‌ ശ്രീനിവാസ്‌, ഡയറക്ടർ വി ആർ കൃഷ്‌ണ തേജ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

പ്രചാരണവും  കിടിലൻ
ആഭ്യന്തര ടൂറിസത്തിൽ ഊന്നിയുള്ള പ്രചാരണ പ്രവർത്തനങ്ങൾ വിനോദസഞ്ചാരികളുടെ വരവ്‌ വർധിപ്പിക്കുന്നതായി ടൂറിസം മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌. അന്താരാഷ്ട്ര വിമാന സർവീസുകൾ സാധാരണനില കൈവരിക്കാത്തതിനാൽ രണ്ടുവർഷംകൂടി ആഭ്യന്തര ടൂറിസത്തിന്‌ ഊന്നൽനൽകിയാകും പ്രവർത്തിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

കാരവൻ ടൂറിസം, സാഹസിക ടൂറിസം, ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ രണ്ടാം പതിപ്പ് തുടങ്ങിയവയാണ്‌  കേരളത്തിന്റെ പുതിയ വിനോദ ഉൽപ്പന്നങ്ങൾ.  കേരളത്തിന്റെ വൈവിധ്യമാർന്ന ടൂറിസം അനുഭവങ്ങളുള്ള സന്ദേശം   മാധ്യമങ്ങളിലൂടെ സഞ്ചാരികളിൽ എത്തിക്കുന്നുണ്ട്‌.    
ആഭ്യന്തര വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് കഴിഞ്ഞവർഷം അഹമ്മദാബാദിലെ ട്രാവൽ ആൻഡ് ടൂറിസം മേളയിൽ ‘എ ചേഞ്ച് ഓഫ് എയർ' പ്രമേയം കേരള ടൂറിസം അവതരിപ്പിച്ചു. സ്‌പെയിൻ തലസ്ഥാനമായ മാഡ്രിഡിലും ഇറ്റാലിയൻ നഗരമായ മിലാനിലും കേരള ടൂറിസം ബിസിനസ് ടു ബിസിനസ് (ബിടുബി) മീറ്റ്‌ നടത്തി. ദുബായിലെ അറേബ്യൻ ട്രാവൽ മാർക്കറ്റിൽ പങ്കെടുത്തു. മാസ്‌കത്തിലും മനാമയിലും ബിടുബി മീറ്റ്‌ സംഘടിപ്പിച്ചു. വരുംവർഷങ്ങളിൽ വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ വളർച്ചനേടാനും സഹായിക്കും.

ടൂറിസംവകുപ്പ് പുറത്തിറക്കിയ വാട്സാപ് ചാറ്റ്ബോട്ട് ‘മായ'യുടെ സേവനവും ആഭ്യന്തര, വിദേശ വിനോദസഞ്ചാരികളുടെ വരവിൽ നിർണായക വർധനയ്‌ക്ക്‌ കാരണമാകും. കേരളത്തെ അതിവേഗം കാര്യക്ഷമമായി അടുത്തറിയാൻ വിനോദസഞ്ചാരികൾക്ക് അവസരമൊരുക്കുകയാണ്‌ മായ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top