കൊച്ചി
തേവര പെരുമാനൂരിൽനിന്ന് രണ്ടുവർഷംമുമ്പ് കാണാതായ ജെഫ് ജോൺ ലൂയീസിനെ ഗോവയിൽ കൊലപ്പെടുത്തിയ കേസിൽ അന്വേഷകസംഘം ഡിഎൻഎ പരിശോധന നടത്തും. ഇതിനായി ജെഫിന്റെ കുടുംബാംഗങ്ങളുടെ രക്തം ശേഖരിച്ചു. കോടതിയിൽ അപേക്ഷ നൽകിയായിരുന്നു നടപടി. രണ്ടുവർഷംമുമ്പ് ഗോവ അൻജുന വാഗത്തോറിലെ കടൽതീരത്തിനടുത്തുള്ള കുന്നിൻപ്രദേശത്തുനിന്ന് ലഭിച്ച അജ്ഞാത മൃതദേഹം ജെഫിന്റേതാണോ എന്ന് ഉറപ്പിക്കാനാണ് ഡിഎൻഎ പരിശോധന. 2021 നവംബറിലാണ് ജെഫിനെ കാണാതായത്. ജെഫ് ജോൺ ലൂയിസിനെ രാവിലെയാണ് കൊലപ്പെടുത്തിയതെന്ന് തെളിവെടുപ്പിനിടെ പ്രതികൾ അന്വേഷകസംഘത്തെ അറിയിച്ചു.
കൊലപാതകത്തിന് രണ്ടാഴ്ചയ്ക്ക് ശേഷം വിവിധയിടങ്ങളിൽ നിന്നായി മൃതദേഹാവശിഷ്ടങ്ങൾ അൻജുന പൊലീസ് കണ്ടെത്തിയിരുന്നു. തിരിച്ചറിയാത്തതിനാൽ അജ്ഞാതമൃതദേഹമെന്ന നിലയിൽ പോസ്‌റ്റുമോർട്ടം നടത്തി മറവ് ചെയ്തു. തെരുവുനായ്ക്കളോ മറ്റോ വികൃതമാക്കിയതിനാലാകും മൃതദേഹം വിവിധ ഭാഗങ്ങളായി ലഭിച്ചതെന്നായിരുന്നു പൊലീസ് നിഗമനം.
ഒന്നാം പ്രതിയായ അനിലും ജെഫും ബിസിനസ് നടത്താൻ പദ്ധതിയിട്ടിരുന്നു. ഇതിന്റെ പേരിൽ വാങ്ങിയ പണം ജെഫ് തിരികെ നൽകാത്തത് ഉൾപ്പെടെയുള്ള വൈരാഗ്യമാണ് അനിലിനെയും കൂട്ടരെയും കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. മൃതദേഹം ഉപേക്ഷിച്ച സ്ഥലത്ത് പ്രതികളായ കോട്ടയം വെള്ളൂർ കല്ലുവേലിൽ വീട്ടിൽ അനിൽ ചക്കോ (28), വയനാട് വൈത്തിരി പാരാലിക്കുന്ന് വീട്ടിൽ ടി വി വിഷ്ണു (25) എന്നിവരുമായി എറണാകുളം സൗത്ത് എസ്‌ഐ എം എസ് ഫൈസലിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..