29 March Friday

ഇത്‌ ക്രൂരമായ നിസ്സംഗത ; കേന്ദ്രം പകച്ചുനിൽക്കുന്നു: ടി എം തോമസ്‌ ഐസക്‌

വെബ് ഡെസ്‌ക്‌Updated: Wednesday Mar 25, 2020


സ്വന്തം ലേഖകൻ
രാജ്യം നേരിടുന്ന അസാധാരണ സാഹചര്യം നേരിടണമെന്നറിയാതെ പകച്ചു നിൽക്കുകയാണ് കേന്ദ്രസർക്കാരെന്ന്‌ ധനമന്ത്രി ടി എം തോമസ്‌ ഐസക്‌ പറഞ്ഞു. കോവിഡ്‌ പശ്ചാത്തലത്തിൽ രാജ്യം കാത്തിരുന്ന കേന്ദ്രധനമന്ത്രിയുടെ പ്രഖ്യാപനങ്ങളുടെ ബാക്കിപത്രം നിരാശയും നിർവികാരതയുംമാത്രമാണ്. സമ്പദ്ഘടന അടച്ചുപൂട്ടൽ നേരിടുമ്പോൾ സ്ഥിരവരുമാനക്കാർ നേരിടുന്ന ചില അസൗകര്യങ്ങൾമാത്രം ചുണ്ടിക്കാട്ടി കേന്ദ്ര ധനമന്ത്രി കൈകഴുകുകയായിരുന്നെന്നും തോമസ്‌ ഐസക്‌ വ്യക്തമാക്കി.

കോടിക്കണക്കിന് ദിവസക്കൂലിക്കാരുടെ ആശങ്കകൾക്ക്‌ ഒരു മറുപടിയും കേന്ദ്രമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.  വീട്ടിലിരിക്കുന്ന ഇവരുടെ ജീവിതം എങ്ങനെ തള്ളിനീക്കുമെന്നതാണ്‌ പ്രധാന പ്രശ്‌നം.

ഭക്ഷണവും വെള്ളവും മരുന്ന്‌ അടക്കമുള്ള മറ്റ് അത്യാവശ്യസാധനങ്ങളും വാങ്ങാനുള്ള പണം എങ്ങനെ ലഭ്യമാകുമെന്ന്‌ കേന്ദ്രസർക്കാർ വ്യക്തമാക്കുന്നില്ല. സ്ഥിരവരുമാനമുള്ള ആളുകളുടെയും കമ്പനികളുടെയും ചില അസൗകര്യങ്ങൾ ഒഴിവായിക്കിട്ടിയതുമാത്രമാണ്‌ മിച്ചം. രാജ്യമെമ്പാടുമുള്ള ഗോഡൗണുകളിൽ കെട്ടിക്കിടക്കുന്ന അരിയുൾപ്പെടെയുള്ള ധാന്യവിതരണം കാര്യക്ഷമമാക്കാനുള്ള നടപടിപോലും പറയാനാകുന്നില്ല. 

നിലവിലെ നികുതിസമ്പ്രദായത്തിൽ സംസ്ഥാനങ്ങൾക്ക്‌ സ്വയം വരുമാനം വർധിപ്പിക്കാനാകില്ല. സംസ്ഥാനത്തിന്റെ വായ്പാപരിധി വർധിപ്പിക്കാനും തയ്യാറാകുന്നില്ല.
ജനങ്ങളാകെ ഭീതിയിലും അരക്ഷിതാവസ്ഥയിലും ആശങ്കയിലും കഴിയുമ്പോൾ, ക്രൂരമായ നിസ്സംഗതയാണ്‌ കേന്ദ്രസർക്കാർ കാട്ടുന്നതെന്നും തോമസ്‌ ഐസക്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top