24 April Wednesday

പിടിച്ചത് ഒന്നരക്കോടിയുടെ മയക്കുമരുന്ന് 
5 എൻജിനിയറിങ് വിദ്യാർഥികൾ അറസ്-റ്റിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 25, 2022


കോലഞ്ചേരി
ദക്ഷിണമേഖല എക്‌സൈസ്  കമീഷണറുടെ സ്‌ക്വാഡ് നടത്തിയ റെയ്ഡിൽ ഒന്നരക്കോടിയിലധികം രൂപയുടെ മയക്കുമരുന്ന് പിടിച്ച കേസിൽ എൻജിനിയറിങ് വിദ്യാർഥികളായ അഞ്ചുപേർ അറസ്‌റ്റിൽ.

തളിപ്പറമ്പ് കൈരളം  ഉറപ്പടികര താഴത്തറ റിസ്വാൻ (22), എറണാകുളം കുമ്പളങ്ങി ഏഴുതൈക്കൽ  ഷോൺ (23), പത്തനംതിട്ട കോന്നി ഊട്ടുപാറ പള്ളിപ്പാട്ട് ഡെനിൻ (24) എന്നിവരെ ചേലക്കുളത്തുനിന്നും കരുനാഗപ്പള്ളി തൊടിയൂർ നോർത്ത് സിജിഭവനത്തിൽ ജിജോ കോശി, കാക്കനാട് സ്വദേശി ആനന്ദ് എന്നിവരെ എറണാകുളത്തെ ഫ്ലാറ്റിൽനിന്നുമാണ് പിടികൂടിയത്. പ്രതികളിൽനിന്ന്‌ ഒന്നരക്കോടി രൂപ വിലവരുന്ന ഒന്നരക്കിലോ ഹാഷിഷ് ഓയിലും രണ്ടരലക്ഷംരൂപ വിലവരുന്ന 15 കിലോ കഞ്ചാവും രണ്ട് ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. ഫ്ലാറ്റിൽനിന്ന്‌ കഞ്ചാവും ഹാഷിഷ് ഓയിലും കണ്ടെത്തി.

എൻജിനിയറിങ്‌ കോളേജിൽ പഠനം പൂർത്തിയാക്കിയ ജിജോ മയക്കുമരുന്ന് ഇടപാടിനായി ഇവിടെത്തന്നെ തങ്ങുകയായിരുന്നു. നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. രണ്ടരമാസംമുമ്പാണ് ഇവർ പട്ടിമറ്റം–പെരുമ്പാവൂർ റോഡിൽനിന്ന്‌ ഉള്ളിലേക്ക് മാറി കാര്യമായി ആരും ശ്രദ്ധിക്കാത്ത സ്ഥലം നോക്കി വീട് വാടകയ്‌ക്കെടുത്തത്. എറണാകുളം കേന്ദ്രീകരിച്ച് വൻതോതിൽ കഞ്ചാവും വീര്യംകൂടിയ ലഹരിമരുന്നുകളും വിതരണം ചെയ്യുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നു. ചേലക്കുളം, കിഴക്കമ്പലം ഭാഗങ്ങളിലെ വാടകവീട് കേന്ദ്രീകരിച്ചാണ്  വിതരണം നടക്കുന്നതെന്ന സൂചനയെ തുടർന്നായിരുന്നു പരിശോധന. മയക്കുമരുന്ന് ഇടപാടിന്റെ മുഖ്യസൂത്രധാരൻ ജിജോ കോശിയാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

കമീഷണർ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ആർ രാജേഷ്, കുന്നത്തുനാട് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ബി സുമേഷ്, കമീഷണർ സ്‌ക്വാഡ് ഇൻസ്‌പെക്ടർമാരായ എസ് ബി ആദർശ്, വൈശാവ് വി പിള്ള, മാമല റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ വി അനിൽകുമാർ, അസിസ്റ്റന്റ് ഇൻസ്പെക്ടർമാരായ സി പി ദിലീപ്, ഫിലിപ്പ്  തോമസ്, സ്‌ക്വാഡ് അംഗങ്ങളായ ടി ജിയേഷ്, എം അനീസ്, എസ് ശിവൻ,  കെ ഷിജു നന്ദകുമാർ, അനിലാൽ, എൻ ജി അജിത്കുമാർ, എൻ ഡി ടോമി എന്നിവർ പങ്കെടുത്തു. കോലഞ്ചേരി കോടതി പ്രതികളെ റിമാൻഡ് ചെയ്തു. ഞായറാഴ്‌ച ഉച്ചകഴിഞ്ഞാണ്‌ റെയ്‌ഡ്‌ ആരംഭിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top