കൊച്ചി
രാജ്യത്തെ ഏറ്റവും വലിയ വാണിജ്യസമുച്ചയവും പ്രദർശനകേന്ദ്രവും കൊച്ചി മറൈന്‍ ഡ്രൈവില്‍ നിര്‍മിക്കുമെന്ന് റവന്യു, -ഭവന മന്ത്രി കെ രാജൻ പറഞ്ഞു. ഭവനനിർമാണ ബോർഡിന്റെ 17.9 ഏക്കറിൽ 40 ലക്ഷം ചതുരശ്രയടി വിസ്‌തീർണമുള്ള കെട്ടിടസമുച്ചയത്തിന്റെ നിർമാണം ഉടൻ ആരംഭിക്കും. നാഷണൽ ബിൽഡിങ്‌സ് കൺസ്‌ട്രക്‌ഷൻസ് കോർപറേഷനു (എൻബിസിസി)മായി സഹകരിച്ചായിരിക്കും പദ്ധതി നടപ്പാക്കുകയെന്നും മന്ത്രി വ്യക്തമാക്കി. ഇന്ത്യ മോർട്ട് ഗേജ് ഗ്യാരന്റി കോർപറേഷന്റെയും (ഐഎംജിസി) ക്രെഡായ് കേരളയുടെയും സഹകരണത്തോടെ ഫിക്കി സംഘടിപ്പിച്ച അഫോഡബിൾ ഹൗസിങ് കോൺഫറൻസ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കേരളത്തിലെ കാലാവസ്ഥയും ഭൂമിലഭ്യതയും കണക്കിലെടുത്ത് സംസ്ഥാന പാർപ്പിടനയം ഈ വർഷം പ്രഖ്യാപിക്കും. തിരുവനന്തപുരത്ത് വിദേശമാതൃകകള്‍ ഉൾപ്പെടെ 40 നിർമിതികളുള്ള ദേശീയ ഹൗസിങ് പാർക്ക് സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു.
ഐഎംജിസി ചീഫ് ഡിസ്ട്രിബ്യൂഷൻ ഓഫീസർ അമിത് ദിവാൻ മുഖ്യപ്രഭാഷണം നടത്തി. ഫിക്കി കേരള സംസ്ഥാന കൗൺസിൽ കോ ചെയർ വി പി നന്ദകുമാർ, കേരള റിയൽ എസ്‌റ്റേറ്റ് റഗുലേറ്ററി അതോറിറ്റി (കെ -റെറ) ചെയർമാൻ പി എച്ച് കുര്യൻ, ക്രെഡായ് കേരള ജനറൽ കൺവീനർ എസ് എൻ രഘുചന്ദ്രൻനായർ, ഫിക്കി ഫിനാൻസ് കമ്മിറ്റി ചെയർമാൻ എ ഗോപാലകൃഷ്ണൻ എന്നിവരും സംസാരിച്ചു.
സൗത്ത് ഇന്ത്യൻ ബാങ്ക് എംഡി മുരളി രാമകൃഷ്ണൻ, ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റ് ആർ രതീഷ്, മുത്തൂറ്റ് ഹൗസിങ് ഫിനാൻസ് സിഇഒ പവൻ കെ ഗുപ്ത, എസ്ബിഐ ജനറൽ മാനേജർ ശേഷു ബാബു, കെപിഎംജി അസോസിയറ്റ് പാർട്ണർ ആനന്ദ് ശർമ, ലൈഫ് മിഷൻ ഡെപ്യൂട്ടി സിഇഒ അൻവർ ഹുസൈൻ, കേരള ഭവനനിർമാണ ബോർഡ് ചെയർമാൻ പി പി സുനീർ, നിർമിതികേന്ദ്ര ഡയറക്ടർ ഡോ. ഫെബി വർഗീസ്, കേരള ബാങ്ക് ചീഫ് ജനറൽ മാനേജർ ഡോ. എ ആർ രാജേഷ് തുടങ്ങിയവര്‍ പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..