24 April Wednesday

ട്വന്റി-–-20 അനാസ്ഥ: 
മഴുവന്നൂരിന്‌ നഷ്ടമായത്‌ ഒരുകോടി

എൻ കെ ജിബിUpdated: Monday Jan 24, 2022


കോലഞ്ചേരി
മഴുവന്നൂർ പഞ്ചായത്ത് ഭരണസമിതി അനാസ്ഥമൂലം നഷ്ടമായത്‌ ധനകമീഷൻ ഗ്രാന്റായ ഒരുകോടി രൂപ. ഗ്രാന്റ് ലഭിക്കുന്നതിന് നിയമാനുസൃതം പദ്ധതികൾ തയ്യാറാക്കി ഇ–-ഗ്രാം സ്വരാജ് പോർട്ടലിൽ ഇരുപത്തെട്ടിനകം നൽകണം. ഇതിനെക്കുറിച്ചുള്ള ഉത്തരവ് കഴിഞ്ഞ ഡിസംബറിൽത്തന്നെ ലഭിച്ചിരുന്നു.
എന്നാൽ, ട്വന്റി–--20 ഭരണസമിതിയുടെ പിടിപ്പുകേടുമൂലം സമയബന്ധിതമായി ഇത് നൽകാൻ കഴിയില്ലെന്ന് വന്നതോടെയാണ് ഗ്രാന്റ് നഷ്ടമാകുമെന്ന് ഉറപ്പായത്. പ്രാരംഭമായുള്ള ആസൂത്രണസമിതി, വർക്കിങ് ഗ്രൂപ്പ്, ഗ്രാമസഭാ യോഗങ്ങൾ ചേർന്ന് പഞ്ചായത്ത് ഭരണസമിതിയുടെ അംഗീകാരത്തോടെയാണ് പദ്ധതികൾ തയ്യാറാക്കിനൽകേണ്ടത്. ഇതിനുവേണ്ട ഒരു നടപടിക്രമവും ഭരണസമിതി  ഇതുവരെ സ്വീകരിച്ചിട്ടില്ല.

സംസ്ഥാനത്തെ മുഴുവൻ തദ്ദേശസ്ഥാപനങ്ങളും ധനകമീഷൻ ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികൾ തയ്യാറാക്കി ‘ഇ–-ഗ്രാം സ്വരാജ്' പോർട്ടലിൽ നൽകിത്തുടങ്ങി. എന്നാൽ, മഴുവന്നൂർ പഞ്ചായത്തുമാത്രം ഇതറിഞ്ഞമട്ടില്ല. ഭരണസമിതിയുടെ പിടിവാശിമൂലം പദ്ധതികൾ തയ്യാറാക്കുന്നതിന് ആസൂത്രണസമിതി യോഗംപോലും ചേർന്നിട്ടില്ല. സമിതി അംഗങ്ങളുടെ പേരുവിവരങ്ങൾപോലും പഞ്ചായത്തിൽ ലഭ്യമല്ല.

കഴിഞ്ഞവർഷം പൊലീസ് സംരക്ഷണയിൽ നടന്നുവെന്നു പറയുന്ന യോഗത്തിന്റെ വിവരങ്ങൾ പഞ്ചായത്തുരേഖയിലില്ല. ആസൂത്രണ, വർക്കിങ് ഗ്രൂപ്പ് അംഗങ്ങളുടെ പേരും മറ്റ് വിവരങ്ങളും പലവട്ടം സെക്രട്ടറി ആവശ്യപ്പെട്ടെങ്കിലും നൽകാൻ ഭരണസമിതി തയ്യാറായിട്ടില്ല. ആസൂത്രണസമിതിയുടെ ഉപാധ്യക്ഷൻ  ഉൾപ്പെടെയുള്ള അംഗങ്ങൾ പഞ്ചായത്തിന് പുറത്തുനിന്നുള്ളവരാണ്. ഇവരിൽ പലരും ജില്ലയിൽ താമസിക്കുന്നവർപോലുമല്ല. കഴിഞ്ഞ ഒരുവർഷത്തിനിടയിൽ ഇവരാരും പഞ്ചായത്ത് ഓഫീസിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല.

വാർഡിന്റെ എണ്ണംപോലും അറിയില്ലാത്തവരാണ് പല ആസൂത്രണസമിതി അംഗങ്ങളുമെന്ന് പ്രതിപക്ഷ അംഗങ്ങൾ പറഞ്ഞു. മഴുവന്നൂർ പഞ്ചായത്തിലെ അടിസ്ഥാനവികസനത്തിനും പാവപ്പെട്ട ജനങ്ങൾക്കുള്ള ആനുകൂല്യങ്ങൾക്കുമായി ലഭിക്കേണ്ട ഒരുകോടി രൂപ നഷ്ടപ്പെടുത്തിയ ഭരണസമിതിക്കെതിരെ വരുംദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് പ്രതിപക്ഷ അംഗങ്ങളായ ജോർജ് ഇടപ്പരത്തി, കെ പി വിനോദ് കുമാർ, വി ജോയിക്കുട്ടി, കെ കെ ജയേഷ് എന്നിവർ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top