20 April Saturday

‘കണ്ണാടി’യിൽ തെളിഞ്ഞു; 
ശാന്തയുടെ മുഖവും പാട്ടും

കെ ഡി ജോസഫ്Updated: Monday Jan 24, 2022



കാലടി
അങ്കമാലിയിലെ കാർണിവൽ തിയറ്ററിൽ കുടുംബത്തോടൊപ്പം ‘കണ്ണാടി’ സിനിമ കാണുന്നതിനിടെ ശാന്താ ബാബു സ്വയം നുള്ളിനോക്കി. തിരശ്ശീലയിൽ തെളിഞ്ഞത്‌ സ്വന്തം മുഖംതന്നെയെന്ന്‌ ഉറപ്പിക്കാൻ കുറച്ച്‌ നേരമെടുത്തു. നടുവട്ടം ആണി കമ്പനിയിലെ കാതടപ്പിക്കുന്ന ശബ്ദം കേട്ടും പൊടി ശ്വസിച്ചും ജീവിതം  മുന്നോട്ടുപോകുന്നതിനിടയിൽ കിട്ടിയ അവസരമാണ്‌. സ്വന്തം ശബ്ദത്തിൽ പാടിയ പാട്ടുകൂടി കേട്ടതോടെ സന്തോഷംകൊണ്ട്‌ കണ്ണുകൾ നിറഞ്ഞൊഴുകി. സിനിമ കഴിഞ്ഞ്‌ നാട്ടുകാർ ഹൃദയം തുറന്ന്‌ അഭിനന്ദിച്ചു. പണിസ്ഥലത്ത്‌ ചെന്നപ്പോൾ സഹപ്രവർത്തകരുടെ അഭിനന്ദനപ്രവാഹവും. 

നടുവട്ടം പ്രൊഡക്‌ഷന്റെ ബാനറിൽ ആന്റണി നടുവട്ടം നിർമിച്ച് നവാഗതനായ എ ജി രാജൻ സംവിധാനം  ചെയ്ത ‘കണ്ണാടി’യിലാണ് മലയാറ്റൂർ നടുവട്ടം നവോദയപുരം സ്വദേശി എത്താപ്പിള്ളിവീട്ടിൽ ശാന്താ ബാബു പാടി അഭിനയിച്ചത്. സിദ്ദിഖ് മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തിൽ വിജയരാഘവൻ, സുധീർ കരമന, രാഹുൽ മാധവ്, മാമുക്കോയ, രചന നാരായണൻകുട്ടി, കവിയൂർ പൊന്നമ്മ, സരയു മോഹൻ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സംഗീതസംവിധായകരായ സതീഷ്, വിനോദ് എന്നിവർ ആത്മവിശ്വാസം നൽകിയതിനാൽ പാടാൻ ഭയം തോന്നിയില്ല. മുരുകൻ കാട്ടാക്കട രചിച്ച ‘നന്ദികേശൻ കുലത്തിൽ പിറന്നവർ അന്തിയോളം പണിയെടുക്കേണ്ടവർ’ എന്നു തുടങ്ങുന്ന ഗാനം ഒറ്റദിവസംകൊണ്ടാണ്‌ റെക്കോഡിങ്‌   പൂർത്തിയാക്കിയതെന്നും ശാന്ത. ശാസ്‌ത്രീയമായി അഭ്യസിച്ചില്ലെങ്കിലും സംഗീതം ശ്വാസംപോലെ കൂടെയുണ്ട്‌.

ശാന്ത പാടിയ പാട്ട്‌ അഞ്ചുവർഷംമുമ്പ്‌ മണി അയ്യമ്പുഴ എന്ന എഴുത്തുകാരൻ സമൂഹമാധ്യമത്തിൽ പങ്കുവച്ചതോടെയാണ്‌ ഈ കലാകാരിയെ ആളുകൾ ശ്രദ്ധിച്ചത്‌. അഞ്ച് സംഗീത ആൽബങ്ങളിൽ ശാന്ത പാടിയിട്ടുണ്ട്‌. ഫ്ലവേഴ്സ് ചാനലിലും മീഡിയ വണിലെ കോമഡി പരിപാടിയിലും പങ്കെടുത്തു. ആണി കമ്പനിയിലെ ജോലിയോടൊപ്പം സംഗീതവും കൊണ്ടുപോകണമെന്നാണ് ശാന്തയുടെ ആഗ്രഹം. ഭർത്താവ് ബാബു കർഷകനാണ്. ശ്രുതി ബാബു, ശ്രീക്കുട്ടൻ എന്നിവരാണ്‌ മക്കൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top