28 March Thursday

കെ–-റെയിൽ പ്രതിഷേധം : സർവേക്കല്ലുകൾ പള്ളികളുടെ മുന്നിലിട്ട്‌ 
റീത്തുവച്ചതിൽ പ്രതിഷേധവുമായി വിശ്വാസികൾ

വെബ് ഡെസ്‌ക്‌Updated: Monday Jan 24, 2022


അങ്കമാലി
കെ–-റെയിൽ പദ്ധതിക്കായി പുളിയനം പാടശേഖരത്തിൽ സ്ഥാപിച്ച സർവേക്കല്ലുകൾ കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ പിഴുതെടുത്ത് പള്ളികളുടെ മുന്നിൽ കൂട്ടിയിട്ട് റീത്തുവച്ചത് അവഹേളനമാണെന്ന് ഒരുവിഭാഗം വിശ്വാസികൾ. പള്ളികളുടെ മുന്നിലല്ല റീത്തുവച്ച് പ്രതിഷേധിക്കേണ്ടതെന്നും വിശ്വാസികളിൽ നിന്ന്‌ അഭിപ്രായം ഉയർന്നിട്ടുണ്ട്‌.

റീത്തുകൾ സെമിത്തേരിയിൽ നിന്നെടുത്തതാണെന്ന്‌ അറിഞ്ഞതോടെ വിശ്വാസികളുടെ എതിർപ്പ്‌ കൂടി. മരിച്ചവരോടുകാണിച്ച അനാദരവായാണ് ഈ പ്രവൃത്തിയെ വിശ്വാസികൾ കാണുന്നത്. വിശ്വാസികളിൽ പ്രതിഷേധവും മുറുമുറുപ്പും ഉയർന്നിട്ടുണ്ടെങ്കിലും പള്ളി അധികൃതർ പ്രതികരിച്ചിട്ടില്ല. എളവൂർ താഴത്തെ പള്ളി, കുന്നേൽ പള്ളി എന്നിവയുടെ മുന്നിലും പുളിയനം കവലയിലുമാണ് സർവേക്കല്ലുകൾ കൂട്ടിയിട്ട് റീത്തുവച്ചത്. ഭൂമി വിട്ടുകൊടുക്കേണ്ടവർക്കില്ലാത്ത വിഷമം കോൺഗ്രസുകാർക്ക്‌ എന്തിനെന്ന് ചോദിക്കുന്നവരുമുണ്ട്. കല്ല് പിഴുതുകളയുന്ന വിവരം സ്ഥലമുടമകൾ തന്നെയാണ് പൊലീസിനെ അറിയിച്ചതും.

സോണി മണവാളൻ, പൗലോസ് മേലാപ്പിള്ളി, ജോൺസൻ പരിയത്തകത്തൂട്ട്, സജി വർഗീസ്, മേരി വർഗീസ്, പി ജെ ജോയി പരിയത്തകത്തൂട്ട് എന്നിവരുടെ ഭൂമിയിലാണ് സർവേക്കല്ലുകൾ ഇട്ടിരുന്നത്. ഇവരാരും കോൺഗ്രസിനൊപ്പം ഉദ്യോഗസ്ഥരെ തടയാനും കല്ല് പിഴുതെറിയാനും പോയിട്ടില്ലെന്നതും വിശ്വാസികളുടെ പ്രതിഷേധത്തിന്‌ കാരണമായിട്ടുണ്ട്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top