26 April Friday

അർബുദ ചികിത്സ വീടിനടുത്ത്‌ ; ആശുപത്രികൾ സജ്ജമാക്കും : വീണാ ജോർജ്‌

വെബ് ഡെസ്‌ക്‌Updated: Monday Jan 24, 2022


തിരുവനന്തപുരം
കോവിഡ്‌ വ്യാപന സാഹചര്യത്തിൽ അർബുദ രോഗികൾക്ക്‌ വീടിനടുത്ത്‌ വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ. ഇതിന്‌ ജില്ലാ ക്യാൻസർ കെയർ പദ്ധതിയുടെ ഭാഗമായി 24 ആശുപത്രികൾ സജ്ജമാക്കും. കീമോതെറാപ്പി, റേഡിയോതെറാപ്പി, സാന്ത്വനചികിത്സ, ക്യാൻസർ അനുബന്ധ ചികിത്സ എന്നിവയ്‌ക്കെല്ലാം ഇവിടെ സംവിധാനമുണ്ടാകുമെന്ന്‌ മന്ത്രി വീണാ ജോർജ്‌ അറിയിച്ചു.

തിരുവനന്തപുരം ആർസിസി, മലബാർ ക്യാൻസർ സെന്റർ എന്നിവയുമായി ചേർന്നാണ്‌ ചികിത്സ ഏകോപിപ്പിക്കുന്നത്‌.
ഡോക്ടർമാർ ടെലി കോൺഫറൻസ് വഴി ചികിത്സാവിവരം അതത് കേന്ദ്രങ്ങളിൽ നൽകും. ഇതുവഴി രോഗികൾക്ക്‌ നിലവിൽ ലഭിക്കുന്ന ചികിത്സ തുടരാനാകും.  അർബുദ രോഗികൾ ദീർഘദൂരം യാത്ര ചെയ്യുന്നത്‌ ഒഴിവാക്കുകയാണ്‌ പദ്ധതിയുടെ പ്രധാന ലക്ഷ്യം.

കിടക്ക ക്ഷാമമില്ല, 
വ്യാജ വാർത്ത അരുത്‌
സംസ്ഥാനത്ത് മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള ആശുപത്രികളിൽ ഐസിയു, വെന്റിലേറ്റർ കിടക്കകൾ നിറഞ്ഞെന്ന വാർത്തകൾ തെറ്റാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. ഒമിക്രോൺ വ്യാപനം നിയന്ത്രിക്കാൻ ആശുപത്രികളെല്ലാം സുസജ്ജമാണ്. സർക്കാർ കൃത്യമായി  മുന്നൊരുക്കങ്ങൾ നടത്തി.

ആശുപത്രി കിടക്കകൾ, ഐസിയുകൾ, വെന്റിലേറ്ററുകൾ, ഓക്‌സിജൻ കിടക്കകൾ എന്നിവയെല്ലാം വർധിപ്പിച്ചു. കഴിഞ്ഞ ആഴ്ചയിൽ ശരാശരി 1,95,258 രോഗബാധിതർ ഉണ്ടായിരുന്നപ്പോൾ 0.7 ശതമാനത്തിനാണ് ഓക്‌സിജൻ കിടക്കകളും 0.4 ശതമാനത്തിനുമാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. അതിനാൽ ജനങ്ങളിൽ ആശങ്കയുളവാക്കുന്ന വാർത്തകൾ  ഒഴിവാക്കണം–-മന്ത്രി പറഞ്ഞു.

സർക്കാർ ആശുപത്രികളിൽ ആകെ 3107 ഐസിയു കിടക്കയുണ്ട്‌. ഇതിൽ 43.3 ശതമാനത്തിൽ മാത്രമാണ്‌ കോവിഡ്, കോവിഡിതര രോഗികളുള്ളത്. വെന്റിലേറ്ററിൽ ആകെ 13.1 ശതമാനം മാത്രവും. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ 206 ഐസിയുവിൽ 40എണ്ണം കോവിഡിനായി മാറ്റിവച്ചു.  ഇവിടെ 20 കോവിഡ് രോഗികൾ മാത്രമാണ്‌ ഐസിയുവിലുള്ളത്‌. രോഗികൾ കൂടിയാൽ കോവിഡിതര ഐസിയു ഇതിലേക്ക് മാറ്റും. 

വെന്റിലേറ്ററുകളിലുള്ള രോഗികളും കുറവാണ്. തിരുവനന്തപുരത്ത് കോവിഡ് രോഗികൾക്കായുള്ള 40 വെന്റിലേറ്ററിൽ രണ്ടിൽ മാത്രമാണ് രോഗികളുള്ളത്. കോഴിക്കോട് മാറ്റിവച്ച 52ൽ നാല്‌ കോവിഡ് ബാധിതരാണുള്ളത്. പ്രത്യേക സാഹചര്യത്തിൽ കൂടുതൽ ആരോഗ്യ പ്രവർത്തകരെ നിയമിക്കാൻ നടപടിയും സ്വീകരിക്കുന്നുണ്ട്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top