25 April Thursday

വികസനത്തുടർച്ച തടഞ്ഞത്‌ 
എംഎൽഎ: എൽഡിഎഫ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Feb 24, 2021


അങ്കമാലി
അങ്കമാലിയുടെ വികസനമുന്നേറ്റത്തിന് തുടർപ്രവർത്തനം ഇല്ലാതെപോയത് എംഎൽഎയുടെ കഴിവുകേടാണെന്ന് എൽഡിഎഫ്‌ നേതാക്കൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ജോസ് തെറ്റയിൽ, എംഎൽഎ ആയിരിക്കെ മുന്നോട്ടുവച്ച "അങ്കമാലിക്കൊരു മാറ്റം’ എന്ന മുദ്രാവാക്യം അക്ഷരാർഥത്തിൽ പ്രാവർത്തികമാക്കി. 15 കോടി രൂപ ചെലവഴിച്ച് നിർമിച്ച മിനി സിവിൽ സ്‌റ്റേഷന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ സാധ്യമാക്കാൻ അഞ്ചുവർഷം സമയം കിട്ടിയിട്ടും എംഎൽഎയ്ക്ക് കഴിഞ്ഞില്ല. ഇതിന്റെ കാരണം എംഎൽഎ ജനങ്ങളോട് തുറന്നുപറയണം.

അങ്കമാലി പട്ടണത്തിന്റെ വിവിധ ഭാഗങ്ങളിൽ ചിതറിക്കിടക്കുന്ന സർക്കാർ ഓഫീസുകൾ ഒരു കുടക്കീഴിൽ കൊണ്ടുവരാനാണ്‌ സിവിൽ സ്റ്റേഷൻകൊണ്ട്‌ ഉദ്ദേശിച്ചത്. അത് നിറവേറ്റാൻ എംഎൽഎയ്ക്കായില്ല. സിവിൽ സ്റ്റേഷനിൽ പത്തിലധികം സർക്കാർ ഓഫീസുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. ഒന്നാംനിലയിൽ പ്രവർത്തിക്കുന്ന സബ് രജിസ്‌ട്രാർ ഓഫീസിലേക്ക് വയോധികരെയും ഭിന്നശേഷിക്കാരെയും കസേരയിൽ എടുത്തുകൊണ്ടുപോകണം. ലിഫ്റ്റിനുള്ള സൗകര്യവും പണവും ഉണ്ടായിട്ടും യാഥാർഥ്യമായിട്ടില്ല.

സിവിൽ സ്‌റ്റേഷനിൽ 3293 ചതുരശ്ര അടി സ്ഥലത്ത്‌ സബ്‌ ട്രഷറിക്കായി സ്ട്രോങ് റൂം, വിശ്രമിക്കാൻ എയർ കണ്ടീഷൻ മുറി, 2500 ചതുരശ്ര അടി വിസ്തീർണമുള്ള ഓഫീസ്‌, ഡൈനിങ് ഹാൾ, ശുചിമുറി സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുണ്ട്‌. പാർക്കിങ്ങിനും ഇടമുണ്ട്‌. നിലവിലെ ട്രഷറിക്ക്‌ 2100 ചതുരശ്ര അടി വിസ്തീർണമേയുള്ളൂ. ഇവിടെ എത്തുന്നവർ തിരക്കേറിയ റോഡുവക്കിലും സമീപത്തുള്ള കടകളിലുമാണ് കാത്തുനിൽക്കുന്നത്. ഈ ഓഫീസ് സിവിൽ സ്‌റ്റേഷനിലേക്കു മാറ്റാൻ എംഎൽഎ ഇടപെട്ടില്ല. പകരം 30 വർഷം പഴക്കമുള്ള ട്രഷറി കെട്ടിടത്തിന്റെ മുകളിൽ നിർമാണത്തിന്‌ എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 75 ലക്ഷം രൂപ അനുവദിക്കാൻ തിടുക്കംകാണിക്കുന്നതിൽ ദുരൂഹതയുണ്ട്.
25 വർഷംമുമ്പ് പ്രവർത്തനം ആരംഭിച്ച വിൽപ്പനനികുതി ഓഫീസും കുടുസ്സുമുറിയിൽ വാടക നൽകി പ്രവർത്തിക്കുന്നു.

അഞ്ചുവർഷം കിട്ടിയിട്ടും ട്രാൻസ്‌ഫോർമറോടുകൂടി സിവിൽ സ്റ്റേഷനിൽ വൈദ്യുതി കണക്ഷൻ ലഭ്യമാക്കാൻ നടപടിയായിട്ടില്ല. ഇതിനകം വൃത്തിഹീനമായി തീർന്ന സിവിൽ സ്റ്റേഷൻ പരിസരവും സംരക്ഷിക്കാൻ നടപടിയില്ല.
കെഎസ്ആർടിസി ബസ് സ്‌റ്റേഷനും ശുചിമുറികളും വൃത്തിഹീനമായി. മുൻ എംഎൽഎയുടെ കാലത്ത് നിർമിച്ച പിഡബ്ല്യുഡി ഗസ്റ്റ് ഹൗസിന് മേശയും കസേരയും കട്ടിലും സർക്കാർഫണ്ട് ഉപയോഗിച്ച് വാങ്ങിയിട്ട് ഉദ്ഘാടനം നടത്തിയ എംഎൽഎ, ആധുനികസൗകര്യങ്ങളോടെ അടുക്കളയോ മറ്റ് സൗകര്യങ്ങളോ ഉണ്ടാക്കാൻ ചെറുവിരൽ അനക്കിയിട്ടില്ല.
തെരഞ്ഞെടുപ്പ് എത്തിയതോടെ ഉദ്ഘാടനങ്ങളുടെ ഘോഷയാത്രയാണ്. താലൂക്കാശുപത്രിയിൽ വാർഡിലേക്കുള്ള റാമ്പ് മുതൽ വിദ്യാലയങ്ങളിലെ പാചകപ്പുരവരെയും തദ്ദേശസ്ഥാപനങ്ങളിലെ പ്രവൃത്തികളുടെ ഉദ്ഘാടനവും എംഎൽഎതന്നെ.
വാർത്താസമ്മേളനത്തിൽ ജോസ് തെറ്റയിൽ, സി ബി രാജൻ, ജയ്സൺ പാനികുളങ്ങര, മാർട്ടിൻ ബി മുണ്ടാട്ടന്ന്, ജോണി തോട്ടക്കര, ടോണി പറപ്പിള്ളി, സജി വർഗീസ് എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top