24 April Wednesday

വിജയം മാറിമറിയും; ചരിത്രവും

പ്രത്യേക ലേഖകൻUpdated: Friday May 24, 2019

ഇരുമുന്നണികളും മാറിമാറി വിജയിക്കുന്നതാണ‌് കേരളത്തിലെ ലോക‌്സഭാ തെരഞ്ഞെടുപ്പിന്റെ ചരിത്രം. സിപിഐ എമ്മിനും കോൺഗ്രസിനും സീറ്റിൽ ഏറ്റക്കുറച്ചിലുണ്ടായി.  1977ല്‍ ഇന്ത്യ ഒന്നാകെ കോണ്‍ഗ്രസിനെ തള്ളിക്കളഞ്ഞപ്പോള്‍ കേരളം അവര്‍ക്ക് 20 സീറ്റും നല്‍കി. 2004ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന‌് ഒരുസീറ്റും കിട്ടിയില്ല. 1977ൽ അടിയന്തരാവസ്ഥയ‌്ക്ക‌് ശേഷം നടന്ന തെരഞ്ഞെടുപ്പിലാണ‌് ഇടതുപക്ഷത്തിന‌് സീറ്റൊന്നും ലഭിക്കാതിരുന്നത‌്.

1967ൽ കോൺഗ്രസ‌ിനും 1984ൽ ഇന്ദിര ഗാന്ധിയുടെ വധത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പിൽ സിപിഐ എമ്മിനും ഒരുസീറ്റുമാത്രമാണ‌് ലഭിച്ചത‌്. 2004ൽ യുഡിഎഫിന‌് ആകെ ഒരുസീറ്റാണ‌് ലഭിച്ചത‌്. അത‌് മുസ്ലിംലീഗിനായിരുന്നു. 2009ൽ 16 സീറ്റിൽ വിജയിച്ച യുഡിഎഫ‌് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 12ൽ ഒതുങ്ങി. 1977ൽ സിപിഐ എമ്മിന‌് ഒരുസീറ്റും കിട്ടിയില്ലെങ്കിലും രണ്ടുവർഷം കഴിഞ്ഞ‌് പഞ്ചായത്ത‌് തെരഞ്ഞെടുപ്പിൽ സ്ഥിതിമാറി. 1980ൽ ലോക‌്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ‌് അഞ്ച‌ു സീറ്റ‌് നേടി.

അതേവർഷം നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ‌് അധികാരത്തിലെത്തി. 1951ൽ ആദ്യ പൊതുതെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ ഇന്നുകാണുന്ന രീതിയിൽ കേരളത്തിന‌് സംസ്ഥാന പദവി ലഭിച്ചിരുന്നില്ല. സംസ്ഥാന പദവി ലഭിച്ചതിനുശേഷം 1957ൽനടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ‌ിൽ ആകെയുള്ള 18 സീറ്റിൽ ഒമ്പതെണ്ണം നേടി കമ്യൂണിസ്റ്റ‌് പാർടി വലിയ കക്ഷിയായി. കോൺഗ്രസിന‌് ആറുസീറ്റാണ‌് ലഭിച്ചത‌്. 1962ൽ സിപിഐയ‌്ക്കും കോൺഗ്രസിനും ആറുവീതം സീറ്റ‌് ലഭിച്ചു.1967ൽ നെഹ്റുവിന്റെ മരണത്തിന‌് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിൽ കോൺഗ്രസ‌്ആദ്യമായി ഒരുസീറ്റിൽ ഒതുങ്ങി. 

മുകുന്ദപുരത്തുനിന്ന‌് വിജയിച്ച പി ജി മേനോനായിരുന്നു ഏക കോൺഗ്രസ‌് എംപി. 1971ൽ ദേശീയ തലത്തിൽ കോൺഗ്രസ‌് മികച്ച വിജയം നേടിയെങ്കിലും കേരളത്തിൽ അതുണ്ടായില്ല. ആറുസീറ്റാണ‌് കോൺഗ്രസ‌് നേടിയത‌്. സിപിഐ മൂന്ന‌്, സിപിഐ എം രണ്ട‌്, കേരള കോൺഗ്രസ‌് മൂന്ന‌്, മുസ്ലിംലീഗ‌് രണ്ട‌്, ആർഎസ‌്പി രണ്ട‌്, സ്വത. ഒന്ന‌് എന്നിങ്ങനെയായിരുന്നു കക്ഷിനില.

അടിയന്തരാവസ്ഥയ്ക്ക‌് ശേഷം നടന്ന 1977 ലെ  തെരഞ്ഞെടുപ്പിൽ ദേശീയതലത്തിൽ കോൺഗ്രസ‌് വലിയ തോൽവി നേരിട്ടെങ്കിലും  കേരളത്തിൽ  ഭൂരിപക്ഷം നേടി. 20 ൽ 11 എണ്ണത്തിൽ കോൺഗ്രസ‌് വിജയിച്ചപ്പോൾ കേരള കോൺഗ്രസും മുസ്ലിംലീഗും രണ്ടുവീതം സീറ്റുകളിൽ വിജയിച്ചു. കോൺഗ്രസ‌് സഖ്യത്തിൽ മത്സരിച്ച സിപിഐ നാല‌ു സീറ്റ‌് നേടി. മൂന്നുവർഷത്തിനു ശേഷം 1980ൽ കോൺഗ്രസ‌് രാജ്യത്ത‌് തിരിച്ചുവരവ‌് നടത്തി. എന്നാൽ, കേരളത്തിൽ ആറുസീറ്റിൽ ഒതുങ്ങി. 

1984ലെ തെരഞ്ഞെടുപ്പിൽ 20ൽ 13 സീറ്റ‌് കോൺഗ്രസ‌് നേടി. ചരിത്രത്തിൽ ആദ്യമായി സിപിഐ എം ഒരുസീറ്റിൽ ഒതുങ്ങി. 1989 ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ‌് അധികാരത്തിൽനിന്നും പുറത്തായി. എന്നാൽ, കേരളത്തിൽ കോൺഗ്രസ‌് നേതൃത്വത്തിലുള്ള മുന്നണി 14 സീറ്റാണ‌് നേടിയത‌്.

1991 ലെ പൊതുതെരഞ്ഞെടുപ്പിൽ യുഡിഎഫ‌ിന‌് 17 സീറ്റ‌്  ലഭിച്ചു. കോൺഗ്രസിന‌് 14 സീറ്റ‌്. 1996ൽ ഒമ്പത‌ു സീറ്റ‌് എൽഡിഎഫ‌് നേടി. 11സീറ്റായിരുന്നു യുഡിഎഫിന‌്. ഏഴുസീറ്റോടെ കോൺഗ്രസ‌് കേരളത്തിലെ വലിയ കക്ഷിയായി. സിപിഐ എമ്മിന‌് അഞ്ചുസീറ്റ‌് ലഭിച്ചു.

1998ൽ എൽഡിഎഫിന‌് ഒമ്പതുസീറ്റ‌് ലഭിച്ചു. സിപിഐ എമ്മിന‌് ആറുസീറ്റും കോൺഗ്രസിന‌് എട്ടുസീറ്റും ലഭിച്ചു. 1999ൽ എൽഡിഎഫിന‌് ഒമ്പതും യുഡിഎഫിന‌് 11ഉം സീറ്റുകൾ കിട്ടി. 2004ൽ കേരളത്തിൽ കോൺഗ്രസ‌് തകർന്നടിഞ്ഞു. എൽഡിഎഫ‌് 18 സീറ്റു നേടി ചരിത്ര വിജയം സ്വന്തമാക്കി. 2009ൽ കോൺഗ്രസിന്റെ 13 സീറ്റടക്കം യുഡിഎഫിന‌് 16 സീറ്റ‌്. സിപിഐ എമ്മിന‌് നാല‌ു സീറ്റാണ‌് ലഭിച്ചത‌്. 2014ൽ എൽഡിഎഫിന‌് എട്ടുസീറ്റ‌് ലഭിച്ചപ്പോൾ യുഡിഎഫ‌് 12 സീറ്റ‌് നേടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top