കൊച്ചി
""സഹോദരൻ അപകടത്തിൽപ്പെട്ട് ആശുപത്രിയിലാണെന്നും ഒപ്പമുള്ള രണ്ടുപേർക്ക് ഒരുനേരത്തെ ഭക്ഷണം എത്തിക്കാനാകുമോയെന്നും ചോദിച്ചാണ് സുഹൃത്ത് വിളിക്കുന്നത്. ആരോടു ചോദിക്കണമെന്ന് അറിയാതിരുന്ന സമയത്താണ് അടുത്തുള്ള ഡിവെെഎഫ്ഐ പ്രവർത്തകനെ വിവരം അറിയിച്ചത്. ഒരുനേരമോ, രണ്ടാഴ്ചയോ അല്ല, നൂറുദിവസം ഉച്ചയ്ക്കും വെെകിട്ടും അവർ ഭക്ഷണം എത്തിച്ചു’’–- നടൻ ടിനി ടോം ഡിവെെഎഫ്ഐ പ്രവർത്തകൻ ആദർശിനെക്കുറിച്ച് പറഞ്ഞ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ വെെറലായിരുന്നു. ടിനി ടോമിന്റെ സുഹൃത്തിന്റെ സഹോദരനും കുടുംബത്തിനുമാണ് അമൃത ആശുപത്രിയിൽ ഡിവെെഎഫ്ഐ നേതൃത്വത്തിൽ നൂറുദിവസം ഭക്ഷണമെത്തിച്ചത്.
ഡിവെെഎഫ്ഐയുടെ കൂട്ടായ പ്രവർത്തനത്തിന്റെ -ഫലമാണ് നൂറുദിവസവും ആശുപത്രിയിൽ ഭക്ഷണം എത്തിക്കാനായതെന്ന് ഇടപ്പള്ളി മേഖലാ വെെസ് പ്രസിഡന്റായ കെ എസ് ആദർശ് പറഞ്ഞു. യൂണിറ്റ് കമ്മിറ്റികൾക്ക് ഓരോ ദിവസവും ചുമതല നൽകിയാണ് മുടങ്ങാതെ ഭക്ഷണം എത്തിച്ചത്. 2020ൽ കോവിഡ് കാലത്താണിത്. ആലുവ ബ്ലോക്ക് കമ്മിറ്റി വഴിയാണ് ഇക്കാര്യം അറിയുന്നത്. ഈ സമയത്ത് കൊല്ലത്തുനിന്ന് സമാനമായ സഹായം ആവശ്യപ്പെട്ട് ഡിവെെഎഫ്ഐ ഇടപ്പള്ളി മേഖലാ സെക്രട്ടറിക്ക് ഫോൺ വന്നിരുന്നു. തുടർന്നാണ് 17 യൂണിറ്റ് കമ്മിറ്റികൾക്ക് ചുമതല നൽകിയത്– ആദർശ് പറഞ്ഞു.
അമ്പതുദിവസം ആദർശ് തന്നെയാണ് ആശുപത്രിയിൽ ഭക്ഷണമെത്തിച്ചത്. ഇടപ്പള്ളി–വടക്കുംഭാഗം സഹകരണ ബാങ്കിൽ സാമൂഹിക പെൻഷൻ വിതരണം ചെയ്യുന്നതും ആദർശാണ്.
വ്യാഴാഴ്ച കുന്നുംപുറം ഗവ. വിഎച്ച്എസ്എസിൽ കോൺഗ്രസ് എംഎൽഎ ടി ജെ വിനോദ് സംഘടിപ്പിച്ച ഗുഡ്മോണിങ് എറണാകുളം പ്രഭാത ഭക്ഷണപരിപാടിയുടെ ഉദ്ഘാടനച്ചടങ്ങിലാണ് ഡിവെെഎഫ്ഐയെ പ്രശംസിച്ച് ടിനി ടോം തന്റെ അനുഭവം പങ്കുവച്ചത്. താനൊരു കോൺഗ്രസുകാരനാണെങ്കിലും ഇക്കാര്യം പറയാതെ വയ്യെന്നും ടിനി പറഞ്ഞിരുന്നു. സ്‌പീക്കർ എ എൻ ഷംസീറാണ് പരിപാടി ഉദ്‌ഘാടനം ചെയ്തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..