19 April Friday

രാജ്യം വൈദ്യുതിക്ഷാമത്തിലേക്ക്‌ ; 
ഏപ്രിൽമുതൽ പ്രതിസന്ധിയെന്ന്‌ കേന്ദ്രം

ജെയ്‌സൻ ഫ്രാൻസിസ്‌Updated: Wednesday Jan 25, 2023


കൊച്ചി
രാജ്യം കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക്‌ നീങ്ങുന്നതായി സൂചന. ഏപ്രിൽമുതൽ പ്രതിസന്ധിയുണ്ടാകുമെന്ന്‌ ഊർജമന്ത്രാലയം. പവർകട്ട്‌ ഉൾപ്പെടെയുള്ള കടുത്ത നടപടികൾ ഒഴിവാക്കാനും വൈദ്യുതിലഭ്യത ഉറപ്പാക്കാനുമുള്ള നടപടികൾക്ക്‌  മന്ത്രാലയം തുടക്കമിട്ടു. ഇതിന്റെ ഭാഗമായി ഏപ്രിൽ 10 മുതൽ മെയ്‌ 23വരെ ദിവസേന 1500 മെഗാവാട്ട്‌ വിപണിയിൽ ലഭ്യമാക്കാൻ എൻടിപിസി മറ്റൊരു പൊതുമേഖലാ സ്ഥാപനമായ വിദ്യുത്‌ വ്യാപാർ നിഗം ലിമിറ്റഡിനെ (എൻവിവിഎൻ) ചുമതലപ്പെടുത്തി.

നാഷണൽ ലോഡ്‌ ഡെസ്‌പാച്ച്‌ സെന്ററാണ്‌ വരാനിരിക്കുന്ന വൈദ്യുതിക്ഷാമം  ഊർജമന്ത്രാലയത്തെ അറിയിച്ചത്‌. ഏപ്രിൽമുതൽ മെയ്‌വരെ ഉണ്ടാകാനിടയുള്ള വൈദ്യുതിയുടെ കുറവാണ്‌ ഇപ്പോൾ  വിലയിരുത്തിയിരിക്കുന്നത്‌. തുടർന്നാണ്‌ ഇറക്കുമതി കൽക്കരി ഉപയോഗിച്ച്‌ ഉൽപ്പാദനം നടത്തുന്ന നിലയങ്ങളുമായി ബന്ധപ്പെട്ട്‌ ദിവസവും 1500 മെഗാവാട്ട്‌ വീതം പവർ എക്സ്‌ചേഞ്ചിൽ ലഭിക്കാൻ എൻവിവിഎന്നിനെ നോഡൽ ഏജൻസിയായി നിശ്ചയിച്ചത്‌. ചരിത്രത്തിലാദ്യമാണ്‌ ഇത്തരമൊരു നടപടി.

വൈദ്യുതോൽപ്പാദനശേഷി ഉയർത്തുന്നതിൽ കേന്ദ്രസർക്കാർ വരുത്തിയ വീഴ്‌ചയാണ്‌ പ്രതിസന്ധിക്ക്‌ മുഖ്യകാരണം. എന്നാൽ, വർധിക്കുന്ന വൈദ്യുതി ആവശ്യവും കൽക്കരിദൗർലഭ്യവും പറഞ്ഞ്‌ രക്ഷപ്പെടാനാണ്‌ കേന്ദ്രത്തിന്റെ ശ്രമം. ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന നടപടി എൻടിപിസിയുടെ സാമ്പത്തികസ്ഥിതിയെ ബാധിക്കുന്നതും സ്വകാര്യ കമ്പനികൾക്ക്‌ വരുമാനം ഉറപ്പാക്കുന്നതുമാണ്‌. 1500 മെഗാവാട്ടിനുള്ള ഇടപാട്‌ കമ്പനികളുമായി നടത്തി എക്‌സ്‌ചേഞ്ചിൽ ലഭ്യമാക്കേണ്ടത്‌ എൻവിവിഎൻ ആണ്‌. ഈ വൈദ്യുതി വാങ്ങിയതിനേക്കാൾ കുറഞ്ഞവിലയ്‌ക്ക്‌ കമ്പോളത്തിൽ വിൽക്കേണ്ടിവന്നാൽ നഷ്ടമാകും. ഫിക്‌സഡ്‌ ചാർജിനത്തിലും നഷ്ടം നേരിടും. വിപണിയിൽ കച്ചവടം നടന്നാലും ഇല്ലെങ്കിലും കരാറുറപ്പിച്ച കമ്പനികൾക്ക്‌ തുക നൽകണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top