19 April Friday

ചിലങ്ക കെട്ടും ; ഇടപ്പള്ളിത്തോടിന്‌ ശുചീകരണം

വെബ് ഡെസ്‌ക്‌Updated: Wednesday May 25, 2022


കൊച്ചി
തൃപ്പൂണിത്തുറ മണ്ഡലത്തിലെ എരൂരിൽനിന്ന്‌ ആരംഭിച്ച്‌ തൃക്കാക്കര മണ്ഡലത്തിലൂടെ പോകുന്ന ഇടപ്പള്ളിത്തോടിന്‌ ഇനി അതിവേഗം പെരിയാറിലേക്ക്‌ ഒഴുകിയെത്താം. നീരൊഴുക്ക്‌ തടസ്സപ്പെട്ടിരുന്ന ഒരുകിലോമീറ്ററോളം ഭാഗത്ത്‌ ഓപ്പറേഷൻ വാഹിനി പദ്ധതിയുടെ ഭാഗമായി യുദ്ധകാലാടിസ്ഥാനത്തിലാണ്‌ ശുചീകരണം. ചെളിയും മാലിന്യവും കോരി, പുല്ലും പായലും നീക്കി, കാടും ചെടിയും വെട്ടിനീക്കിയാണ്‌ ഇടപ്പള്ളിത്തോടിനെ വീണ്ടെടുക്കുന്നത്‌.

നഗരപ്രദേശത്തെ നീളമേറിയ തോടുകളിലൊന്നായ ഇടപ്പള്ളിത്തോടിന്റെ ഇടപ്പള്ളി മെട്രോ സ്‌റ്റേഷൻമുതൽ ചെമ്പുമുക്കുവരെയുള്ള ഒരു കിലോമീറ്റർ ഭാഗമാണ്‌ ശുചീകരിക്കുന്നത്‌. ജലസേചനവകുപ്പിന്റെ നേതൃത്വത്തിൽ രണ്ടു യന്ത്രങ്ങൾ ഉപയോഗിച്ചാണ്‌ ശുചീകരണം. അഞ്ചു ദിവസംകൊണ്ട്‌ ടൺകണക്കിന്‌ ചെളിയും മാലിന്യവും കരയ്‌ക്കുകയറ്റി. അതോടെ തൊടിന്‌ ഒരു മീറ്ററോളം ആഴം കൂടി. ശുചീകരണം പൂർത്തിയാകുന്നതോടെ, ഏതു കനത്ത മഴയിലും തൃക്കാക്കര, കളമശേരി പ്രദേശങ്ങളിൽനിന്നുള്ള നീരൊഴുക്ക്‌ താങ്ങാൻ ഇടപ്പള്ളിത്തോടിന്‌ കഴിയുമെന്ന്‌ ജലസേചനവകുപ്പ്‌ അസി. എൻജിനിയർ എ ഹാറൂൺ റഷീദ്‌ പറഞ്ഞു. കഴിഞ്ഞയാഴ്‌ചയുണ്ടായ മഴയിൽ കളമശേരി പ്രദേശത്തുണ്ടായ വെള്ളക്കെട്ടിന്‌ അടിയന്തര പരിഹാരമായാണ്‌ തോട്‌ ശുചീകരണമാരംഭിച്ചത്‌. വ്യവസായമന്ത്രി പി രാജീവിന്റെ നിർദേശപ്രകാരമാണ്‌ നടപടി.
കളമശേരിയിൽ നഗരസഭ നടത്തിയ ചില അശാസ്‌ത്രീയ നിർമാണങ്ങളാണ്‌ വെള്ളക്കെട്ടിന്‌ കാരണമായത്‌. ഇടപ്പള്ളിത്തോട്ടിലേക്ക്‌ എത്തുന്ന നഗരസഭയിലെ പ്രധാന തോടിനുമുകളിൽ സ്ലാബ്‌ ഇടാൻ കോൺക്രീറ്റ്‌ ചെയ്‌തപ്പോൾ തോടിന്റെ വീതി കുറഞ്ഞു. അതോടെ  ഇടപ്പള്ളിത്തോട്ടിലേക്കുള്ള വെള്ളമൊഴുക്ക്‌ തടസ്സപ്പെടുകയായിരുന്നു.

തുകലൻ കുത്തിയതോട്‌ എന്നറിയപ്പെടുന്ന ഇടപ്പള്ളിത്തോടിന്‌ 10.20 കിലോമീറ്ററാണ്‌ നീളം. ജലഗതാഗതത്തിന്‌ ഉപയോഗിച്ചിരുന്ന തോട്‌ പലവിധ കൈയേറ്റങ്ങളുടെ ഭാഗമായി ശുഷ്‌കിച്ചു. നിലവിൽ 13 മുതൽ 18 മീറ്റർവരെ മാത്രമാണ്‌ വീതി. ചമ്പക്കര കനാലിന്റെ ഭാഗമായി എരൂരിൽനിന്നാണ്‌ തുടക്കം. അവിടെനിന്ന്‌ വെണ്ണല, പാലച്ചുവട്‌, ഇടപ്പള്ളി, മുട്ടാർവഴിയാണ്‌ പെരിയാറിലെത്തുന്നത്‌.  ചെളിയും മാലിന്യവും കാലാകാലം നീക്കുന്നുണ്ടെങ്കിലും കൈയേറ്റങ്ങളുടെ ഭാഗമായി തോടിലൂടെയുള്ള നീരൊഴുക്ക്‌ കുറഞ്ഞു. ഒമ്പതു പാലങ്ങളും മൂന്ന്‌ സ്വകാര്യ കൽവർട്ടുകളും ഇടപ്പള്ളി മെട്രോ സ്‌റ്റേഷനും ഇടപ്പള്ളിത്തോടിന്‌ കുറുകെയുണ്ട്‌. ഈ ഭാഗങ്ങളിലാണ്‌ നിലവിൽ നീരൊഴുക്ക്‌ കാര്യമായി തടസ്സപ്പെടുന്നത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top