29 March Friday

‘10 ദിവസത്തെ എംഎൽഎ' 
വീണ്ടും സഭയിൽ എത്തി

വെബ് ഡെസ്‌ക്‌Updated: Friday Jun 24, 2022

മുൻ നിയമസഭാ സാമാജികരുടെ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ സി ഹരിദാസ്. എ എം യൂസഫ് സമീപം


തിരുവനന്തപുരം
ഗാന്ധിത്തൊപ്പിയും ത്രിവർണ ഷാളും അണിഞ്ഞ്‌ നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിലെത്തിയ സി ഹരിദാസിനെ കണ്ടപ്പോൾ ചിലരിലെങ്കിലും സന്ദേഹമുണ്ടായി. രാഷ്ട്രീയപ്രവർത്തകനായി നിറഞ്ഞുനിന്ന ഹരിദാസ്‌ എംഎൽഎയായിട്ടുണ്ടോ, എന്നായിരുന്നു ആ സന്ദേഹം. നിലമ്പൂരിന്റെ ജനപ്രതിനിധിയായി വെറും 10 ദിവസം അദ്ദേഹം സഭയിൽ ഉണ്ടായിരുന്നുവെന്ന അപൂർവത പങ്കുവച്ചപ്പോൾ സഭാചരിത്രത്തിൽ അത്‌ ഇടംപിടിച്ചു.

കെഎസ്‌യുവിലൂടെയും യൂത്ത് കോൺഗ്രസിലൂടെയും രാഷ്ട്രീയത്തിൽ സജീവമായ ഹരിദാസ് ആന്റണിപക്ഷക്കാരനായിരുന്നു. അടിയന്തരാവസ്ഥയ്‌ക്കുശേഷം 1980ൽ നടന്ന തെരഞ്ഞെടുപ്പിൽ എ കെ ആന്റണിയും കൂട്ടരും കോൺഗ്രസ് വിട്ടപ്പോൾ ഹരിദാസ് ഇടതു ടിക്കറ്റിൽ നിലമ്പൂരിൽനിന്ന് നിയമസഭയിലേക്ക് അങ്കത്തിനിറങ്ങി. അന്ന് കോൺഗ്രസിലായിരുന്ന ടി കെ ഹംസയെയാണ്‌ പരാജയപ്പെടുത്തിയത്‌.

അതേസമയം, നേരത്തെ പാർലമെന്റിലേക്ക്‌ മത്സരിച്ച് പരാജയപ്പെട്ട ആര്യാടൻ മുഹമ്മദിനെ മന്ത്രിസഭയിൽ തൊഴിൽ-–-വനം മന്ത്രിയാക്കാൻ ആന്റണി വിഭാഗം തീരുമാനിച്ചു. ഇതോടെ ആറു മാസത്തിനകം ഭൂരിപക്ഷം തെളിയിക്കേണ്ടിവന്ന ആര്യാടനുവേണ്ടി ഹരിദാസ് എംഎൽഎസ്ഥാനം രാജിവച്ചു. സംസ്ഥാനത്ത്‌ ഏറ്റവും കുറഞ്ഞ കാലയളവ് നിയമസഭാംഗമായിരുന്ന ആളെന്ന റെക്കോഡ് അന്നുമിന്നും ഹരിദാസിന്‌ സ്വന്തം.

എന്നാൽ, നിയമസഭാംഗത്വം രാജിവച്ച അതേവർഷംതന്നെ ഹരിദാസിനെ രാജ്യസഭയിലേക്ക് തെരഞ്ഞെടുത്തു. 1986 വരെ എംപിയായി. സജീവ രാഷ്ട്രീയത്തിൽ തുടർന്ന ഹരിദാസ് പിന്നീട് നിയമസഭയിലേക്ക് മത്സരിച്ചില്ല. 2000 മുതൽ 2005 വരെ പൊന്നാനി നഗരസഭാ അധ്യക്ഷനായിരുന്നു. മുൻ സാമാജികരുടെ സമ്മേളനത്തിന്‌ എത്തിയ ഹരിദാസിനെ സ്പീക്കർ എം ബി രാജേഷ് പൊന്നാടയണിയിച്ച് ആദരിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top