18 April Thursday

ബിപിസിഎൽ ദേശസാൽക്കരണദിനം ഓർമിപ്പിച്ച്‌ തൊഴിലാളികൾ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 25, 2022


കൊച്ചി
ബിപിസിഎൽ സ്ഥാപിതദിനം ദേശസാൽക്കരണദിനമായി ആചരിച്ച്‌ തൊഴിലാളികൾ. ബിപിസിഎല്ലിന്റെ മാതൃസ്ഥാപനമായ ബർമാഷെൽ ദേശസാൽക്കരിച്ച ജനുവരി ഇരുപത്തിനാലാണ്‌ ബിപിസിഎൽ മാനേജ്‌മെന്റ്‌ കമ്പനിയുടെ സ്ഥാപിതദിനമായി ആചരിക്കുന്നത്‌.

കേന്ദ്രസർക്കാർ ബിപിസിഎൽ വിൽപ്പനയ്‌ക്ക്‌ വേഗം കൂട്ടിക്കൊണ്ടിരിക്കെയാണ്‌ കമ്പനി പൊതുമേഖലയിൽത്തന്നെ നിലനിർത്താനുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി തൊഴിലാളികൾ തിങ്കളാഴ്‌ച ദേശസാൽക്കരണദിനം ആചരിച്ചത്‌. 1976 ജനുവരി 24ന്‌ ബിപിസിഎൽ സ്ഥാപിക്കുകയായിരുന്നില്ല, ബർമാഷെൽ കമ്പനി ദേശസാൽക്കരിക്കുകയാണ്‌ കേന്ദ്രസർക്കാർ ചെയ്‌തത്‌. ഇക്കാര്യം മറച്ചുവച്ചാണ്‌ മാനേജ്‌മെന്റ്‌ സ്ഥാപിതദിനം ആചരിക്കുന്നത്‌.

ദേശസാൽക്കരണത്തിന് 46 വയസ്സ്‌ പൂർത്തിയാകുമ്പോൾ ഭാരത് പെട്രോളിയം കോർപറേഷനെ സ്വകാര്യകമ്പനികൾക്ക്‌ കൈമാറാനുള്ള നീക്കം പൂർത്തിയാകുകയാണ്‌.  ഒരുപക്ഷേ, പൊതുമേഖലയിലുള്ള ബിപിസിഎല്ലിന്റെ അവസാനത്തെ ദേശസാൽക്കരണദിനമാകും തിങ്കളാഴ്‌ച തൊഴിലാളികൾ ആചരിച്ചത്‌.

ഏതാനും മാസങ്ങൾക്കകം വിൽപ്പന പൂർത്തിയാക്കുമെന്നാണ്‌ കേന്ദ്രസർക്കാർ അവകാശപ്പെടുന്നത്‌. 12 ബില്യൺ ഡോളറിന് ബിപിസിഎൽ ഏറ്റെടുക്കാൻ തയ്യാറായി വേദാന്ത ഗ്രൂപ്പ് രംഗത്തുവന്നിട്ടുണ്ട്‌. ബിപിസിഎല്ലിനെ പൊതുമേഖലയിൽ നിലനിർത്തുക എന്ന മുദ്രാവാക്യമുയർത്തി കൊച്ചി റിഫൈനറീസ് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ തൊഴിലാളികൾ ഒന്നടങ്കം കമ്പനിഗേറ്റിൽ സംഘടിച്ച്‌ ദേശസാൽക്കരണദിനം ആചരിച്ചു. ബിപിസിഎൽ വിൽപ്പന നടപടികൾ നിർത്തിവയ്ക്കണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത സിഐടിയു ജില്ലാ ജോയിന്റ്‌ സെക്രട്ടറി എം ജി അജി ആവശ്യപ്പെട്ടു.  സി കെ ജോൺസ്, സി സുരേഷ്‌, എസ്‌ സഞ്ജയ്, പി എം എൽദോ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top