29 March Friday

പെൻഷൻ വിതരണം 27 മുതൽ; ഭാഗ്യക്കുറി തൊഴിലാളികൾക്കും പെൻഷൻകാർക്കും 1000 രൂപവീതം

വെബ് ഡെസ്‌ക്‌Updated: Wednesday Mar 25, 2020


സാമൂഹ്യസുരക്ഷാ, ക്ഷേമ പെൻഷനുകൾ 27മുതൽ വിതരണം ചെയ്യും. രണ്ടു മാസത്തെ പെൻഷനായിരിക്കും ലഭ്യമാക്കുക. മസ്‌റ്ററിങ്‌ പൂർത്തിയാക്കിയ എല്ലാവർക്കും പെൻഷൻ ലഭ്യമാക്കുമെന്ന്‌ ധനമന്ത്രി ടി എം തോമസ്‌ ഐസക്‌ അറിയിച്ചു. ഇതിനായി 1203 കോടി രൂപ അനുവദിച്ചു.

സാമൂഹ്യസുരക്ഷാ പെൻഷന്‌ 43,21,494 പേർ അർഹരാണ്‌. 1054 കോടി രൂപ അനുവദിച്ചു. സാമ്പത്തിക ഭദ്രതയില്ലാത്ത 26 ക്ഷേമനിധികളിൽ അംഗങ്ങളായ 5,46,791 തൊഴിലാളികൾക്ക്‌ പെൻഷൻ നൽകാൻ 149 കോടി രൂപയും നീക്കിവച്ചു. 31നകം വിതരണം പൂർത്തിയാക്കും. കോവിഡ്‌ പ്രതിസന്ധിയുടെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച അടിയന്തര പാക്കേജിൽ പെൻഷൻ വിതരണവുമുണ്ട്‌. ബാക്കി പെൻഷൻ തുക വിഷുവിനുമുമ്പ്‌ ലഭ്യമാക്കാനാണ്‌ ശ്രമമെന്നും ധനമന്ത്രി വ്യക്തമാക്കി.
 

ഭാഗ്യക്കുറി തൊഴിലാളികൾക്കും  പെൻഷൻകാർക്കും 1000 രൂപവീതം
ലോട്ടറി തൊഴിലാളികൾക്കും പെൻഷൻകാർക്കും 1000 രൂപവീതം അടിയന്തരസഹായം അനുവദിച്ചു. സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും ക്ഷേമനിധിയിലെ സജീവ അംഗങ്ങൾക്കും പെൻഷൻകാർക്കുമാണ്‌ സഹായം ലഭിക്കുക. ഇതിനായി നികുതി വകുപ്പ്‌ അഞ്ചു കോടി രൂപ നീക്കിവച്ചു.

കോവിഡ്‌ പ്രതിരോധ നടപടികളുടെ ഭാഗമായി സംസ്ഥാന ഭാഗ്യക്കുറിയുടെ 10 നറുക്കെടുപ്പ്‌ മാറ്റിയിരുന്നു. 14 ഭാഗ്യക്കുറി റദ്ദാക്കി. ഇത്‌ ഈ മേഖലയിലെ തൊഴിലാളികളുടെ വരുമാനം ഇല്ലാതാക്കുന്ന സാഹചര്യത്തിലാണ്‌ സഹായം. ക്ഷേമനിധി ബോർഡുവഴി തുക വിതരണം ചെയ്യും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top