29 March Friday

സ്വകാര്യവാഹനങ്ങളിൽ രണ്ടുപേർമാത്രം ; യാത്രയ്ക്ക്‌ സത്യവാങ്‌മൂലം വേണം ; പാലിച്ചില്ലെങ്കിൽ അകത്താകും

വെബ് ഡെസ്‌ക്‌Updated: Wednesday Mar 25, 2020

തിരുവനന്തപുരം
അടച്ചൂപൂട്ടൽ ഫലപ്രദമാക്കാൻ  കേരളത്തിൽ കൂടുതൽ നിയന്ത്രണം. ജനങ്ങൾ ഗൗരവമായി കാണാത്ത സാഹചര്യത്തിലാണിതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സർക്കാർ  ക്രമീകരണങ്ങളുടെ ഗൗരവം ഉൾക്കൊള്ളുന്നതിന്‌ പകരം വിരുദ്ധമായ  കാര്യങ്ങളാണ്‌ സംഭവിച്ചതെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.

എല്ലാ വാഹന സർവീസും നിർത്തി
● സ്വകാര്യ വാഹനങ്ങളിൽ ഡ്രൈവർക്കുപുറമെ മുതിർന്ന ഒരാൾമാത്രം
● അത്യാവശ്യത്തിന്‌ പുറത്തിറങ്ങാൻ സത്യവാങ്‌മൂലം നൽകണം, തെറ്റിദ്ധരിപ്പിച്ചാൽ നടപടി  
● ഓട്ടോ–-ടാക്‌സി  അത്യാവശ്യത്തിന്‌ മാത്രം
● കടകൾ രാവിലെ  ഏഴുമുതൽ  വൈകിട്ട്‌ അഞ്ചുവരെ
● സാധനങ്ങളുടെ വില വർധിപ്പിച്ചാൽ നടപടി 
● തുറക്കുന്ന കടകളിൽ പ്രതിരോധസംവിധാനം നിർബന്ധം
● വിനോദത്തിനും  ആർഭാടത്തിനുമുള്ള ഒരു കടയും  തുറക്കില്ല
● കൊറിയർ സർവീസ്‌ തുടരണം
● അഞ്ചിലധികംപേർ  കൂടാൻ പാടില്ല
● സ്വകാര്യസ്ഥാപന  ജീവനക്കാർക്ക്‌ പൊലീസ്‌ പാസ്‌ 
● ആശുപത്രിജീവനക്കാർക്ക്‌ സ്ഥാപനങ്ങളുടെ കാർഡ്‌ മതി
● തൊഴിലുറപ്പ്‌ പദ്ധതി തുടരും 
● തദ്ദേശഭരണസ്ഥാപനങ്ങളുടെ കെട്ടിടങ്ങളിൽ കച്ചവടം നടത്തുന്നവർക്ക്‌ വാടകയ്‌ക്ക്‌ രണ്ട്‌ മാസ  സാവകാശം
● നിയന്ത്രണലംഘനം: 402 കേസുകൾ
● പത്തനംതിട്ടയിലും തിരുവനന്തപുരത്തും നിരോധനാജ്‌ഞ



കോവിഡ്‌–-19 വ്യാപനം തടയാൻ സർക്കാർ നടപ്പാക്കിയ അടച്ചൂപൂട്ടൽ ഫലപ്രദമാക്കാൻ  കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി. ജനങ്ങൾ ഗൗരവമായി കാണാത്ത സാഹചര്യത്തിലാണിതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സർക്കാർ  ക്രമീകരണങ്ങളുടെ ഗൗരവം ഉൾക്കൊള്ളുന്നതിന്‌ പകരം വിരുദ്ധമായ  കാര്യങ്ങളാണ്‌ സംഭവിച്ചത്‌.  അത്യാവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ  ഏഴുമുതൽ അഞ്ചുവരെ  പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാധാരണ ആവശ്യത്തിന്‌ സ്വകാര്യവാഹനങ്ങൾ ഉപയോഗിക്കാനാകില്ല. സ്വകാര്യവാഹനങ്ങളിൽ ഡ്രൈവർക്കുപുറമെ മുതിർന്ന ഒരാളെ മാത്രമേ അനുവദിക്കൂ. അത്യാവശ്യകാര്യത്തിനല്ലാതെ പുറത്തിറങ്ങരുത്‌. ഇതിന്‌ പ്രത്യേക  ഫോമിൽ സത്യവാങ്‌മൂലം നൽകണം. പറഞ്ഞ കാര്യത്തിനല്ല യാത്രയെങ്കിൽ നിയമനടപടി സ്വീകരിക്കും. ഓട്ടോ–-ടാക്‌സി തുടങ്ങിയ യാത്രാവാഹനങ്ങൾ പൂർണമായി സർവീസ്‌ അവസാനിപ്പിക്കും. ആശുപത്രി, സാധനങ്ങൾ വാങ്ങാൻ, മരുന്നുകൾ വാങ്ങാൻ എന്നിവയ്‌ക്കുമാത്രമേ അനുവദിക്കൂ. അഞ്ചിൽ കൂടുതൽ പേരുള്ള ഒരു ആഘോഷവും കൂടിച്ചേരലും  അനുവദിക്കില്ല. ക്ലബ്ബുകളിലും വായനശാലകളിലും കവലകളിലും ആൾക്കൂട്ടം അനുവദിക്കില്ല.

വിനോദത്തിനും ആർഭാടാത്തിനുമുള്ള ഒരു കടയും  തുറക്കാൻ അനുവദിക്കില്ല. കടകളിൽ കൈകഴുകാൻ  സംവിധാനംവേണം. കൂട്ടംകൂടൽ അനുവദിക്കില്ല. സ്വകാര്യസ്ഥാപനങ്ങളിലും തുറക്കാൻ അനുമതിയുള്ള കടകളിലെയും ജീവനക്കാർ പൊലീസ്‌ നൽകുന്ന പാസ്‌ ഉപയോഗിക്കണം. ജില്ലാ പൊലീസ്‌ മേധാവിമാരാണ്‌ പാസ്‌ നൽകുക. പൊലീസ്‌ സ്‌റ്റേഷനുകളിൽ പാസ്‌ നൽകുന്ന കാര്യം പരിശോധിക്കും.

സർക്കാർ ജീവനക്കാർ, മാധ്യമപ്രവർത്തകർ എന്നിവർക്ക്‌ സ്ഥാപനത്തിന്റെ തിരിച്ചറിയൽ കാർഡ്‌ ഉപയോഗിക്കാം. സ്വകാര്യ ആശുപത്രി ജീവനക്കാർക്കും  സ്ഥാപനത്തിന്റെ തിരിച്ചറിയൽ  കാർഡ്‌ മതി. സാഹചര്യം മുതലെടുത്ത്‌ സാധനങ്ങളുടെ വില വർധിപ്പിച്ചാൽ നടപടിയെടുക്കും. ഇതിന്‌ കൃത്യമായ പരിശോധന നടക്കും.  കൊറിയർ സർവീസ്‌ തുടരാൻ നടപടി സ്വീകരിക്കും.

തൊഴിലുറപ്പ്‌ പദ്ധതി തുടരും. എന്നാൽ, കൂടുതൽപേർ ഒരുമിച്ച്‌ ജോലി ചെയ്യുന്നത്‌ ഒഴിവാക്കും.  -തദ്ദേശഭരണസ്ഥാപനങ്ങളുടെ കെട്ടിടങ്ങളിൽ കച്ചവടം നടത്തുന്നവർക്ക്‌ വാടക നൽകാൻ രണ്ട്‌ മാസത്തെ സാവകാശം നൽകും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top