17 April Wednesday

കോവിഡ് വ്യാപനം : പ്രതിരോധനടപടികളുമായി
കൊച്ചി നഗരസഭ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 25, 2022


കൊച്ചി
നഗരത്തിലെ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തിൽ കൂടുതൽ പ്രതിരോധനടപടികളുമായി കൊച്ചി നഗരസഭ. മട്ടാഞ്ചേരി ടൗൺ ഹാളിൽ സിഎഫ്എൽടിസി പ്രവർത്തനം പുനരാരംഭിക്കും. സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി കുട്ടികൾക്കുമാത്രമുള്ള കോവിഡ് ആശുപത്രിയാക്കും. പള്ളുരുത്തി ഗവ. ആശുപത്രി കോവിഡ് ആശുപത്രിയാക്കും. എറണാകുളം നഗരത്തിലും സിഎഫ്എൽടിസി ആരംഭിക്കും.

കോവിഡ് സ്ഥിരീകരിച്ചാൽ ഡിവിഷൻ കൗൺസിലറെയോ ആശ പ്രവർത്തകരെയോ ഫോണിൽ വിളിക്കണം. രോഗത്തിന്റെ കാഠിന്യമനുസരിച്ച് ആശുപത്രികളിലേക്ക് മാറ്റും. നിലവിൽ എറണാകുളം ജനറൽ ആശുപത്രിയിലെ കോവിഡ് ഒപി സംവിധാനം പ്രയോജനപ്പെടുത്തും.

വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെ കോവിഡ്‌ സാഹചര്യം നേരിടാനാണ് നഗരസഭ ലക്ഷ്യമിടുന്നത്. 27 വരെ കുട്ടികളുടെ വാക്സിനേഷന്‌ പ്രാധാന്യം നൽകും. തുടർന്ന് ബൂസ്റ്റർ ഡോസ് ഊർജിതമാക്കും. ഇതിനുള്ള ക്യാമ്പുകൾ ചില സംഘടനകളുടെ സഹകരണത്തോടെ നടത്തും. കോവിഡ് പ്രതിരോധം ഫലപ്രദമായി സംഘടിപ്പിക്കാൻ അഭിപ്രായങ്ങളും സഹകരണവും തേടാൻ നഗരസഭ വിവിധ സംഘടനകളുടെ ഓൺലൈൻ യോഗം വിളിച്ചു. എറണാകുളം കരയോഗം, എസ്എൻഡിപി, ജമാഅത്തെ കൗൺസിൽ, വ്യാപാര–-വ്യവസായ സംഘടനകളുടെയും ഹോട്ടൽ ആൻഡ്‌ റസ്റ്റോറന്റ്‌ മേഖലയിലെയും റസിഡന്റ്‌സ്‌ അസോസിയേഷൻ സംഘടനകളുടെയും ഭാരവാഹികൾ പങ്കെടുത്തു.

സാമൂഹിക അകലം പാലിച്ചും കോവിഡ് ലക്ഷണങ്ങൾ കാണിക്കുന്ന ജീവനക്കാരെ മാറ്റിനിർത്തിയും കൃത്യമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്ഥാപനം നടത്തുമെന്ന്‌ യോഗത്തിൽ പങ്കെടുത്തവർ ഉറപ്പുനൽകി. നിലവിൽ കച്ചവടത്തെയും മറ്റും  ബാധിക്കാതെ പ്രതിരോധം ഏർപ്പെടുത്താനാണ് നഗരസഭ ആലോചിക്കുന്നത്. ജനത്തിരക്കിന് കാരണമായ വലിയ ഓഫർ വിൽപ്പനകൾ നിയന്ത്രിക്കാൻ ആവശ്യപ്പെടും. മത സാമുദായിക സംഘടനകൾ അത്യാവശ്യചടങ്ങുകൾമാത്രം നടത്തും. കൂടുതൽ ആളുകൾ പങ്കെടുക്കുന്ന മറ്റെല്ലാ പരിപാടികളും മാറ്റിവയ്‌ക്കാനും തീരുമാനമായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top