23 April Tuesday

തൃക്കാക്കര അവിശ്വാസം : യുഡിഎഫ് ബഹിഷ്കരണം കാലുവാരൽ ഭയന്ന്

വെബ് ഡെസ്‌ക്‌Updated: Friday Sep 24, 2021

കോവിഡ് ബാധിതയായ പ്രതിപക്ഷ കൗൺസിലർ സുമ മോഹൻ 
തൃക്കാക്കര നഗരസഭയിൽ അവിശ്വാസ പ്രമേയത്തിൽ പങ്കെടുക്കാൻ 
പിപിഇ കിറ്റ് ധരിച്ച് എത്തിയപ്പോൾ


കൊച്ചി
കൗൺസിലിൽ ഭൂരിപക്ഷപിന്തുണ ഉണ്ടായിട്ടും അവിശ്വാസപ്രമേയചർച്ചയ്‌ക്ക്‌ ധൈര്യപ്പെടാതെ തൃക്കാക്കര നഗരസഭയിലെ യുഡിഎഫ്‌ നേതൃത്വം. സംസ്ഥാനമാകെ ചർച്ചയായ പണക്കിഴിവിവാദത്തിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ ഭരണപക്ഷത്തെ ഒരു വിഭാഗം പിന്തുണയ്‌ക്കുമെന്ന ഭയമാണ്‌ ചർച്ച ബഹിഷ്‌കരിക്കാൻ യുഡിഎഫിനെ പ്രേരിപ്പിച്ചത്‌. യുഡിഎഫിലെ 25 അംഗങ്ങൾ കൗൺസിൽ യോഗത്തിയില്ല.  ക്വാറം തികയാതെ വന്നതോടെ കൗൺസിൽ ചേരാനായില്ല. അതിനാൽ അവിശ്വാസം ചർച്ച ചെയ്യാനുമായില്ല. പ്രതിപക്ഷത്തെ 18 അംഗങ്ങളും വ്യാഴാഴ്‌ച അവിശ്വാസപ്രമേയചർച്ചയ്‌ക്ക്‌ കൗൺസിലിൽ ഹാജരായപ്പോൾ, 43 അംഗ കൗൺസിലിൽ നാല്‌ സ്വതന്ത്രർ ഉൾപ്പെടെ 25 അംഗങ്ങളുടെ പിന്തുണ അവകാശപ്പെടുന്ന യുഡിഎഫ്‌ ഒപ്പമുള്ളവരെ വിശ്വാസമില്ലാതെ ചർച്ചയിൽനിന്ന്‌ ഒളിച്ചോടിയത്‌ തോൽവി സമ്മതിക്കലിനു തുല്യമായി.

നഗരസഭാ അധ്യക്ഷ അജിത തങ്കപ്പനെതിരെ പണക്കിഴിപ്പരാതി ഉയർന്നപ്പോൾ കോൺഗ്രസിലെ നാലു കൗൺസിലർമാർ അവർക്കെതിരെ പരസ്യനിലപാട്‌ എടുത്തിരുന്നു. കോൺഗ്രസ്‌ ജില്ലാനേതൃത്വം നിയോഗിച്ച അന്വേഷകസമിതിയുടെ തെളിവെടുപ്പിലും ഇവർ അജിത തങ്കപ്പനെതിരെയാണ്‌ മൊഴി നൽകിയത്‌.  അഞ്ചംഗങ്ങളുള്ള മുസ്ലിംലീഗിലെ മൂന്നു കൗൺസിലർമാരും അജിത തങ്കപ്പൻ അധ്യക്ഷസ്ഥാനം ഒഴിയണമെന്ന ആവശ്യമുന്നയിച്ചു. ഇവരെ ജില്ലാ യുഡിഎഫ്‌ നേതൃത്വം ഇടപെട്ടാണ്‌ ഒരുവിധം അനുനയിപ്പിച്ചത്‌. യുഡിഎഫ്‌ ഭരണത്തെ പിന്തുണച്ചിരുന്ന നാല്‌ സ്വതന്ത്രരും പരോക്ഷമായി അജിത തങ്കപ്പനെതിരായിരുന്നു. അവിശ്വാസപ്രമേയചർച്ചയ്‌ക്കുമുന്നോടിയായി നേതൃത്വം മാരത്തൺ ചർച്ച  നടത്തിയെങ്കിലും പ്രശ്‌നം ഗുരുതരമാകുമെന്ന്‌ ഉറപ്പായതോടെ ചർച്ചയിൽനിന്ന്‌ വിട്ടുനിൽക്കുകമാത്രമാണ്‌ ഏകവഴിയെന്ന തീരുമാനത്തിലേക്ക്‌ എത്തി. കൗൺസിലർമാർക്ക്‌ വിപ്പ്‌ നൽകാൻ ജില്ലാ കോൺഗ്രസ്‌ നേതൃത്വം തീരുമാനിച്ചെങ്കിലും അവസാന നിമിഷംവരെ എതിർപ്പുയർന്നു. ഒടുവിൽ വിവിധ വാഗ്‌ദാനങ്ങൾ നൽകിയാണ്‌ എതിർപ്പ്‌ ശമിപ്പിച്ചത്‌. യുഡിഎഫ്‌ നേതൃത്വം ഇടപെട്ട്‌ ലീഗിനും ചില വാഗ്ദാനങ്ങൾ നൽകിയതായി വിവരമുണ്ട്‌. ഓണക്കാലത്ത്‌ കൗൺസിലർമാർക്ക്‌ കിഴിയിലാക്കി നൽകിയതിനേക്കാൾ വളരെ വലിയ തുക അവിശ്വാസത്തെ അതിജീവിക്കാൻ കോൺഗ്രസ്‌ നേതൃത്വം ചെലവഴിച്ചതായും സൂചനയുണ്ട്‌.

അവിശ്വാസപ്രമേയത്തെ അതിജീവിക്കാൻ യുഡിഎഫിന്‌ 22 അംഗങ്ങളുടെ പിന്തുണ മതി. 25 അംഗങ്ങളുടെ പിന്തുണ ഉണ്ടായിട്ടും കൗൺസിലിൽ ഹാജരാകാതെ പ്രമേയാവതരണംതന്നെ ഒഴിവാക്കാനായത്‌ വൻ വിജയമായാണ്‌ യുഡിഎഫ്‌ ആഘോഷിക്കുന്നത്‌. എന്നാൽ, സ്വന്തം പക്ഷത്തെ അവിശ്വസിച്ച്‌ പ്രമേയചർച്ചയിൽനിന്ന്‌ ഒളിച്ചോടിയത്‌ യുഡിഎഫിന്റെ അഴിമതിമുഖം കൂടുതൽ വികൃതമാക്കിയതായി പ്രതിപക്ഷം ആരോപിച്ചു. കോൺഗ്രസ്‌ അന്വേഷണറിപ്പോർട്ട്‌ ഇപ്പോഴും പുറത്തുവിട്ടിട്ടില്ല. അജിത തങ്കപ്പനെതിരെ വിജിലൻസിന്‌ വ്യക്തമായ തെളിവുകൾ ലഭിച്ചിരുന്നു. അവിശ്വാസപ്രമേയത്തിൽ വിജയമാഘോഷിക്കുമ്പോഴും അഴിമതി നിരോധനപ്രകാരം വിജിലൻസ്‌ അന്വേഷണം വന്നാൽ എങ്ങനെ നേരിടുമെന്ന ആലോചനയിലാണ്‌ ഇപ്പോൾ ജില്ലയിലെ കോൺഗ്രസും യുഡിഎഫും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top