18 April Thursday

പുതിയതുറ ഇരട്ടക്കൊലപാതകം: 6 പേർക്ക് ജീവപര്യന്തം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 24, 2021


നെയ്യാറ്റിൻകര
ആഭിചാര പ്രവൃത്തി ചോദ്യംചെയ്തതിന് നെയ്യാറ്റിൻകര പുതിയതുറയിലെ രണ്ടുപേരെ കുത്തിക്കൊന്ന സംഭവത്തിൽ പ്രതികൾക്ക് ജീവപര്യന്തം. പുതിയതുറ കിണറുവിള പുരയിടത്തിൽ ബന്ധുക്കളായ ആ​ന്റണി(45), ക്രിസ്തുദാസ്(28) എന്നിവരാണ് കൊല്ലപ്പെട്ടത്. പുതിയതുറ വാറുതട്ട് പുരയിടത്തിൽ സെൽവരാജ് (44), ആലുങ്കൽ പുരയിടത്തിൽ വിനോദ് (പാസ്റ്റർ, 44), ആലുതട്ട് പുരയിടത്തിൽ ആരോ​ഗ്യദാസ് (39), വാറുതട്ട് പുരയിടത്തിൽ അലോഷ്യസ് (39), ജുസാബിദാസ്(39), കിണറുവിള പുരയിടത്തിൽ ബെർണാഡ് (39) എന്നിവരെയാണ് നെയ്യാറ്റിൻകര അഡിഷണൽ ജില്ലാ കോടതി ജഡ്ജ് എസ് സുഭാഷ് ജീവപര്യന്തം തടവിനും 50,000 രൂപ വീതം പിഴയൊടുക്കാനും ശിക്ഷിച്ചത്. പിഴയൊടുക്കിയില്ലെങ്കിൽ ഒരു വർഷം കൂടി തട‌വ് അനുഭവിക്കണം. കേസിൽ ആകെ പത്ത് പ്രതികളാണുണ്ടായിരുന്നത്. പ്രതികളായ ഫ്രാൻസിസും മേരിയും വിചാരണ കാലയളവിൽ മരണപ്പെട്ടിരുന്നു. മറ്റ് പ്രതികളായ വിർജിൻമേരി, ജസമ്മ എന്നിവരെ വെറുതെവിട്ടു. 

2012 ഒക്ടോബർ 27ന്‌ രാത്രി 9.45നാണ്‌ കേസിനാസ്‌പദമായ സംഭവം. ഒരു ദിവസംമുമ്പ്‌ മരണപ്പെട്ട യുവതിയുടെ വീട്ടിൽ പ്രതികളിലൊരാൾ പ്രേതബാധ ഇല്ലാതിരിക്കാൻ മന്ത്രവാദം നടത്തിയിരുന്നു. ആന്റണിയും ക്രിസ്‌തുദാസും ഇത്‌ ചോദ്യം ചെയ്‌തു. ഇതിൽ ക്ഷുഭിതരായ പ്രതികൾ സംഭവ ദിവസം പുതിയതുറ പൊറ്റയിൽ പള്ളിയിലെ ജപമാല റാലി കഴിഞ്ഞു വരുമ്പോൾ സംഘം ചേർന്ന്‌ ആക്രമിച്ചു. ക്രിസ്‌തുദാസിനെയും ആന്റണിയെയും കുത്തി. ക്രിസ്‌തുദാസ്‌ സംഭവസ്ഥലത്തും ആന്റണി പിറ്റേ ദിവസം മെഡിക്കൽ കോളേജ്‌ ആശുപത്രിയിലും മരിച്ചു. 

നെയ്യാറ്റിൻകര ഡിവൈഎസ്പിയായിരുന്ന ബി ഹരികുമാറി​ന്റെ മേൽനോട്ടത്തിൽ പൂവാർ സിഐയായിരുന്ന എസ് അമ്മിണിക്കുട്ടനാണ് കേസന്വേഷിച്ചത്. ഡിവൈഎസ്പി ഹരികുമാറി​ന്റെ മരണത്തെതുടർന്ന് ഡിവൈഎസ്പി സുരേഷ്കുമാർ തുടരന്വേഷണം നടത്തി. പ്രോസിക്യൂഷനുവേണ്ടി പി പി പാറശാല അജികുമാർ ഹാജരായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top