20 April Saturday

അവര്‌ കരുതിക്കൂട്ടി ചെയ്‌തതല്ലേ, എന്റെ കുഞ്ഞിനെ...

ജസ്‌ന ജയരാജ്‌Updated: Monday Jan 24, 2022

കണ്ണൂർ
‘‘ഒറ്റക്കുത്തിന്‌ അവരെന്റെ കുഞ്ഞിനെ തീർത്തില്ലേ...അത്രയ്‌ക്ക്‌ ആഴത്തിലല്ലേ കത്തി കുത്തിയിറക്കിയത്‌..... അപ്പോത്തന്നെ കുഞ്ഞ്‌ വീണു. ആ നിമിഷം എന്റെ കുഞ്ഞ്‌ അനുഭവിച്ച വേദന....അമ്മേന്ന്‌ വിളിക്കാൻപോലും പറ്റീട്ട്‌ണ്ടാവില്ല... മോനെ എടുത്തോണ്ട്‌ പോയവർ പറഞ്ഞത്‌ അവന്‌ എന്തോ പറയാനുണ്ടായിരുന്നു. ശബ്ദം പുറത്തോട്ട്‌ വന്നില്ലെന്നാണ്‌.. നിങ്ങൾക്ക്‌ വിശ്വസിക്കാൻ പറ്റുന്നുണ്ടോ അവനില്ലാന്ന്‌.... പിന്നെ അമ്മയായ എനിക്കെങ്ങനെ പറ്റും?’’–-  ഉള്ളു ചൂഴ്‌ന്നിറങ്ങിവരുന്ന വേദനയിൽ പുഷ്‌കല  ചോദിക്കുന്ന ചോദ്യങ്ങൾക്ക്‌ ആർക്കാണ്‌ ഉത്തരം നൽകാനാവുക. കണ്ണുനിറഞ്ഞല്ലാതെ ആ അമ്മയുടെ മുന്നിൽ നിൽക്കാനാവില്ല. പറഞ്ഞും കരഞ്ഞും ആശ്വാസത്തിന്റെ തുരുത്തുകൾ തേടുന്ന മാതൃഹൃദയം വീണ്ടും വീണ്ടും ദുഃഖത്തിന്റെ നിലയില്ലാക്കയങ്ങളിലേക്ക്‌ ആഴ്‌ന്നുപോവുകയാണ്‌.

ഇടുക്കി ഗവ. എൻജിനിയറിങ്‌ കോളേജിൽ കെഎസ്‌യു –-യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകർ കുത്തിക്കൊന്ന എസ്എഫ് ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ തളിപ്പറമ്പ്‌ തൃച്ചംബരത്തെ അദ്വൈതമെന്ന വീട്‌ ഓരോ നിമിഷവും  ഓർമകളിൽ അസ്വസ്ഥമാവുകയാണ്‌. ധീരജും അച്ഛൻ രാജേന്ദ്രനും അമ്മ പുഷ്‌കലയും അനുജൻ  അദ്വൈതും ഉണ്ടായിരുന്ന ആ കിളിക്കൂട്ടിലെ സ്വീകരണമുറിയിൽ ധീരജിന്റെ വലിയ ചിത്രം.

‘‘നോക്കിയേ അവൻ ചിരിക്കുന്ന കണ്ടില്ലേ....ഞങ്ങളൊക്കെ ഇവിടെ  കരഞ്ഞ്‌ കരഞ്ഞ്‌ .... ഒരു തെറ്റും ചെയ്യാത്ത എന്റെ കുഞ്ഞിനെ... ഞങ്ങൾക്കില്ലാതാക്കിയില്ലേ....’’ പുഷ്‌കലയുടെ വാക്കുകൾ തേങ്ങലുകളിൽ അലിഞ്ഞ്‌ അവ്യക്തമായി. അച്ഛൻ രാജേന്ദ്രനും  ധീരജിന്റെ ഓർമകളിൽ വിങ്ങി. ‘‘കുഞ്ഞായിരിക്കുമ്പോഴേ പാട്ട്‌ വച്ചാലേ അവൻ അടങ്ങിയിരിക്കൂ. അത്രയും ഇഷ്ടാണ്‌ പാട്ട്‌. വരികൾ പെട്ടെന്ന്‌ പഠിക്കും. ഞാനാണ്‌ ഡ്രൈവിങ്‌ പഠിപ്പിച്ചത്‌. അവസാനം വന്നപ്പോ ലൈസൻസുമായാണ്‌ തിരിച്ചുപോയത്‌. എവിടെ പേരെഴുതുമ്പോഴും അവൻ ധീരജ്‌ രാജേന്ദ്രൻ എന്നേ എഴുതൂ...അത്രയ്‌ക്ക്‌ സ്‌നേഹായിരുന്നു എന്റെ മോന്‌ .... അവനുവേണ്ടി എഴുതിയ താരാട്ടുപാട്ടുകളുടെ പുസ്‌തകത്തിൽ കണ്ണും നട്ട്‌ ആ മനുഷ്യൻ ഇരുന്നു.   ‘‘എന്നിട്ടും ഞങ്ങളെ കുത്തിക്കുത്തി നോവിക്കുകയല്ലേ....സുധാകരൻ എങ്ങനെയാ പറയുവാ ഇരന്ന്‌ വാങ്ങിയെന്ന്‌...അവര്‌ കരുതിക്കൂട്ടി ചെയ്‌തതല്ലേ....അവരെ സംരക്ഷിക്കുമെന്ന്‌ വെല്ലുവിളിക്കുകയല്ലേ ചെയ്‌തത്‌...

അദ്വൈതിനും കോളേജിൽ പോയപ്പോ പ്രയാസമുണ്ടായി. ‘കൊന്നത്‌ പോരാഞ്ഞിട്ട്‌ ചേട്ടന്റെ ചിത്രമുള്ള ബാനർ കീറിക്കളഞ്ഞാൽ അവന്‌ സഹിക്കുമോ ... ഇനി ആ കോളേജിലേക്ക്‌ പോണോ എന്നാണ്‌ അദ്വൈത്‌ ചോദിച്ചത്‌ ’ പുഷ്‌കല പറഞ്ഞു. ഉള്ളിൽ  സങ്കടക്കടൽ ഒതുക്കി അദ്വൈത്‌ അമ്മയുടെ അടുത്തിരുന്നു. ഹൃദയത്തിൽ രക്തം കിനിയുന്ന  മുറിവുമായി  ഈ മൂന്ന്‌ മനുഷ്യർക്ക്‌ ഇനിയുള്ള കാലം ജീവിക്കണം. ഏതുകാലം സുഖപ്പെടുത്തുമെന്നറിയാത്ത മുറിവിന്റെ വേദനയിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top